തെരഞ്ഞെടുപ്പ് ഷോക്കില്‍ വിപണി; നിക്ഷേപകര്‍ക്ക് മുന്നോട്ടെന്ത് പ്രതീക്ഷിക്കാം?

തെരഞ്ഞെടുപ്പുകള്‍ എല്ലായ്‌പോഴും വിപണികളില്‍ വലിയ കോളിളക്കം ഉണ്ടാക്കാറുണ്ട്. ഇത്തവണയും അതു തന്നെ സംഭവിച്ചു. ഒരു വ്യത്യാസത്തോടെ. എക്‌സിറ്റ് പോളുകളെ വിശ്വസിച്ച വിപണി തിങ്കളാഴ്ച അമിതമായി ഉയര്‍ന്നു. പിറ്റേന്നു തന്നെ അതും അതിനപ്പുറവും നഷ്ടപ്പെടുത്താന്‍ വേണ്ടിയുള്ള ഒരു കയറ്റം.

ഇന്ത്യന്‍ വിപണിയുടെ മൊത്തം മൂല്യം ഒരവസരത്തില്‍ 40 ലക്ഷം കോടി രൂപ കുറയുന്നതിനാണ് തെരഞ്ഞെടുപ്പ് ഫലം വഴി തെളിച്ചത്. പിന്നീടു നഷ്ടം കുറഞ്ഞു. സെന്‍സെക്‌സ് 6,234 പോയിന്റ് (-8.2%) നഷ്ടപ്പെടുത്തി 70,234 പോയിന്റ് വരെ വ്യാപാരത്തിനിടയില്‍ താണു. നിഫ്റ്റി 1,900 ലധികം പോയിന്റ്
(-8.5%)
നഷ്ടപ്പെടുത്തി 21,281 വരെ താഴ്ന്നു.

നയങ്ങളിൽ സ്വാതന്ത്ര്യം നഷ്ടമാകുമ്പോള്‍

വിപണിയുടെ ഇടിവും ചാഞ്ചാട്ടവും ഭരണസ്ഥിരതയെപ്പറ്റിയുള്ള ആശങ്കയുടെ അടിസ്ഥാനത്തിലാണ്. ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ല. ടി.ഡി.പി, ജെ.ഡി.യു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കിയാലേ നരേന്ദ്ര മോദിക്കു ഭരണം സാധ്യമാകൂ. കൂറുമാറുന്നതിനു പ്രത്യേക മടിയൊന്നും ഇല്ലാത്തവരാണ് ചന്ദ്രബാബു നായിഡുവും നിതിഷ് കുമാറും. അവരുടെ പിന്തുണയിലുള്ള ഭരണത്തിന് ഏറെ കാര്യങ്ങളില്‍ വിട്ടുവീഴ്ച നടത്തേണ്ടിവരും. അതു ഭരണത്തിന്റെ കാര്യക്ഷമതയെ ബാധിക്കും. കഴിഞ്ഞ 10 വര്‍ഷം നരേന്ദ്ര മോദിക്ക് ഘടക കക്ഷികളെ ആശ്രയിക്കേണ്ട കാര്യമില്ലായിരുന്നു. മോദിയും ബി.ജെ.പിയും തീരുമാനിക്കുന്ന കാര്യങ്ങള്‍ അതേപടി നടത്താമായിരുന്നു. ഇനി അതാകില്ല നില. ഇതു വൈദ്യുതി മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെ വിവിധ മേഖലകളിലെ നയങ്ങള്‍ നടപ്പാക്കാനും പരിഷ്‌കാരം ഉറപ്പാക്കാനും തടസമാകും.

പൊതുമേഖലയ്ക്കും തിരിച്ചടി
പൊതുമേഖലാ വ്യവസായങ്ങള്‍ക്കു മോദിയുടെ രണ്ടാം മന്ത്രിസഭ വലിയ പിന്തുണ നല്‍കിയതാണ്. അവയ്ക്കു കൂടുതല്‍ കരാറുകള്‍ നല്‍കി. ഒപ്പം വലിയ പ്രവര്‍ത്തന സ്വാതന്ത്ര്യവും കൊടുത്തു. കൂടുതല്‍ ലാഭം ഉണ്ടാക്കുക എന്ന ഡിമാന്‍ഡ് മാത്രമേ ഗവണ്മെന്റില്‍ നിന്ന് ഉണ്ടായുള്ളു. അതു കമ്പനികളുടെ റിസല്‍ട്ടില്‍ ദൃശ്യമായി. ഓഹരിവില കുതിച്ചുകയറി. ഇന്നു റിസല്‍ട്ടു വന്നതിനെ തുടര്‍ന്ന് പൊതുമേഖലാ കമ്പനികള്‍ക്കു വലിയ തകര്‍ച്ച നേരിട്ടത് ഈ പശ്ചാത്തലത്തിലാണ്. പി.എസ്.യു ബാങ്ക് സൂചിക 13.6 ശതമാനവും കേന്ദ്ര പൊതുമേഖലാ സ്ഥാപന സൂചിക 16 ശതമാനവും ഇടിഞ്ഞു.
ഇതിനര്‍ഥം ഈ സ്ഥാപനങ്ങള്‍ക്കു വരുംകാല വളര്‍ച്ചയും ലാഭവും കുറയുമെന്നല്ല. അടുത്തു വരുന്ന ഗവണ്മെന്റ് ഇവയെ അവഗണിക്കുമെന്നോ ഇവയുടെ ലാഭം കവരുമെന്നോ അര്‍ഥമില്ല. അത്രയും ആഴത്തിലേക്ക് പോകാത്ത ക്ഷിപ്ര പ്രതികരണമാണു വിപണി നടത്തിയത്. ബാങ്ക്, പ്രതിരോധം, ഊര്‍ജം, ഇന്ധനം, പവര്‍ ഫിനാന്‍സ് മേഖലകളില്‍ ഉണ്ടായ വലിയ വില്‍പന സമ്മര്‍ദവും തകര്‍ച്ചയും വരും ദിവസങ്ങളില്‍ ആ ഓഹരികള്‍ കൂടുതല്‍ തകരും എന്ന് സൂചിപ്പിക്കുന്നില്ല. മറിച്ച് ആ ഓഹരികള്‍ കൂടുതല്‍ വേഗം തിരിച്ചു കയറാനാണ് അവസരമൊരുക്കുക.
വിപണി എങ്ങോട്ട്?
വിപണി തകര്‍ച്ച വ്യവസായ-വാണിജ്യ മേഖലകളോ കയറ്റുമതി മേഖലയോ ഇടിയും എന്ന കണക്കുകൂട്ടലില്‍ ഉള്ളതല്ല. ജി.ഡി.പി വളര്‍ച്ച താഴുമെന്ന ആശങ്കയും വിപണി പ്രകടിപ്പിച്ചിട്ടില്ല. ഭരണകൂടത്തിന്റെ പ്രത്യേക താല്‍പര്യവും ശ്രദ്ധയും ഉണ്ടായിരുന്ന മേഖലകളെ മാത്രമാണു തകര്‍ച്ച ബാധിച്ചത്. അദാനി ഗ്രൂപ്പ് ഓഹരികള്‍ 22 ശതമാനം വരെ ഇടിഞ്ഞതു ഗ്രൂപ്പ് സാരഥികള്‍ക്കു സര്‍ക്കാരുമായുള്ള ബന്ധത്തില്‍ മാത്രമാണ്.
അടുത്ത മന്ത്രിസഭ വേണ്ടത്ര സാമ്പത്തികവളര്‍ച്ച ഉറപ്പാക്കാന്‍ പറ്റുന്നതാവില്ല എന്ന ആശങ്ക ചില പാശ്ചാത്യ നിക്ഷേപ ബാങ്കുകള്‍ പ്രകടിപ്പിക്കുന്നുണ്ട്. അതിന്റെ പ്രതികരണം വരുന്ന ദിവസങ്ങളില്‍ കാണാനാകും. ഇന്നത്തെ തകര്‍ച്ചയില്‍ നിന്നു വിപണി പെട്ടെന്നു തിരിച്ചു കയറിയെന്നു വരില്ല. എന്നാല്‍ സാവധാനം വിപണി ഇതിനെയും മറികടക്കും. 2004 ല്‍ 20 ശതമാനത്തിലധികം ഇടിഞ്ഞ വിപണി മൂന്നു വര്‍ഷത്തിനകം ഇരട്ടിയിലധികം ഉയരത്തില്‍ എത്തി. ഇത്തവണയും അതേ പോലൊരു തിരിച്ചു വരവ് ദീര്‍ഘകാല നിക്ഷേപകര്‍ക്കു പ്രതീക്ഷിക്കാം. ഹ്രസ്വകാല താല്‍പര്യക്കാര്‍ക്കു വരുന്ന ആഴ്ചകള്‍ വളരെ വേദനാജനകമായിരിക്കും എന്നും കരുതാം.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക.)

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it