ഓസ്‌ട്രേലിയയിലേക്കുള്ള വിദ്യാര്‍ത്ഥി വീസ ഇനി കടുപ്പം, അക്കൗണ്ടില്‍ വേണം ഇത്രയും തുക

വിദേശ വിദ്യാര്‍ത്ഥി വീസ നിയമങ്ങളില്‍ കാര്യമായ മാറ്റം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. കുടിയേറ്റം കുറയ്ക്കാനും വിദേശ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനുമാണ് നീക്കം. വെള്ളിയാഴ്ച മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുകയിലും വര്‍ധനയുണ്ട്. 29,710 ഓസ്‌ട്രേലിയന്‍ ഡോളര്‍ (16.36 ലക്ഷം രൂപ) സമ്പാദ്യമുള്ളവര്‍ക്കാണ് വീസയ്ക്ക് അര്‍ഹതയുണ്ടാകുക. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തുക ഉയര്‍ത്തുന്നത്. കഴിഞ്ഞ ഒക്‌ബോറിലാണ് 21,041 ഓസ്‌ട്രേലിയന്‍ ഡോളറില്‍ നിന്ന് 24,505 ഡോളറായി ഉയര്‍ത്തിയത്.

യാത്ര, കോഴ്‌സ് ഫീസ്, ജീവിത ചെലവുകള്‍ എന്നിവയ്ക്ക് ആവശ്യമായ പണം ഉറപ്പു വരുത്തുന്നതിനാണ് അക്കൗണ്ടില്‍ തുക കാണിക്കുന്നത്.

കുടിയേറ്റം കൂടി

2022ല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതിനു ശേഷം ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം വളരെയധികം കൂടിയിരുന്നു. ഇതോടെ വാടകകയ്ക്ക് താമസസൗകര്യങ്ങള്‍ ലഭിക്കുന്നതില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിട്ടു. ഇതൊഴിവാക്കാന്‍ പല നടപടികളും സ്വീകരിച്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇംഗ്ലീഷ് ലാംഗ്വേജ് നിബന്ധനകളും ശക്തമാക്കിയിരുന്നു.

അനധികൃതമായ റിക്രൂട്ടിംഗ് നടത്തുന്നതിനെതിരെ 34 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ താക്കീതും നല്‍കിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രി ചാര്‍ലി ഒ'നെയില്‍ വ്യക്തമാക്കുകയും ചെയ്തു.
ഓസ്‌ട്രേലിയയുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് വിദേശ വിദ്യാഭ്യാസം. 2022-23 കാലയളവില്‍ വിദേശ വിദ്യാഭ്യാസ വിപണി 24 ബില്യണ്‍ ഡോളറിന്റേതായിരുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ അനിയന്ത്രിതമായ ഒഴുക്കുണ്ടായതോടെ ഓസ്‌ട്രേലിയയില്‍ വാടക ചെലവുകള്‍ കുതിച്ചുയരാന്‍ ഇടയാക്കിയിരുന്നു. 2023 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മൊത്തം കുടിയേറ്റത്തില്‍ 60 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായത്. 5,48,800ഓളം പേര്‍ ഓസ്‌ട്രേലിയയിലേക്ക് ചേക്കേറി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Related Articles

Next Story

Videos

Share it