പ്രതിസന്ധികളോട് പോരാടി പരിശീലന കേന്ദ്രങ്ങൾ

വിദ്യാഭ്യാസമേഖലക്ക് കേരള ജനത നൽകുന്ന പ്രാധാന്യത്തിൻ്റെ നേർക്കാഴ്ച്ചയാണ് സംസ്ഥാനത്തെ പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ. ദിനംപ്രതി ഉയർന്നുവരുന്ന ആയിരകണക്കിന് പരിശീലന കേന്ദ്രങ്ങൾ, ഹോം ട്യൂഷൻ മുതൽ സിവിൽ സർവ്വീസ് പരിശീലനം വരെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ വ്യത്യസ്തങ്ങളായ സ്വപ്നങ്ങൾക്കാണ് ചിറക് നൽകുന്നത്.
പ്രാഥമിക വിദ്യാഭ്യാസ രംഗത്തും മത്സര പരീക്ഷകളിലും വൻ വിജയങ്ങൾക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിൽ ഉയർന്ന ചെലവ് പോലും വകവെക്കാതെ, രക്ഷകർതൃ വിദ്യാർത്ഥി സമൂഹത്തിന് ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.ഇതിൻ്റെ ഫലമായി പരിശീലനകേന്ദ്രങ്ങൾ വിദ്യാഭ്യാസരംഗത്തെ വലിയ വ്യവസായമായി രൂപപ്പെടുകയും, സംസ്ഥാനത്തെ സമ്പദ്ഘടനയെ വലിയ രീതിയിൽ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.
മറ്റെല്ലാ മേഖലയിലെയും പോലെ വിദ്യാഭ്യാസമേഖലക്കും ശക്തമായ വെല്ലുവിളിയായിരുന്നു കൊവിഡ്19. സ്വകാര്യമേഖലയിലെ ലക്ഷക്കണക്കിന് വരുന്ന അധ്യാപക-അനധ്യാപക തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിന് ഇതിടയാക്കി. മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ അനേക വർഷങ്ങൾകൊണ്ട് ഉണ്ടാകേണ്ട മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്തിന് ചെറിയ കാലയളവിൽ തന്നെ സ്വീകരിക്കേണ്ടിവന്നു.
ട്യൂഷൻ സെൻ്റർ, മെഡിക്കൽ എൻജിനീയറിങ് കോച്ചിംഗ് ,പി.എസ്‌.സി-ബാങ്ക് കോച്ചിംഗ്,ഐ. ഇ.എൽ.ടി.എസ്, ഒ.ഇ.ടി, സിവിൽസർവീസ് കോച്ചിംഗ്, വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങിയ നിരവധി പരിശീലന കേന്ദ്രങ്ങളാണ് സ്വകാര്യമേഖലയിൽ പ്രവർത്തിച്ചു വരുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ സ്ഥാപനങ്ങൾ മുഴുവനായി അടച്ചിടേണ്ടി വരികയും കെട്ടിട വാടകയും പ്രവർത്തന ചെലവുമടക്കം ഈ മേഖലയിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
" ഞങ്ങൾക്ക് കേരളത്തിനകത്തും പുറത്തും പന്ത്രണ്ടോളം ബ്രാഞ്ചുകളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഓരോ ബ്രാഞ്ചിലും തൊഴിലാളികളുടെ ശമ്പളത്തിന് പുറമെയുള്ള പ്രവർത്തനച്ചെലവ് 3 ലക്ഷത്തോളമായിരുന്നു. ഒരു വർഷത്തെ അടച്ചിടലിന് ശേഷം, ജനുവരിയിൽ വളരെ കുറച്ചു ബ്രാഞ്ചുകൾ മാത്രമേ തുറന്നു പ്രവർത്തിച്ചിട്ടുളള്ളു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനം നേരിടുന്നത്. സർക്കാർ നികുതിയിനത്തിൽ ഇളവു നൽകാത്തതും ഞങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു " കേരളത്തിലെ മുൻനിര IELTS,OET പരിശീലന കേന്ദ്രങ്ങളിലൊന്നായ അജിനോറ ഗ്ലോബൽ വെഞ്ചേഴ്സ്ൻ്റെ മാനേജിങ് ഡയറക്ടറും, ഓൾ ഇന്ത്യ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടുമായ അജി മാത്യുവിൻ്റെ വാക്കുകൾ.
വിദേശരാജ്യങ്ങളിലേക്ക് യാത്രാവിലക്ക് നിലനിൽക്കുന്നതുകൊണ്ടുതന്നെ പഠനാവശ്യങ്ങൾക്കായി വിദേശത്ത് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
16 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം NEET പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.1,15959 പേരാണ് കഴിഞ്ഞ വർഷം കേരളത്തിൽ മാത്രം പരീക്ഷയെഴുതിയത്. സംസ്ഥാനത്തെ പ്രമുഖ മെഡിക്കൽ എൻജിനീയറിങ് പ്രവേശനപരീക്ഷ പരിശീലന കേന്ദ്രങ്ങളിലടക്കം ഇപ്പൊൾ ഓൺലൈൻ പഠന രീതികളാണ് അവലംബിച്ചു വരുന്നത്. പല സ്ഥാപനങ്ങളിലും ഫീസ് ഇളവുകൾ ലഭിക്കാത്തതുകൊണ്ട് തന്നെ, ഡിജിറ്റൽ ചെലവുൾപ്പെടെ വലിയ തുക വിദ്യാർഥികളും രക്ഷകർത്താക്കളും താങ്ങേണ്ടി വരുന്നു.
"ലോക്ഡൗണിന് ശേഷം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിനാൽ, വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തേക്കാൾ വർദ്ധനവുണ്ടായിട്ടുണ്ട്. ഏതു സമയത്തും എവിടെനിന്നും ക്ലാസുകൾ പ്രയോജനപ്പെടുത്താം എന്നതുകൊണ്ടുതന്നെ, വിദ്യാർഥികൾക്ക് ഇത് കൂടുതൽ ഫലപ്രദമാണ്. ഓഫ്‌ലൈൻ ക്ലാസുകളെ അപേക്ഷിച്ച്, ഓൺലൈൻ ക്ലാസ്സുകൾക്ക് ഫീസിലും ഇളവുകൾ നൽകിവരുന്നു." പാലാ ബ്രില്യൻ്റ് എൻട്രൻസ് പരിശീലന കേന്ദ്രത്തിന് പി.ആർ.ഒ പ്രതികരിക്കുന്നു.
പരിശീലനം ഓൺലൈനായി നടക്കുന്നതുകൊണ്ട് തന്നെ വലിയ സാമ്പത്തിക നഷ്ടം നേരിടുന്ന വിഭാഗമാണ് ഹോസ്റ്റൽ നടത്തിപ്പുകാർ. പ്രശസ്തമായ പരിശീലന കേന്ദ്രങ്ങളോട് ചേർന്ന്, ചെറുതും വലുതുമായ നൂറുകണക്കിന് ഹോസ്റ്റലുകലുകളാണ് പ്രവർത്തിച്ചുവരുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി പരിശീലനത്തിനെത്തുന്ന ഓരോ വിദ്യാർത്ഥിയിൽ നിന്നും ഒരു വർഷം 50,000 മുതൽ 1,00000 രൂപവരെയാണ് ഫീസിനത്തിൽ ഈടാക്കിയിരുന്നത്.
തൃശ്ശൂർ നഗരത്തിൻറെ പരിസരപ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവന്നിരുന്ന നിരവധി ഹോസ്റ്റൽ, പെയിങ് ഗസ്റ്റ് സ്ഥാപനങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടേണ്ടി വന്നു.
"ഞാൻ വീടിനോട് ചേർന്ന് 10 ൽ താഴെ വിദ്യാർഥികളെ താമസിപ്പിച്ചുകൊണ്ട് ഹോസ്റ്റൽ നടത്തിയിരുന്ന ആളാണ്. കോവിഡിനെ വരവോടെ ഏക വരുമാന മാർഗ്ഗം നിലക്കുകയും ജീവിതം വഴിമുട്ടുകയും ചെയ്തു.വർഷങ്ങളായി കെട്ടിടങ്ങൾ വാടകയ്ക്കെടുത്തു പ്രവർത്തിച്ചുവന്ന ഹോസ്റ്റലുകളടക്കം അടച്ചുപൂട്ടാൻ നിർബന്ധിതരയതിനാൽ, നടത്തിപ്പുകാരും അനുബന്ധ തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്". തൃശ്ശൂരിലെ ഹോസ്റ്റ്ൽ നടത്തിപ്പുകാരനായ സുമീഷ് പറയുന്നു .
വലിയ തുക ഫീസായി നൽകുന്നുണ്ടെങ്കിലും, ലൈബ്രറി സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയാത്തതും,ക്ലാസ് മുറിയിലെ പഠനാന്തരീക്ഷം ലഭിക്കാത്തതും പരീക്ഷാ മുന്നൊരുക്കങ്ങൾക്ക് വലിയൊരു വെല്ലുവിളിയാണെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെടുന്നു.
ജനുവരി മാസത്തോടെ പല പരിശീലന കേന്ദ്രങ്ങളും ചുരുങ്ങിയ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ലാസുകൾ പുനരാരംഭിച്ചു.ഏതാനും മാസങ്ങൾക്കുള്ളിൽ കാര്യങ്ങൾ സാധാരണനിലയിൽ എത്തുമെന്നാണ് പരിശീലന കേന്ദ്രങ്ങളുടെ പ്രതീക്ഷ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it