കൊറിയയില്‍ കെട്ടിക്കിടക്കുന്നത് ഇന്ത്യക്കുള്ള 15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ; ഏറ്റെടുക്കാന്‍ മടിച്ച് ഇന്ത്യ

ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുമായി ദക്ഷിണ കൊറിയന്‍, മലേഷ്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 12 എണ്ണക്കപ്പലുകള്‍. മൊത്തം 15 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് (ക്രൂഡോയില്‍) ഇരു രാജ്യങ്ങളിലുമായി കെട്ടിക്കിടക്കുന്നത്.
മുന്‍ മാസങ്ങളില്‍ ഇന്ത്യക്ക് അനുവദിച്ചിരുന്ന ഡിസ്‌കൗണ്ട് റഷ്യ വെട്ടിയതോടെയാണ് എണ്ണ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറാകാത്തതെന്ന് സൂചനകളുണ്ട്. കഴിഞ്ഞമാസങ്ങളില്‍ റഷ്യയുടെ യുറാല്‍ (Ural) ക്രൂഡോയിലാണ് ഇന്ത്യ ഡിസ്‌കൗണ്ട് നിരക്കില്‍ വാങ്ങിയിരുന്നത്. ഇതിനേക്കാള്‍ ബാരലിന് 2-3 ഡോളര്‍ അധികവിലയുള്ളതാണ് ഇപ്പോള്‍ മലേഷ്യയിലും കൊറിയയിലുമായി കെട്ടിക്കിടക്കുന്ന സൊക്കോല്‍ (Sokol) ക്രൂഡോയില്‍. ഉയര്‍ന്ന വില നല്‍കി സൊക്കോല്‍ ഏറ്റെടുക്കുന്നത് കനത്ത സാമ്പത്തിക ബാധ്യതയാകുമെന്ന് വിലയിരുത്തിയാണ് ഇന്ത്യന്‍ കമ്പനികള്‍ മുഖംതിരിക്കുന്നത്.
ഉയര്‍ന്ന വില തിരിച്ചടി
ജി7 (G7) രാഷ്ട്രങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരമാവധി വിലയേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ സൊക്കോല്‍ എണ്ണ വിലയുള്ളത്. ഇത് സൊക്കോല്‍ വാങ്ങുന്നതിന് തിരിച്ചടിയാണെന്ന് ഇന്ത്യയുടെ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിട്ടുള്ളതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജി7 നിശ്ചയിച്ചതിലധികം വിലയുള്ളതിനാല്‍ സൊക്കോല്‍ വാങ്ങല്‍ ഇടപാടുകള്‍ക്ക് പണം ലഭ്യമാക്കാന്‍ ബാങ്കുകളും മടിക്കുന്നുണ്ട്.
ലോകത്ത് ഏറ്റവുമധികം സൊക്കോല്‍ എണ്ണ വാങ്ങിയിരുന്ന രാജ്യമാണ് ഇന്ത്യ. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ 10 ശതമാനം സൊക്കോല്‍ ആയിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it