2024 ല്‍ നരേന്ദ്ര മോദിയുടെ തുറുപ്പ് ചീട്ട് കുടിവെള്ളമാകുമോ?

രാജ്യത്തെ മൊത്തം ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന 3.6 ലക്ഷം കോടി രൂപയുടെ ബൃഹദ് പദ്ധതിക്ക് കേന്ദ്രം രൂപം നല്‍കി. ഗ്രാമീണ മേഖലയിലെ 19.2 കോടി വീടുകളില്‍ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ പൈപ്പു വഴിയുള്ള കുടി വെള്ളം എത്തിക്കാന്‍ ജല ജീവന്‍ മിഷന്‍ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2024ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ആകര്‍ഷണമായി ഉയര്‍ത്തിക്കാട്ടുന്നതിനുള്ള നിലയിലാണ് പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ ബ്ലൂംബര്‍ഗ് ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇന്ത്യയിലെ മൊത്തം 7 കോടി വീടുകളിലാണ് കുഴല്‍ വഴിയുള്ള കുടിവെള്ളം ഇപ്പോള്‍ ലഭ്യം.

കുടി വെള്ളത്തിന്റെ വിഷയം വേണ്ട രീതിയില്‍ പരിഹരിക്കാത്ത പക്ഷം ത്വരിതഗതിയിലുള്ള സാമ്പത്തികസാമൂഹിക വികാസമെന്ന ലക്ഷ്യത്തിന് തടസ്സമാവുമെന്ന് ജല ജീവന്‍ മിഷന്റെ മേധാവി ഭരത് ലാല്‍ അഭിപ്രായപ്പെട്ടു. ജലവിഭവ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രത്യേക ഡിവിഷനായ മിഷന്റെ ചുമതല കുഴല്‍ വഴിയുള്ള കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുകയാണ്.

വെള്ളത്തിന്റെ ലഭ്യത ഗൗരവമായ രാഷ്ട്രീയ വിഷയമായി മാറുമെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം ഈ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ഉപദേശക സ്ഥാപനമായ നീതി ആയോഗിന്റെ 2018ലെ റിപ്പോര്‍ട്ട്് പ്രകാരം 2030ഓടെ ജലലഭ്യതയുടെ ഇരട്ടിയാവും ആവശ്യകതയെന്നും അത് കടുത്ത ജലക്ഷാമത്തിന് ഇടവരുത്തുമെന്നും വ്യക്തമാക്കുന്നു.
ചരിത്രത്തിലെ ഏറ്റവും കടുത്ത ജലപ്രതിസന്ധിയാണ് ഇന്ത്യ അഭിമുഖീരിക്കുന്നതെന്നും കോടിക്കണക്കിന് ആളുകള്‍ അതിന്റെ തിക്തഫലം അനുഭവിക്കുകയാണെന്നും റിപ്പോര്‍ട്ട്് ചൂണ്ടിക്കാട്ടി.

ജല ജീവന്‍ മിഷന്‍ പ്രകാരം വ്യക്തിക്ക് ദിവസം 55 ലിറ്റര്‍ വെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പുതിയ പൈപ്പ് ശൃംഖലകള്‍ സ്ഥാപിച്ചും, നിലവിലുളളവ നവീകരിച്ചും ലക്ഷ്യം നേടാന്‍ പദ്ധതി വിഭാവന ചെയ്യുന്നു. നദീതടങ്ങളില്‍ നിന്നും ഭൂഗര്‍ഭ ജലം സംഭരിക്കുന്നതിനും, തീരപ്രദേശങ്ങളില്‍ ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

വെള്ളത്തിന്റെ ഉപഭോഗം കൂടുന്നതിന് അനുസരിച്ച് ലഭ്യത ഉയരുന്നില്ല എന്നതാണ് പദ്ധതി നേരിടാന്‍ സാധ്യതയുള്ള പ്രധാന വെല്ലുവിളി. ഭൂഗര്‍ഭജലം ഏറ്റവും കൂടുതല്‍ വിനിയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. ചൈനയും, അമേരിക്കയും സംയുക്തമായി ഉപയോഗിക്കുന്ന അളവില്‍ ഇന്ത്യ ഭൂഗര്‍ഭ ജലം ഇപ്പോള്‍ വിനിയോഗിക്കുന്നു.

ഉപഭോഗത്തിന്റെ ഈ വര്‍ധന കാരണം ഭൂഗര്‍ഭജലത്തിന്റെ അളവില്‍ 2007 - 17 കാലത്തിനുള്ളില്‍ 61 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി 2019 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. സ്വച്ഛ ഭാരത മിഷന്‍, പാചക വാതകം, വൈദ്യുതി കണക്ഷന്‍ എന്നിവ പോലെ കുടി വെള്ളവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ അജന്‍ഡയാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മോദി ഭരണകൂടം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it