കാനഡയുടെ തിളക്കം മായുന്നോ? ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ കനത്ത ഇടിവ്

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ, പ്രത്യേകിച്ച് മലയാളികളുടെ ഇഷ്ട ഉന്നത പഠന ലൊക്കേഷനായിരുന്നു വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡ. ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ പ്രകാരം കാനഡയിലുണ്ട്. ഇവരില്‍ മലയാളികളുടെ എണ്ണവും നിരവധി.

എന്നാല്‍, കഴിഞ്ഞ ജൂലൈ മുതല്‍ കാനഡയിലേക്ക് പറക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതായി അപ്ലൈ ബോര്‍ഡിന്റേത് (ApplyBoard) അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
41% ഇടിവ്
2022 ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ 1.46 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥി വീസ പെര്‍മിറ്റ് അപേക്ഷകളാണ് കനേഡിയന്‍ സര്‍ക്കാര്‍ പരിഗണിച്ചത്. 2023ലെ സമാനകാലത്ത് ഇത് 87,000 ആയി ഇടിഞ്ഞുവെന്ന് അപ്ലൈബോര്‍ഡ് പറയുന്നു; ഇടിവ് 41 ശതമാനം.
അതായത്, ഏകദേശം 60,000 പേരുടെ കുറവ് ഈ വര്‍ഷം ജൂലൈ-ഒക്ടോബറിലുണ്ടായി. 2022 ഓഗസ്റ്റില്‍ 38,001 അപേക്ഷകള്‍ എത്തിയിരുന്നെങ്കില്‍ 2023 ഓഗസ്റ്റില്‍ അത് വെറും 21,121 എണ്ണമാണ്. 2022 ഒക്ടോബറില്‍ പഠന പെര്‍മിറ്റിനായി 42,170 വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ചിരുന്നു. 2023 ഒക്ടോബറില്‍ അപേക്ഷകരുടെ എണ്ണം 22,813ലേക്ക് താഴ്ന്നു.
വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി പെര്‍മിറ്റുകള്‍ പരിഗണിക്കുന്നത് 25 ശതമാനം വര്‍ധിപ്പിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനിച്ച വേളയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതെന്നതും ശ്രദ്ധേയമാണ്.
തിരിച്ചടികളുടെ കാരണം
കാനഡയിലെ സുരക്ഷാപ്രശ്‌നങ്ങള്‍ സംബന്ധിച്ച് തുടര്‍ച്ചയായി വന്ന വാര്‍ത്തകളാണ് വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കുറയാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള വാക്‌പോരുകളും കാനഡയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും അപേക്ഷകള്‍ കുറയുന്നതിന് ഇടവരുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കാനഡയിലെ ഉയരുന്ന പണപ്പെരുപ്പം, കൂടുന്ന ജീവിതച്ചെലവുകള്‍, തൊഴില്‍ ലഭ്യതക്കുറവ് എന്നിവയും ബാധിച്ചുവെന്നാണ് വിലയിരുത്തലുകള്‍. കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കരുതേണ്ട പണത്തിന്റെ അളവ് 6 ലക്ഷം രൂപയില്‍ നിന്ന് 12.65 ലക്ഷം രൂപയായി കൂട്ടാന്‍ കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ട്യൂഷന്‍ ഫീസിനും യാത്രച്ചെലവുകള്‍ക്കും മറ്റും പുറമേയാണിത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it