ഒടുവില്‍, സൗദി അറേബ്യയും തുറന്നു മദ്യശാല; ആദ്യ സ്റ്റോര്‍ റിയാദില്‍, വില്‍പന ചില വിഭാഗക്കാര്‍ക്ക് മാത്രം

അരനൂറ്റാണ്ടിലേറെ നീണ്ട വിലക്കുകള്‍ക്ക് വിലങ്ങിട്ട് ഒടുവില്‍ സൗദി അറേബ്യയും തുറന്നു മദ്യ വില്‍പനശാല. ആദ്യ സ്റ്റോര്‍ രാജ്യതലസ്ഥാനമായ റിയാദില്‍ ആരംഭിച്ചുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ലാമിക തത്വങ്ങളില്‍ അടിയുറച്ച് നിലകൊള്ളുന്ന രാജ്യമായ സൗദി അറേബ്യ മദ്യത്തെ നിഷിദ്ധമായാണ് കണ്ടിരുന്നത്. എന്നാല്‍, എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാൻ രാജകുമാരന്റെ നടപടികളുടെ ഭാഗമായാണ് രാജ്യത്ത് മദ്യ വില്‍പനശാലയ്ക്കും തുടക്കമിടുന്നതെന്ന് റോയിട്ടേഴ്‌സിന്റേത് അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
1952 വരെ സൗദിയില്‍ മദ്യം ലഭിച്ചിരുന്നുവെന്നും തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. നിലവില്‍, ലോകത്തെ ഏറ്റവും വലിയ ക്രൂഡോയില്‍ ഉത്പാദക, കയറ്റുമതി രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയുടെ സാമ്പത്തിക വരുമാനത്തില്‍ 75 ശതമാനവും സംഭാവന ചെയ്യുന്നത് ക്രൂഡോയില്‍ തന്നെയാണ്.
ക്രൂഡോയില്‍ വില കൊവിഡ് കാലയളവില്‍ ബാരലിന് 20 ഡോളര്‍ നിലവാരത്തിലേക്ക് കൂപ്പുകുത്തിയ പശ്ചാത്തലത്തില്‍ മറ്റ് വരുമാന മാര്‍ഗങ്ങളും ശക്തിപ്പെടുത്തണമെന്ന ചിന്തകളുടെ ഭാഗമായി സൗദി രാജ്യത്ത് ടൂറിസത്തിനും തുടക്കമിട്ടിരുന്നു. ഇപ്പോള്‍ സൗദിയുടെ ജി.ഡി.പിയില്‍ 4-5 ശതമാനമാണ് ടൂറിസത്തിന്റെ പങ്ക്. 2025ഓടെ ഇത് 9-10 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍.
വിവിധ രാജ്യങ്ങളിൽ അടിസ്ഥാനസൗകര്യ വികസന മേഖല,​ ഓഹരി-കടപ്പത്ര വിപണികൾ എന്നിവിടങ്ങളിൽ നിക്ഷേപം നടത്തിയും സൗദി അറേബ്യ വരുമാന വൈവിദ്ധ്യവത്കരണം നടപ്പാക്കുന്നുണ്ട്.
വിഷന്‍ 2030യുടെ ഭാഗമായ തീരുമാനം; ടൂറിസത്തിന് കുതിപ്പേകും
രാജ്യത്ത് ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്നതിന്റെ ഭാഗമായാണ് മദ്യ വില്‍പനശാലയും ആരംഭിക്കുന്നത്. 2023ല്‍ സൗദിയിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 156 ശതമാനം വളര്‍ച്ചയുണ്ടെന്നാണ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ കണക്ക്.
എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള 'വിഷന്‍ 2030' എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മദ്യശാലകള്‍ ഉള്‍പ്പെടെ തുറന്ന് ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. സിനിമാ തിയേറ്ററുകള്‍ക്കുള്ള വിലക്കുകളും മാറ്റിയ സൗദി ഇപ്പോള്‍ ചലച്ചിത്ര മേഖലയുടെയും ആസ്വാദകരുടെയും പ്രിയകേന്ദ്രമായും വളരുകയാണ്.
എല്ലാവര്‍ക്കും കിട്ടില്ല മദ്യം!
അമുസ്ലീങ്ങളായ വിദേശ നയതന്ത്രജ്ഞന്മാരെ (non-Muslim diplomats) ലക്ഷ്യമിട്ടാണ് നിലവില്‍ സൗദി അറേബ്യ മദ്യശാല ആരംഭിച്ചിരിക്കുന്നത്. മദ്യം വേണ്ടവര്‍ ഡിപ്ലോ (Diplo) എന്ന മൊബൈല്‍ ആപ്പ് വഴി വിദേശകാര്യ മന്ത്രാലയത്തില്‍ അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ ക്വാട്ടയായി മദ്യം അനുവദിക്കും. 21 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കേ മദ്യം അനുവദിക്കൂ.
റിയാദില്‍ വിവിധ രാജ്യങ്ങളുടെ എംബസികളുള്ളതും നിരവധി വിദേശികളുള്ളതുമായ പ്രദേശത്താണ് മദ്യശാല തുറന്നത്. നിലവില്‍ ഡിപ്ലോമാറ്റിക് ചാനലുകളിലൂടെയും കരിഞ്ചന്ത വഴിയും സൗദിയില്‍ മദ്യം വില്‍ക്കപ്പെടുന്നുണ്ട്.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)​
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it