ബൈജൂസിന് വന്‍ ആശ്വാസം, രക്ഷകനായി രഞ്ജന്‍ പൈ; ₹1400 കോടിയുടെ കടം വീട്ടി

മലയാളിയായ ബൈജു രവീന്ദ്രന്‍ നയിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സംരംഭമായ (EdTech) ബൈജൂസിന് വലിയ ആശ്വാസം സമ്മാനിച്ച് മണിപ്പാലില്‍ നിന്നൊരു ഡോക്ടര്‍. ബൈജൂസിന്റെ ഉപസ്ഥാപനമായ അകാശ് എജ്യുക്കേഷണല്‍ സര്‍വീസസില്‍ (AESL) ഇന്നലെ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈയും കുടുംബവും ചേര്‍ന്ന് 1,400 കോടി രൂപ നിക്ഷേപിച്ചു.

ഇതോടെ, അമേരിക്കന്‍ ധനകാര്യസ്ഥാപനമായ ഡേവിഡ്‌സണ്‍ കെംപ്‌നര്‍ കാപ്പിറ്റല്‍ മാനേജ്‌മെന്റിനുള്ള കടം വീട്ടാനും ബൈജൂസിന് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേവിഡ്‌സണ്‍ കെംപ്‌നറിന് കൈമാറിയ 1,400 കോടി രൂപയില്‍ 800 കോടി രൂപ വായ്പയുടെ മുതലും 600 കോടി രൂപ പലിശയുമാണ്.
വലിയ ആശ്വാസം
ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധിയിലുള്ള ബൈജൂസ് അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 120 കോടി ഡോളര്‍ (ഏകദേശം 10,000 കോടി രൂപ) വായ്പാ ഇനത്തില്‍ തിരിച്ചടയ്ക്കാനുണ്ട്. ഉപസ്ഥാപനങ്ങളെ വിറ്റഴിച്ച് 6 മാസത്തിനകം ഇത് തിരിച്ചടയ്ക്കാമെന്ന് ബൈജൂസ് വാഗ്ദാനം ചെയ്തിരുന്നു.
ഇതിനിടെ കഴിഞ്ഞദിവസം അമേരിക്കന്‍ കോടതി വായ്പാദാതാക്കള്‍ക്ക് അനുകൂലമായി വിധി പറഞ്ഞതോടെ അമേരിക്കന്‍ ഉപസ്ഥാപനമായ ബൈജൂസ് ആല്‍ഫയുടെ നിയന്ത്രണം ബൈജൂസിന് നഷ്ടമാകുന്ന സാഹചര്യം ഉടലെടുത്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് താത്കാലിക ആശ്വാസവുമായി ഡോ. രഞ്ജന്‍ പൈയുടെ നിക്ഷേപമെത്തിയത്. നിക്ഷേപം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഇന്നലെ (നവംബര്‍ 10) പൂര്‍ത്തിയായെന്നാണ് സൂചനകള്‍. ഡേവിഡ്‌സണ്‍ കെംപ്‌നറുമായുള്ള ഉഭയകക്ഷി കടംവീട്ടല്‍ കരാറിലൂടെയാണ് ശതകോടീശ്വരന്‍ ഡോ.രഞ്ജന്‍ പൈ നിക്ഷേപം നടത്തിയത്.
കഴിഞ്ഞ മേയില്‍ 2,000 കോടി രൂപയുടെ വായ്പയ്ക്കായാണ് ബൈജൂസും ഡേവിഡ്‌സണ്‍-കെംപ്‌നറും കരാറൊപ്പുവച്ചത്. അകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ബൈജൂസ് ഏറ്റെടുക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു ഇത്. എന്നാല്‍, 800 കോടി രൂപയേ ഡേവിഡ്‌സണ്‍-കെംപ്‌നര്‍ ബൈജൂസിന് കൈമാറിയുള്ളൂ.
ആകാശിലേക്ക് ഡോ.പൈ
2021ലാണ് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏറ്റെടുക്കാന്‍ നടപടികള്‍ ബൈജൂസ് ആരംഭിച്ചത്. 95 കോടി ഡോളറിന്റേതായിരുന്നു (8,000 കോടി രൂപ) ഏറ്റെടുക്കല്‍ കരാര്‍. ഇതില്‍ 70 ശതമാനം കാഷ് ഇടപാടും ബാക്കി ഇക്വിറ്റി (ഓഹരി) ഇടപാടുമായിരുന്നു.
എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മൂലം ഏറ്റെടുക്കല്‍ നടപടികള്‍ ഇതുവരെ പൂര്‍ത്തിയാക്കാന്‍ ബൈജൂസിന് കഴിഞ്ഞിട്ടില്ല. ആകാശിന്റെ പ്രമോട്ടറായിരുന്ന ആകാശ് ചൗധരി വൈകാതെ സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നും സൂചനയുണ്ട്.
ഡോ. രഞ്ജന്‍ പൈ നിക്ഷേപം നടത്തുന്നത് നേരിട്ട് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കും. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണുമായി നിക്ഷേപത്തിന് ബന്ധമുണ്ടാകില്ല. ആകാശില്‍ രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. പുറമേ, അദ്ദേഹവും ബോര്‍ഡിലേക്ക് എത്തിയേക്കും. നിലവില്‍ ആകാശിന്റെ ബോര്‍ഡിലുള്ള ഡേവിഡ്‌സണ്‍ കെംപ്‌നറിന്റെ രണ്ട് അംഗങ്ങള്‍ ഒഴിവാകും.
കെംപ്നര്‍ ഓഹരികള്‍ പൈക്ക്
ആകാശില്‍ 15-20 ശതമാനം ഓഹരി പങ്കാളിത്തമാണ് കെംപ്‌നറിനുണ്ടായിരുന്നത്. ഇതാണ് ഡോ. പൈക്ക് കൈമാറുക. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആകാശിന്റെ പ്രമോട്ടര്‍ ഓഹരികള്‍ കൂടി ഡോ. പൈ വാങ്ങുമെന്നാണ് സൂചനകള്‍.
ആകാശില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ച മറ്റൊരു നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്റെ ഓഹരികളും ഡോ. രഞ്ജന്‍ പൈ വാങ്ങിയേക്കും. അതോടെ അദ്ദേഹത്തിന് ആകാശില്‍ മൊത്തം 30 ശതമാനം ഓഹരി പങ്കാളിത്തമാകും. പ്രമോട്ടര്‍മാരായ ചൗധരിക്കും കുടുംബത്തിനും 18-20 ശതമാനം ഓഹരി പങ്കാളിത്തം ആകാശിലുണ്ട്. ഇതിന്റെ പാതിയോളമാകും ഡോ. പൈയ്ക്ക് ചൗധരി കൈമാറുക.
അതോടെ മുഖ്യ പ്രമോട്ടര്‍മാരായ ടി.എല്‍.പി.എല്ലിന് 51 ശതമാനം, ബൈജു രവീന്ദ്രന് 8-10 ശതമാനം, ചൗധരിക്ക് 9-10 ശതമാനം, ബാക്കി ഡോ. പൈക്ക് എന്നിങ്ങനെയാകും ആകാശിലെ ഓഹരി പങ്കാളിത്തം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it