Begin typing your search above and press return to search.
വിദേശികളുടെ ശമ്പളപരിധി കൂട്ടാന്‍ സിംഗപ്പൂര്‍; വിദ്യാര്‍ത്ഥികളെ മാടിവിളിച്ച് സൗദി അറേബ്യ
രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികളില്‍ ഉന്നത പ്രൊഫഷണലുകളുടെ വൈദഗ്ദ്ധ്യം ഉറപ്പാക്കാനായി ശമ്പളച്ചട്ടം പരിഷ്‌കരിക്കാന്‍ സിംഗപ്പൂര്‍ ഒരുങ്ങുന്നു. വിദേശ എക്‌സിക്യുട്ടീവുകള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവരുടെ ശമ്പള മാനദണ്ഡം അടുത്ത കൊല്ലം ജനുവരി മുതല്‍ കൂട്ടുമെന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
കുറഞ്ഞ ശമ്പളമുള്ള ജോലിക്കായി വിദേശികള്‍ എത്തുന്നത്, തദ്ദേശീയരുടെ ജോലി ലഭ്യതയെ ബാധിക്കുന്നത് പരിഗണിച്ചാണ് നടപടിയെന്ന് സിംഗപ്പൂര്‍ മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
ചട്ടം അടുത്തവര്‍ഷം മുതല്‍
സിംഗപ്പൂരില്‍ ജോലി തേടുന്ന പ്രൊഷണലുകള്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3 ലക്ഷം രൂപ) പ്രതിമാസ ശമ്പളം നേടാനാകുംവിധം വൈദഗ്ദ്ധ്യമുള്ളവരായിരിക്കണമെന്നാണ് നിലവിലെ ചട്ടം. അടുത്തവര്‍ഷം ജനുവരി മുതല്‍ ഇത് 5,600 സിംഗപ്പൂര്‍ ഡോളറായിരിക്കും (3.45 ലക്ഷം രൂപ).
എംപ്ലോയ്‌മെന്റ് പാസ് (തൊഴില്‍ അനുമതിരേഖ) കിട്ടുന്നവര്‍ വൈദഗ്ദ്ധ്യമുള്ളവരാണെന്ന് ഉറപ്പാക്കാനാണ് നടപടി. 59 ലക്ഷം മാത്രം ജനസംഖ്യയുള്ള സിംഗപ്പൂരില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ എണ്ണം 15 ലക്ഷത്തോളമാണ്.
തൊഴിലാളി ക്ഷാമവും രൂക്ഷം
ജനനനിരക്ക് കുറയുന്നതും കഴിവുള്ള ജീവനക്കാരുടെ ലഭ്യതക്കുറവും സിംഗപ്പൂരിനെ അലട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വൈദഗ്ദ്ധ്യമുള്ള വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള നടപടിയും സിംഗപ്പൂര്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുസ്ഥിരത ഉറപ്പാക്കാനായാണിത്.
വിദ്യാര്‍ത്ഥികളെ മാടിവിളിച്ച് സൗദി
പരമ്പരാഗത വരുമാനസ്രോതസ്സായ ക്രൂഡോയിലിന് പുറമേ ടൂറിസം, വിനോദം തുടങ്ങിയ മറ്റ് മാര്‍ഗങ്ങളിലേക്ക് കൂടി ചുവടുവയ്ക്കുന്ന സൗദി അറേബ്യ ഇപ്പോള്‍ വിദേശ വിദ്യാര്‍ത്ഥികളെയും ഉന്നമിടുന്നു. വിദേശ വിദ്യാഭ്യാസത്തിന്റെയും മിഡില്‍ ഈസ്റ്റിലെ ഹബ്ബാവുകയെന്ന ലക്ഷ്യത്തോടെ എഡ്യുക്കേഷണല്‍ വീസ അവതരിപ്പിച്ചിരിക്കുകയാണ് സൗദി.
സൗദി വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് 'സ്റ്റഡി ഇന്‍ സൗദി അറേബ്യ' വീസ പദ്ധതിയും അവതരിപ്പിച്ചത്. സൗദിയുടെ 'വിഷന്‍2030' കാമ്പയിന്റെ ഭാഗമായാണ് പുതിയ നീക്കം. നിലവില്‍ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സൗദിയില്‍ പഠിക്കുന്നുണ്ട്. വിദേശത്ത് ഏറ്റവുമധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 5-ാംസ്ഥാനത്തുമാണ് സൗദി.
Next Story
Videos