Begin typing your search above and press return to search.
ടെസ്‌ല നേരത്തെ ഇങ്ങെത്തുമോ? ഇന്ത്യന്‍ വിപണി വെച്ചുനീട്ടുന്ന നേട്ടങ്ങള്‍ ഏറെ
ഇന്ത്യയിലേക്കുള്ള വരവ് അവസാന നിമിഷം ഇലോണ്‍ മസ്‌ക് വേണ്ടെന്നുവെച്ചതും ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനം ഇനിയും വൈകാനിടയുണ്ടെന്നതും രാജ്യത്തെ ടെസ്‌ല പ്രേമികളെ ഒട്ടൊന്നുമല്ല നിരാശപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരും ഓട്ടോ ആരാധകരും രാജ്യത്തെക്കുള്ള ടെസ്‌ലയുടെ കിടിലന്‍ കടന്നുവരവിനെയാണ് ഉറ്റുനോക്കുന്നത്. വളരെ വലിയ നിക്ഷേപം, ഇന്ത്യക്കാര്‍ക്കായി താങ്ങാവുന്ന വിലയുള്ള ടെസ്ല കാര്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഈ കടന്നുവരവിന്റെ ഭാഗമായി ഉണ്ടാവുമെന്ന് ഏവരും കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം, എപ്പോള്‍ ടെസ്‌ല ഇന്ത്യയില്‍ എത്തുമെന്നാണ്.
തന്ത്ര മാറ്റത്തിന് കാരണം
ടെസ്‌ല തങ്ങളുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയതിന് നിരവധി കാരണങ്ങളുണ്ട്. സമീപകാലത്ത് ടെസ്‌ലയുടെ ഓഹരി വില ഏതാണ്ട് 40 ശതമാനം ഇടിഞ്ഞിരുന്നു. കമ്പനിയുടെ ഉത്പാദനവും വില്‍പ്പനയും താഴ്ന്നു. ലാഭം കുത്തനെ ഇടിഞ്ഞു.
താങ്ങാവുന്ന വിലയുള്ള ചൈനീസ് വൈദ്യുതവാഹനങ്ങളില്‍ നിന്നുള്ള കടുത്ത മത്സരം വിപണികളിലേക്കുള്ള ടെസ്‌ലയുടെ കടന്നുകയറ്റത്തിന് തടയിട്ടു. ആഗോളതലത്തില്‍ 10 ശതമാനം ജീവനക്കാരെ ടെസ്ല പിരിച്ചുവിട്ടു.
ഇത്തരമൊരു സാഹചര്യത്തില്‍, പുതിയ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനേക്കാള്‍ നിലവിലുള്ള ഉത്പാദന ശേഷി പരമാവധി വിനിയോഗിച്ചുകൊണ്ട് കൂടുതല്‍ അഫോര്‍ഡബ്ള്‍ ആയ മോഡലുകള്‍ വിപണിയിലിറക്കാനാകും മസ്‌ക് ശ്രമിക്കുക. ടെസ്ലയുടെ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ വിപണി ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ചൈനയിലേക്ക് മസ്‌ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനം, ചൈനയില്‍ നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കാനുള്ള മസ്‌കിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ സൂചനയാണ്.
ഈ വെല്ലുവിളികളെല്ലാം ഉണ്ടെങ്കിലും, ഉയരുന്ന ചോദ്യങ്ങള്‍ പലതാണ്. ഇന്ത്യയിലേക്കുള്ള വരവ് നീട്ടിവെയ്ക്കുന്നത് ടെസ്‌ലയ്ക്ക് താങ്ങാനാവുമോ? നിലവിലെ വിപണികളെ കൊണ്ട് മാത്രം ചൈനീസ് കമ്പനികളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിക്കാനാവുമോ? ഇന്ത്യയിലേക്കുള്ള വരവ് ടെസ്‌ലയ്ക്ക് അനിശ്ചിതകാലത്തേക്ക് നീട്ടിവെയ്ക്കാനാകില്ലെന്നാണ് പൊതുവെ ഉള്ള നിഗമനം.
ഇതിന് നിരവധി കാരണങ്ങളുണ്ട്.
1. വളരെ വലിയൊരു മധ്യവര്‍ഗവും യുവ സമൂഹവുമുള്ള ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ.
2. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോമൊബൈല്‍ വിപണിയാണ് ഇന്ത്യ.
3. പുതിയ പ്ലാന്റുകള്‍ സ്ഥാപിച്ചും വിപണിയില്‍ ആധിപത്യം സ്ഥാപിച്ചും ചൈനീസ് വൈദ്യുത വാഹന നിര്‍മാതാക്കള്‍ എമര്‍ജിംഗ് മാര്‍ക്കറ്റുകളില്‍ ചടുലമായി മുന്നേറുകയാണ്. നിലവില്‍ ചൈനയുടെ കാര്‍ വിപണി ഏതാണ്ട് 25 ദശലക്ഷമാണ്. ഇന്ത്യയുടേത് അഞ്ച് ദശലക്ഷവും.
ഇന്ത്യയ്ക്കും വേണം ടെസ്‌ലയെ
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്ലയുടെ വരവ് അങ്ങേയറ്റം നിര്‍ണായകമാണ്. നിലവില്‍ ഇവിടെ വൈദ്യുത വാഹനങ്ങളുടെ (ഇ.വി) വില്‍പ്പന മൂന്ന് ശതമാനമാണ്. ആഗോളതലത്തില്‍ ഇത് 11 ശതമാനമാണ്. ചൈനയില്‍ ഇ.വി കാര്‍ വില്‍പ്പന പരമ്പരാഗത കാര്‍ വില്‍പ്പനയെ മറികടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ ഇവി വിപണി വികസിക്കാന്‍ ടെസ്ലയെ പോലെ ആ മേഖലയിലെ വമ്പനെ തന്നെ ഇന്ത്യയ്ക്ക് വേണം. ചൈനയിലും ജര്‍മനിയിലും ഇ.വി ഇക്കോസിസ്റ്റം വികസിപ്പിക്കാന്‍ വലിയൊരു കാരണം അവിടേക്കുള്ള ടെസ്ലയുടെപ്രവേശനമാണെന്ന് നിഗമനങ്ങളുണ്ട്.
ടെസ്‌ല ഈ രാജ്യങ്ങളിലേക്ക് എത്തിയതോടെ മത്സരം അതിജീവിക്കാന്‍ അവിടങ്ങളിലെ ആഭ്യന്തര കാര്‍ നിര്‍മാതാക്കള്‍ ഇ.വി നിര്‍മാണ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. വളരെ നല്ലൊരു ഇ.വി ഇക്കോസിസ്റ്റം അവിടെ സൃഷ്ടിക്കപ്പെടുകയും ചെയ്തു. വൈദ്യുത കാറുകളുടെയും വാഹന പാര്‍ട്സുകളുടെയും പ്രധാന സോഴ്സിംഗ് കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് ടെസ്‌ല ആഗ്രഹിക്കുന്നത്. ഇത് വലിയ രൂപത്തില്‍ നടപ്പാക്കിയാല്‍ ഇന്ത്യയ്ക്കും ടെസ്‌ലയ്ക്കും ഒരുപോലെ നേട്ടമാകും.
പ്രതീക്ഷയ്ക്കും മുന്‍പേ
നിലവില്‍ ടെസ്‌ലയ്ക്ക് യു.എസില്‍ ടെക്സാസ്, ഫ്രമോണ്ട് എന്നിവിടങ്ങളിലും ബെര്‍ലിന്‍ (ജര്‍മനി), ഷാങ്ഹായ് (ചൈന) എന്നിവിടങ്ങളിലുമാണ് ഫാക്ടറികളുള്ളത്. 2024 അവസാനത്തോടെ പൂര്‍ണ ഉത്പാദനശേഷി വിനിയോഗിച്ചുകൊണ്ട് പ്രതിവര്‍ഷം 30 ലക്ഷം വാഹനങ്ങള്‍ നിരത്തിലിറക്കാനാകുമെന്നാണ് ടെസ്‌ലയുടെ പ്രതീക്ഷ.
ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ഏതാണ്ട് മൂന്നുവര്‍ഷമെടുക്കും. അതേസമയം കൊണ്ട് ഇന്ത്യയിലെ ഇ.വി ഡിമാന്റും ഉയരും. ഈ വര്‍ഷാവസാനത്തോടെ ഇന്ത്യയിലെ കാര്യം പരിഗണിക്കാമെന്നാണ് മസ്‌കിന്റെ ഉള്ളിലിരുപ്പ്. നിക്ഷേപകരുടെ താല്‍പ്പര്യങ്ങളാണ് അടിയന്തരമായി മസ്‌കിപ്പോള്‍ ശ്രദ്ധിക്കുന്നത്. ബിസിനസ് തന്ത്രങ്ങളില്‍ അപ്രതീക്ഷിതമായ യു ടേണുകള്‍ എടുക്കുന്നതിലും പ്രവചനാതീതമായ മാനേജ്മെന്റ് ശൈലിയിലും പേരുകേട്ട ആളാണ് മസ്‌ക്. ഇത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യന്‍ വിപണിയുടെ മെച്ചങ്ങള്‍ പരിഗണിച്ച് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേരത്തെ ടെസ്‌ല ഇന്ത്യയില്‍ എത്തിയെന്നിരിക്കാം.
Next Story
Videos