അടിസ്ഥാന സൗകര്യവികസനം: നിക്ഷേപം കൂട്ടാന്‍ ഒരുങ്ങിപ്പുറപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ സ്വകാര്യ ഫണ്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് ആദായനികുതി ഒഴിവ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡെവലപ്‌മെന്റ് ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് (ഡിഎഫ്‌ഐ) അഞ്ച് വര്‍ഷത്തെ ആദായനികുതി ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് തീരുമാനം. ഇതിനായി ഇന്‍കം ടാക്‌സ് ആക്ട് ഭേദഗതി ചെയ്യുമെന്ന് കേന്ദ്രധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു ദേശീയമാധ്യമത്തോട് വെളിപ്പെടുത്തി. പാര്‍ലമെന്റില്‍ ധനകാര്യ ബില്ല് പാസാക്കുന്ന വേളയിലായിരിക്കും പുതിയ ഭേദഗതിയും പാസാക്കുക.

അടിസ്ഥാന സൗകര്യവികസനത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രൂപം നല്‍കുന്ന നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്‌മെന്റിന് (നാബ്ഫിഡ്) 10 വര്‍ഷത്തെ ആദായ നികുതി ഒഴിവ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതിക്ക് ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായാണ് സ്വകാര്യ വികസന ധനസഹായ സ്ഥാപനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ നികുതി ഒഴിവ് പ്രഖ്യാപിക്കാനുള്ള തീരുമാനം. നാബ്ഫിഡ് രൂപീകരണത്തിനുള്ള ബില്ല് പാര്‍ലമെന്റില്‍ ഉടന്‍ കൊണ്ടുവരും. നാബ്ഫിഡിനു വേണ്ടി നികുതി രഹിത ബോണ്ടുകളായി 5000 കോടി രൂപയുടെ ഫണ്ട് സമാഹരിക്കുമെന്നും നിര്‍മലാ സീതാരാമന്‍ അറിയിച്ചിട്ടുണ്ട്.

111 ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുന്ന 7,000 അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ ദേശീയതലത്തില്‍ നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ ഇതിനാവശ്യമായ വിഭവസമാഹരണത്തിനായാണ് ഡി എഫ് ഐയിലൂടെ മൂലധന സമാഹരണം നടത്തുന്നതിനായി പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. ഖജനാവിന് ബാധ്യതയാകാത്ത വിധത്തില്‍ ബോണ്ട് സമാഹരണത്തിലൂടെയും സ്വകാര്യ സംരംഭകരെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലേക്ക് ആകര്‍ഷിച്ചും പദ്ധതികള്‍ക്ക് വന്‍തോതില്‍ ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് അടക്കമുള്ള മറ്റ് പല ആനുകൂല്യങ്ങളും സ്വകാര്യധനസഹായ സ്ഥാപനങ്ങളെ അടിസ്ഥാന സൗകര്യവികസന മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പുതിയ ബില്ലിന്റെ ചട്ടങ്ങള്‍ക്ക് ആര്‍ ബി ഐ ഉടന്‍ രൂപം നല്‍കും.

അടിസ്ഥാന സൗകര്യ വികസന മേഖലക്കായി രൂപം നല്‍കിയ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐ ഡി ബി ഐ), ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(ഐസിഐസിഐ) എന്നിവ 1990കള്‍ വരെ സജീവമായിരുന്നുവെങ്കിലും ഈ ധനകാര്യ മാതൃക പരാജയമായി മാറുകയായിരുന്നു. എ ഡി ബിയുടെയും വേള്‍ഡ് ബാങ്കിന്റെയും ഫണ്ടുകളും സര്‍ക്കാര്‍ വിഹിതവും മാത്രം ഉപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യവികസന മേഖലയില്‍ പ്രവര്‍ത്തിച്ച ഈ രണ്ടു സ്ഥാപനങ്ങളും പിന്നീട് ബാങ്കുകളായി സ്വയം പരിവര്‍ത്തനം ചെയ്തു. ഇതില്‍ നിന്നും തീര്‍ത്തും വേറിട്ട സംവിധാനത്തിനാണ് നാബ്ഫിഡിലൂടെ കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it