തെരഞ്ഞെടുപ്പും ട്വന്റി 20യുടെ ഉള്ളിലിരുപ്പും

ട്വന്റി 20ക്കും സാബു എം ജേക്കബിനും എന്റെ കട്ടസപ്പോര്‍ട്ട്. വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഈ തുറന്നുപറച്ചില്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. കിഴക്കമ്പലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്ന - കിറ്റെക്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 2016ല്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത ട്വന്റി 20, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തിലെ ഭരണം മൃഗീയഭൂരിപക്ഷത്തോടെ നിലനിര്‍ത്തുകയും കിഴക്കമ്പലത്തിനോട് അടുത്തുള്ള ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ മുഖ്യധാര രാഷ്ട്രീയത്തിലെ മൂന്നുമുന്നണികളെയും നിഷ്പ്രഭമാക്കി ഭരണം പിടിച്ചെടുക്കുകയും വെങ്ങോല പഞ്ചായത്തില്‍ നിര്‍ണായക സ്വാധീനം നേടിയെടുക്കുകയും ചെയ്തു.

മുഖ്യധാര രാഷ്ട്രീയക്കാരില്‍ നിന്ന് ഭിന്നമായി വികസനം, ജനക്ഷേമം തുടങ്ങിയ കാര്യങ്ങളാണ് ട്വന്റി 20യുടെ ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററുമായ സാബു എം ജേക്കബ് സംസാരിക്കുന്നതെന്നും തന്റെ 70 വയസ്സിനിടെ സാബുവിന്റെ സംസാരം പോലെ മറ്റൊന്ന് കേട്ടിട്ടില്ലെന്നായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫേസ്ബുക്കില്‍ കുറിച്ചത്. ഫെബ്രുവരി ഏഴിന് എറണാകുളം ജില്ലയില്‍ ഓണ്‍ലൈനായി അംഗത്വ കാംപെയ്ന്‍ ട്വന്റി 20 ആരംഭിച്ചപ്പോള്‍ ജനങ്ങളില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ട്വന്റി 20 നേതൃത്വം പോലും പ്രതീക്ഷിക്കാത്ത വിധം ജനങ്ങള്‍ വെബ്‌സൈറ്റ് സന്ദര്‍ശിപ്പോള്‍ പലവട്ടം സാങ്കേതിക പ്രശ്‌നങ്ങള്‍ പോലുമുണ്ടായി!

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 മത്സരിക്കുന്ന മണ്ഡലങ്ങളെയും ആ പാര്‍ട്ടിയിലേക്ക് വരുന്നവരെയും കുറിച്ചൊക്കെ ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് കമ്പനി നേതൃത്വം നല്‍കുന്ന അരാഷ്ട്രീയ കൂട്ടായ്മയാണ് ട്വന്റി 20 എന്ന പ്രചരണവും ശക്തം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ട്വന്റി 20 കാഴ്ചവെച്ച പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമോ? എന്താണ് ട്വന്റി 20യുടെ ഉള്ളിലിരുപ്പ്. സാബു എം ജേക്കബ് മനസ്സ് തുറക്കുന്നു.
ഞങ്ങള്‍ ജനങ്ങളുടെ പ്രതികരണം അറിയാന്‍ ശ്രമിക്കുന്നു
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു നിയമസഭാ സീറ്റില്ലെങ്കിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന് ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്നു. ട്വന്റി 20യുടെ ആശയം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണിത്. എന്നാല്‍ മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും പ്രവര്‍ത്തനത്തിനുമുള്ള സമയപരിമിതി കണക്കിലെടുത്ത് ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ അംഗത്വ കാംപെയ്ന്‍ നടത്തി ജനങ്ങളുടെ പ്രതികരണം അറിയാമെന്ന തീരുമാനത്തിലെത്തി. ഫെബ്രുവരി ഏഴിന് ആരംഭിച്ച ഓണ്‍ലൈന്‍ ക്ാംപെയ്‌നിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രതീക്ഷിക്കാത്ത വിധം ട്രാഫിക്ക് ഉണ്ടായപ്പോള്‍ വെബ്‌സൈറ്റ് സാങ്കേതികപ്രശ്‌നങ്ങള്‍ കാണിച്ചിരുന്നു. അത് പരിഹരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നു.
ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തില്ല
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഭിന്നമായ കാഴ്ചപ്പാടാണ് ട്വന്റി 20യുടേത്. ഞങ്ങളുടെ പിതാവ്, അന്ന - കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകന്‍ എം സി ജേക്കബിന്റെ വീക്ഷണമാണ്, കോര്‍പ്പറേറ്റ് സ്ഥാപനം വളരുന്നതിനൊപ്പം ആ നാടും അവിടത്തെ ജനങ്ങളുടെ ജീവിതനിലവാരവും മെച്ചപ്പെടണമെന്നത്. 2012ല്‍ അതിനുള്ള പദ്ധതി ആസൂത്രണം ചെയ്തപ്പോള്‍, പ്രാവര്‍ത്തികമായി വരാന്‍ ഏഴെട്ട് വര്‍ഷം പിടിക്കുമെന്നതുകൊണ്ടാണ് ട്വന്റി 20 എന്ന കാഴ്ചപ്പാട് കൊണ്ടുവന്നത്. പക്ഷേ ആ പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ ഒട്ടനവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ഞാനൊരു രാഷ്ട്രീയക്കാരനല്ല. സാഹചര്യങ്ങള്‍ എന്നെയും എന്റെ പ്രസ്ഥാനത്തെയും ഇങ്ങനെ ആക്കിയതാണ്. ട്വന്റി 20 പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ത്തി വിജയിപ്പിച്ച സ്ഥാനാര്‍ത്ഥികളില്‍ 65 ശതമാനം പേര്‍ ബിരുദാനന്തര ബിരുദധാരികളാണ്. 35 ശതമാനം പേര്‍ ബിരുദധാരികളാണ്. അഞ്ചു ശതമാനം പേര്‍ ടെക്‌നിക്കല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്ന ശൈലിയല്ല ട്വന്റി 20യുടേത്. അധികാരം, പണം, സ്ഥാനമാനങ്ങള്‍ ഇവ മോഹിച്ച് ആരും ട്വന്റി 20 യിലേക്ക് വരേണ്ടതില്ല. ജനങ്ങളെ സേവിക്കുക എന്ന രാഷ്ട്രീയമുള്ള റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍, വ്യവസായ പ്രമുഖര്‍, പി എച്ച്ഡി പോലുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതയും പശ്ചാത്തലവുമുള്ളവര്‍, കലാ - കായിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന വിജയം കൊയ്തവര്‍ തുടങ്ങിയ മികച്ച വ്യക്തിത്വങ്ങളെയാകും ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുക.
ആ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല
കുന്നത്തുനാട്, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ ട്വന്റി 20 മത്സരിക്കുമെന്നത് ഊഹാപോഹമാണ്. ഇങ്ങനെ മണ്ഡലങ്ങളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞങ്ങള്‍ സര്‍വേ നടത്തുകയാണ്. ഓരോ നിയോജക മണ്ഡലത്തിലെയും ജനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷം, മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയാല്‍ തീര്‍ച്ചയായും മത്സര രംഗത്തുണ്ടാകും.
അരാഷ്ട്രീയ കൂട്ടായ്മയല്ല, ഉള്‍പാര്‍ട്ടി ജനാധിപത്യമുണ്ട്
ഇതൊരു ഏകാധിപതിയുടെ കീഴിലുള്ള രാഷ്ട്രീയ പാര്‍ട്ടിയല്ല. ട്വന്റി 20യുടെ പ്രവര്‍ത്തനശൈലി അറിയാത്തവര്‍ ആരോപണങ്ങള്‍ പലതും ഉയര്‍ത്തുന്നുണ്ട്. പഞ്ചായത്തിലെ ഓരോ വാര്‍ഡും ആ വാര്‍ഡിലെ ഓരോ കുടുംബത്തെയും ഉള്‍ക്കൊള്ളിച്ചുള്ള സംഘടനാശൈലിയാണ് ഞങ്ങളുടേത്. ട്വന്റി 20യുടെ വാര്‍ഡ് തല സമിതിയില്‍ ആ വാര്‍ഡിലെ നാലില്‍ ഒരു ഭാഗം കുടുംബങ്ങള്‍ക്കും പ്രാതിനിധ്യം കാണും. പഞ്ചായത്ത് തല സമിതിയില്‍ 2000ത്തിലേറെ അംഗങ്ങളുണ്ട്. കേരളത്തിലെ കേഡര്‍ പാര്‍ട്ടികളുടെ പ്രാദേശിക സമിതികളില്‍ പോലും കാണില്ല ഇത്രമാത്രം വിപുലമായ, താഴെത്തട്ടില്‍ വരെയുള്ള ജനങ്ങളുടെ പ്രാതിനിധ്യം. ഇവിടെ ജനാധിപത്യരീതിയില്‍ അല്ലാതെ പ്രവര്‍ത്തിക്കാനാവില്ല. ട്വന്റി 20 വോട്ട് വിലക്കെടുക്കുന്നില്ല.
രക്ഷപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചാല്‍ ഒപ്പമുണ്ടാകും
നിലവിലെ രാഷ്ട്രീയ - സാമൂഹ്യ വ്യവസ്ഥകളോട് അമര്‍ഷമുള്ള ജനങ്ങളുണ്ട്. മുന്നണികള്‍ സമാനമായ അഴിമതിയും അക്രമവും കാണിക്കുന്നതിന് അവരെ കുറ്റപറഞ്ഞതുകൊണ്ട് കാര്യമില്ല. മാറ്റം വേണമെങ്കില്‍ ജനങ്ങള്‍ പ്രതികരിക്കണം. അനീതിക്കും അക്രമത്തിനുമെതിരെ ശബ്ദമുയര്‍ത്തണം. ബദല്‍ മാതൃക സാധ്യമാണെന്ന് സ്വന്തം പ്രവര്‍ത്തനത്തിലൂടെ കാണിക്കണം. ഞാന്‍ അതിനാണ് ശ്രമിക്കുന്നത്. എനിക്ക് സാധിക്കുന്നതുപോലെ ശ്രമിച്ചുകൊണ്ടേയിരിക്കും. കേരളത്തിലെ യുവതലമുറ ഇവിടെ തന്നെ തൊഴില്‍ ലഭിച്ച്, ഇവിടെ തന്നെ ജീവിതം നയിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, രക്ഷപ്പെടാന്‍ മോഹമുണ്ടെങ്കില്‍ ആ ജനങ്ങള്‍ക്കൊപ്പം ട്വന്റി 20 ഉണ്ടാകും. അതല്ല മറിച്ചാണ് ജനാഭിലാഷമെങ്കില്‍ എനിക്ക് ഒന്നും ചെയ്യാനില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it