നിയമനം കൂട്ടി ഐടി കമ്പനികള്‍; ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ എന്നിവ നിയമിച്ചത് 198,000 പേരെ

കൊവിഡിനിടയിലും രാജ്യത്തെ ഐടി കമ്പനികളുടെ നിയമനം കുത്തനെ ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച മൂന്ന് ഐടി സേവന ദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ ഏകദേശം 198,000 പേരെയാണ് പുതുതായി നിയമിച്ചത്. ഇക്കണോമിക് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ഈ മൂന്ന് കമ്പനികളുടെയും കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ നിയമനത്തേക്കാള്‍ 56 ശതമാനം കൂടുതലാണിത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഐടി വ്യവസായത്തിനായുള്ള മൊത്തം റിക്രൂട്ട്‌മെന്റില്‍ ഈ മൂന്ന് കമ്പനികളും ഏകദേശം മൂന്നില്‍ രണ്ട് സംഭാവന നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, ഡിമാന്റ് ഉയരുമെന്നതിനാല്‍ ഐടി മേഖലയിലെ നിയമനം ഈ സാമ്പത്തിക വര്‍ഷത്തിലും തുടരാന്‍ സാധ്യതയുണ്ട്. നിലവില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ യഥാക്രമം 45,000, 50,000 കാമ്പസ് നിയമനങ്ങള്‍ക്കായി ടിസിഎസും ഇന്‍ഫോസിസും തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യഥാക്രമം 100000, 85000 എന്നിങ്ങനെയായിരുന്നു ടിസിഎസിന്റേയും ഇന്‍ഫോസിസിന്റേയും കാമ്പസുകളില്‍ നിന്നുള്ള നിയമനം.
2022 സാമ്പത്തിക വര്‍ഷത്തില്‍ 23,000 പുതുമുഖങ്ങളെ നിയമിച്ച എച്ച്‌സിഎല്‍ ടെക്, ഈ സാമ്പത്തിക വര്‍ഷത്തിലെ നിയമനം 50 ശതമാനം ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ UnearthInsight ന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യന്‍ ഐടി വ്യവസായം മൊത്തം 280,000-300,000 ജീവനക്കാരെ 2022 സാമ്പത്തിക വര്‍ഷത്തില്‍ നിയമിച്ചിട്ടുണ്ട്.


Related Articles
Next Story
Videos
Share it