മെഗാ താരങ്ങളുടെ ചിത്രങ്ങൾ പോലും തിയേറ്ററിൽ മൂക്കുകുത്തുന്നു; എന്താണ് മലയാള സിനിമയ്ക്ക് സംഭവിച്ചത്?​

2018ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കിയപ്പോള്‍ കിട്ടാനേ ഇല്ല. എന്തോ ഭയങ്കര സന്തോഷം തോന്നി.

സിനിമ നല്ലതായാലും അല്ലെങ്കിലും എത്ര കാലത്തിന് ശേഷാ ഇങ്ങനെ...

എഴുത്തുകാരിയും സിനിമാ സംവിധായകയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ കുഞ്ഞില മാസ്സിലാമണി ഫേസ്ബുക്കില്‍ കുറിച്ച ഈ വരികള്‍ പ്രതിഫലിപ്പിക്കുന്നത് കേരളത്തിലെ ഒട്ടുമിക്ക സിനിമാ പ്രവര്‍ത്തകരുടെയും വികാരമാണ്. കേരളം കണ്ട മഹാപ്രളയത്തെ പ്രമേയമാക്കി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് അടുത്തിടെ റിലീസ് ചെയ്ത 2018 എന്ന സിനിമ അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയ്ക്ക് പകര്‍ന്നേകിയിരിക്കുന്നത് ജീവശ്വാസമാണ്. ആളും ആരവവും ഒഴിഞ്ഞുകിടന്ന തിയറ്ററുകളിലേക്ക് മലയാള സിനിമ കാണാന്‍ ജനം തിക്കിതിരക്കി വന്നു. തിയറ്ററുകളുടെ പുറത്ത് വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. കടുത്ത വേനലില്‍ പുതുമഴ പെയ്ത പോലെ എന്നാണ് ഒരു സിനിമാ പ്രവര്‍ത്തകന്‍ ഇതിനെ വിശേഷിപ്പിച്ചത്. കാരണം, മലയാള സിനിമാ വ്യവസായം അത്രയേറെ പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്.
ജെയിംസ് കാമറൂണിന്റെ അവതാര്‍: ദി വേ ഓഫ് വാട്ടറും മണിരത്നത്തിന്റെ പി.എസ് - 1 ഉം പി.എസ്-2 വുമൊക്കെ കേരളത്തിലെ തിയറ്ററില്‍ നിന്ന് കോടികള്‍ വാരുമ്പോള്‍ മലയാളത്തിലെ മെഗാതാരങ്ങള്‍ അഭിനയിച്ച സിനിമകള്‍ ബോക്സോഫീസില്‍ മൂക്കുംകുത്തി താഴെ പതിച്ചു. കാണികളെ തികച്ചുകിട്ടാത്തതിനാല്‍ സിനിമാ പ്രദര്‍ശനം തന്നെ ഉപേക്ഷിക്കേണ്ടി വന്നതോടെ കേരളത്തിലെ തിയറ്റര്‍ മേഖല മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് വീണു.
ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങിയതോടെ കേരളത്തില്‍ ജപ്തി ചെയ്യപ്പെട്ടതു മൂന്ന് തിയറ്ററുകളാണ്. ഏതു നിമിഷവും ജപ്തി ചെയ്‌തേക്കാമെന്ന ഭീഷണി നേരിടുന്നത് 15 തിയറ്ററുകളും. കോടികള്‍ മുടക്കി നവീകരിച്ച 60 ശതമാനം തിയറ്ററുകളും വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ കടുത്ത ഞെരുക്കത്തിലാണ്. 10 വര്‍ഷം മുമ്പു കേരളത്തില്‍ 1250 സ്‌ക്രീനുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 670 സ്‌ക്രീനുകള്‍ മാത്രം. ഇതില്‍ നല്ലൊരു പങ്കും പ്രദര്‍ശനം അവസാനിപ്പിച്ചത് അഞ്ച് വര്‍ഷത്തിനിടെ. കാണികള്‍ കൈവിടുന്നതു തുടര്‍ന്നാല്‍ ശേഷിച്ച സ്‌ക്രീനുകളില്‍ പകുതിയും വര്‍ഷാവസാനത്തോടെ പൂട്ടേണ്ടി വരുമെന്ന ഭീതിയിലാണ് സിനിമാ മേഖല.
പ്രതിസന്ധി തിയറ്റര്‍ ഉടമകള്‍ക്ക് മാത്രമോ?
''15 ആളുകള്‍ ഉണ്ടെങ്കിലേ ഷോ തുടങ്ങുകയുള്ളൂ. അത്രയും പേര്‍ക്ക് വേണ്ടി തിയറ്ററുകാര്‍ കാത്തിരിക്കുകയാണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. പ്രതിസന്ധി അവിടെ മാത്രമൊതുങ്ങുന്നില്ല. നിര്‍മാതാക്കള്‍ ഉള്‍പ്പടെ സിനിമാ മേഖല മുഴുവന്‍ കടുത്ത പ്രതിസന്ധിയിലാണ്''- സിനിമാ നിര്‍മാതാവ് സുരേഷ് കുമാര്‍ പറയുന്നു.
ഈ വര്‍ഷം ഇതുവരെ എഴുപതിലധികം മലയാള സിനിമകള്‍ തിയറ്ററുകളിലെത്തി. അന്യഭാഷ ചിത്രങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ എണ്ണം തൊണ്ണൂറിനടുത്താകും. സമീപകാലത്തെ 2018ന്റെ വിജയത്തിന് മുമ്പ് തിയറ്ററില്‍ വിജയം കണ്ടത് ഒരേ ഒരു സിനിമയാണ്, രോമാഞ്ചം.
കോവിഡ് കാലത്തിന് മുമ്പ് പുതിയ സിനിമകള്‍ റിലീസ് ചെയ്യാനുള്ള വഴി തിയറ്ററുകള്‍ മാത്രമായിരുന്നു. എന്നാല്‍ കോവിഡ് വന്നതോടെ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ കളം പിടിച്ചു. തിയറ്ററില്‍ നിന്നുള്ള വരുമാനം, ഒ.ടി.ടി അവകാശം, സാറ്റ്‌ലൈറ്റ് റൈറ്റ്സ്, ഓവര്‍സീസ് റൈറ്റ്സ് എന്നിങ്ങനെ പലവിധ മാര്‍ഗങ്ങളിലൂടെ സിനിമ നിര്‍മാണ ചെലവ് തിരിച്ചുപിടിക്കാനുള്ള സാഹചര്യം ഇന്നുണ്ട്. പുതിയ സാധ്യതകള്‍ ഒരേസമയം സിനിമാ വ്യവസായത്തിന് അനുഗ്രഹവും ശാപവുമായി എന്ന് വേണമെങ്കില്‍ പറയാം. സിനിമാ നിര്‍മാണ മേഖലയെ കുറിച്ച് ഒന്നുമറിയാത്തവര്‍ പോലും കൊള്ളപ്പലിശയ്ക്ക് പണം കടമെടുത്ത് സിനിമകള്‍ എടുക്കാന്‍ ആവേശം കൊണ്ടതോടെ തട്ടിക്കൂട്ട് സിനിമകള്‍ ഏറെ പിറന്നു. തിയറ്ററില്‍ റിലീസ് ചെയ്തില്ലെങ്കിലും ഒ.ടി.ടി, സാറ്റ്‌ലൈറ്റ്, ഓവര്‍സീസ് റൈറ്റ്സുകളിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാമെന്ന ചിലരുടെ വാക്കുകള്‍ കേട്ട് സിനിമാ വ്യവസായത്തിലേക്ക് ചാടിവീണവര്‍ക്കെല്ലാം ഇപ്പോള്‍ കൈ പൊള്ളിയിരിക്കുകയാണ്.
പരാജയത്തിന് പിന്നിലെ വില്ലനാര്?
മലയാള സിനിമയില്‍ പ്രതിസന്ധി പുതിയ കാര്യമല്ല. കാലങ്ങളായി പറഞ്ഞുകേള്‍ക്കുന്നത് തന്നെയാണ്.
ഓരോ കാലത്തും കാരണങ്ങള്‍ ചിലത് മാറിവരുമെന്ന് മാത്രം. സിനിമാ താരങ്ങളുടെ മെഗാ ലൈവ് ഷോകള്‍ തിയറ്ററില്‍ നിന്ന് ആളുകളെ അകറ്റുന്നുവെന്നായിരുന്നു ഒരു കാലത്ത് പ്രശ്നം. പിന്നീട് സാറ്റ്‌ലൈറ്റ് റൈറ്റ്സിന് വേണ്ടി തട്ടിക്കൂട്ടുന്ന സിനിമകള്‍ തിയറ്ററുകളില്‍ പരാജയപ്പെടുന്നുവെന്നതായി. സിനിമ പ്രമേയത്തിലെ പുതുമയില്ലാത്തതും മെഗാ താരങ്ങള്‍ക്ക് അതിമാനുഷിക രൂപം നല്‍കുന്നതും മലയാള സിനിമയില്‍ പ്രതിസന്ധികള്‍ക്ക് കാരണമായി മുന്‍കാലത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണങ്ങളില്‍ ഒന്നും സിനിമകളുടെ പ്രമേയത്തിലെ പാളിച്ചകള്‍ തന്നെയാണ്. ''ക്വാളിറ്റി കണ്ടന്റ് ഇല്ലാത്തത് തന്നെയാണ് തിയറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാത്തതിന്റെ മുഖ്യകാരണം''- സിനിമാ നിര്‍മാതാവ് ടി.ആര്‍ ഷംസുദ്ദീന്‍ പറയുന്നു. ഇതോടൊപ്പം തന്നെ സിനിമാ ബിസിനസില്‍ വന്ന മാറ്റങ്ങളും കാരണമാകുന്നുണ്ട്. ''മുന്‍കാലങ്ങളില്‍ മെഗാ ഹിറ്റ്, സൂപ്പര്‍ ഹിറ്റ്, ഹിറ്റ് എന്നിവയ്ക്കെല്ലാം പുറമേ താഴെയുള്ള സിനിമകള്‍ക്ക് വരെ ആവറേജ് കളക്ഷന്‍ തിയറ്ററുകളില്‍ നിന്ന് ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി.
ഒരു സിനിമ ഹിറ്റായാല്‍ കളക്ഷന്‍ മുഴുവന്‍ അത് വാരും'' - മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹന്‍ അഭിപ്രായപ്പെടുന്നു.ഇപ്പോള്‍ മുന്‍കാലങ്ങളിലേക്കാള്‍ കൂടുതല്‍ സിനിമാ നിര്‍മാതാക്കള്‍ മലയാള സിനിമയിലുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ''400 ഓളം സിനിമാ നിര്‍മാതാക്കളെങ്കിലും ഈ മേഖലിയിലുണ്ടെന്ന് പറയാം. പുതിയ നിര്‍മാതാക്കളില്‍ 60 ശതമാനം പേരും പലിശയ്ക്ക് പണമെടുത്താണ് സിനിമ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. ആ പലിശ കൂടി ചേര്‍ത്താണ് സിനിമാ നിര്‍മാണ ചെലവ് പറയുന്നതും. ഇപ്പോള്‍ 100 സിനിമകള്‍ ഇറങ്ങിയാല്‍ അതില്‍ 10 എണ്ണം നിര്‍മിച്ചിരിക്കുന്നത് ഈ രംഗത്ത് കാലങ്ങളായി നില്‍ക്കുന്നവരാകും. ബാക്കി 90 പേരും പുതിയ ആള്‍ക്കാരാണ്''- പ്രമുഖനായൊരു തിരക്കഥാകൃത്ത് ചൂണ്ടിക്കാട്ടുന്നു. പുതിയ നിര്‍മാതാക്കള്‍ക്ക് സിനിമയെന്ന ബിസിനസിനെ കുറിച്ച് വലിയ പിടിപാടില്ല. ''പുതിയ നിര്‍മാതാക്കളെ പലരും പറഞ്ഞ് പറ്റിച്ചാണ് മേഖലയിലേക്ക് കൊണ്ടുവരുന്നത്''- പുതു തലമുറയിലെ ഒരു സംവിധായകന്‍ പറയുന്നു.
ഏറ്റവും കുറഞ്ഞ ബജറ്റിലുള്ള സിനിമ എടുക്കാന്‍ തന്നെ ഇപ്പോള്‍ രണ്ട് കോടി രൂപയ്ക്ക് മുകളിലാകും. അതിനെ തിയറ്ററിലെത്തിക്കാന്‍ വേറെ 50 ലക്ഷം കൂടി വേണം. സിനിമ ശരിയായ രീതിയില്‍ ജനങ്ങളിലെത്തിക്കാന്‍ വേണ്ട മാര്‍ക്കറ്റിംഗിന് ഒരു കോടിയെങ്കിലും കരുതണം.
സിനിമയുടെ ബിസിനസ്
ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ തിയറ്റര്‍ റിലീസിന് മുമ്പ് സിനിമകള്‍ വാങ്ങുന്നില്ല. തിയറ്ററില്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ മാത്രമാണ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ സ്വന്തമാക്കുന്നത്. സ്വന്തം സിനിമ ജനങ്ങള്‍ കാണണമെന്ന് ആഗ്രഹമുള്ള നിര്‍മാതാക്കള്‍, റിലീസിന്റെ ആദ്യ ദിവസങ്ങളില്‍ പരമാവധി പേര്‍ക്ക് ടിക്കറ്റ് നല്‍കി തിയറ്ററിലേക്ക് ആളുകളെ കൊണ്ടുവരികയാണ്. ഇവരുടെ അഭിപ്രായങ്ങള്‍ കേട്ട് ജനങ്ങള്‍ വീണ്ടും തിയറ്ററിലെത്തുന്നതുവരെ ടിക്കറ്റിനായി ഇവര്‍ പണം നല്‍കിക്കൊണ്ടേയിരിക്കും. സിനിമ കണ്ട് കുറേപേര്‍ സമൂഹമാധ്യമങ്ങളില്‍ നല്ല അഭിപ്രായങ്ങള്‍ പങ്കുവെച്ചാല്‍ ഒ.ടി.ടി ബിസിനസ് സാമാന്യം നല്ല തുകയ്ക്ക് ഉറപ്പിക്കാനാകും. ''മലയാളത്തിലെ പ്രമുഖയായ നടി അടുത്തിടെ അഭിനയിച്ച രണ്ട് സിനിമകളുടെ സാറ്റ്‌ലൈറ്റ് റൈറ്റ്സ് ഇതുവരെ വിറ്റുപോയിട്ടില്ല. തിയറ്ററില്‍ നിന്ന് ഈ സിനിമകള്‍ക്ക് ലഭിച്ചത് 10-20 ലക്ഷം മാത്രമാണ്''- സിനിമാ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ഒ.ടി.ടിയിലും തിയറ്ററിലും സിനിമ കാണുന്ന ചെറുപ്പക്കാര്‍ കൂട്ടത്തോടെ തിയറ്ററിലെത്തിയാല്‍ മാത്രമേ ഇപ്പോള്‍ സിനിമ വിജയിക്കുകയുള്ളൂ. രോമാഞ്ചം, 2018 എന്നിവയുടെ വിജയം ചൂണ്ടിക്കാട്ടുന്നതും അതാണ്. ''വീടുകളില്‍ ടെലിവിഷനില്‍ സിനിമ കാണുന്നവര്‍ സീരിയലുകള്‍ കാണുന്ന ഒരു വിഭാഗമാണ്. അവരുടെ താല്‍പ്പര്യം അറിയുന്ന സിനിമകള്‍ക്ക് മാത്രമാണ് സാറ്റ്‌ലൈറ്റ് റൈറ്റ്സും ഏറെ ലഭിക്കുന്നത്''- ഒരു സിനിമാ സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. സാന്നിധ്യം കൊണ്ട് തന്നെ ബിസിനസുണ്ടാക്കാന്‍ പറ്റുന്ന 7-8 അഭിനേതാക്കള്‍ മാത്രമാണ് ഇപ്പോള്‍ മലയാള സിനിമയിലുള്ളത്. ''മോഹന്‍ലാല്‍ സിനിമയ്ക്കാണെങ്കില്‍ ചുരുങ്ങിയത് 30 കോടി രൂപയുടെ ബിസിനസ് കിട്ടുമെന്നത് ഉറപ്പാണ്.
അതുകൊണ്ട് മോഹന്‍ലാലിന് 15-20 കോടി രൂപ കൊടുക്കാനും നിര്‍മാതാക്കള്‍ തയാറാണ്. പൃഥ്വി രാജ് സിനിമയ്ക്ക് 20-25 കോടിയുടെ ബിസിനസ് ലഭിക്കും. ദുല്‍ഖര്‍ സല്‍മാന്‍ സിനിമകള്‍ക്ക് 15-20 കോടിയുടെ ബിസിനസ് ഉറപ്പാണ്. ഇത് സാറ്റ്‌ലൈറ്റ്, ഒ.ടി.ടി, ഓവര്‍സീസ് റൈറ്റ്സുകളില്‍ നിന്നുമാത്രമുള്ളതാണ്. തിയറ്റര്‍ കളക്ഷന്‍ ഇതിന് പുറമേയാണ്'' - സിനിമാ മേഖലയിലുള്ളവര്‍ കണക്കുകള്‍ നിരത്തുന്നു. ഇങ്ങനെ ബിസിനസ് കൊണ്ടുവരാന്‍ കഴിവുള്ള പ്രമുഖ അഭിനേതാക്കള്‍ക്കെല്ലാം ഇപ്പോള്‍ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുകളുണ്ട്. അതുകൊണ്ട് തന്നെ മറ്റ് നിര്‍മാതാക്കള്‍ക്ക് ഇവരുടെ ഡേറ്റ് ലഭിക്കുന്നില്ലെന്ന് തന്നെ പറയാം. ''നല്ല ബിസിനസുള്ള ഒരു മുന്‍നിര നടനെ സിനിമയില്‍ കൊണ്ടുവരണമെന്ന ചിന്തയിലാണ് കഥയും തിരക്കഥയും പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ നാല് പ്രോജക്റ്റുകളുമായി തിരക്കിലാണ്. പക്ഷേ എനിക്ക് അദ്ദേഹത്തെ അഭിനയിപ്പിക്കണമായിരുന്നു. പത്ത് ദിവസം ഞങ്ങള്‍ക്കായി തരാമെന്നേറ്റു. അതിന് ഒന്നരക്കോടി രൂപയാണ് വേതനം നല്‍കുന്നത്''- സിനിമാ മേഖലയിലുള്ള ഒരാള്‍ തുറന്നുപറയുന്നു.
യുവനടന്മാര്‍ ധൂര്‍ത്തപുത്രന്മാരോ?
മലയാള സിനിമയില്‍ വിലക്കും വിവാദവും എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇന്ന് സൂപ്പര്‍താരമായി തിളങ്ങി നില്‍ക്കുന്ന പൃഥ്വിരാജിന് പോലും ഒരുകാലത്ത് വിലക്കുണ്ടായിട്ടുണ്ട്. എന്നാല്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ യുവനടന്മാരുടെ സ്വഭാവ സവിശേഷതകള്‍ ഈ അടുത്ത കാലത്തായി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. നിര്‍മാതാക്കാളായ എം. രഞ്ചിത്ത്, സാന്ദ്ര തോമസ് എന്നിവര്‍ സിനിമാ സൈറ്റുകളിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് തുറന്നടിക്കുകയും പിന്നീട് വിവാദമാവുകയും ചെയ്തു. ''നിര്‍മാതാവിന്റെ അധ്വാനം മാനിക്കുന്നതും ഈ രംഗത്തെ മുതിര്‍ന്നവരെ ബഹുമാനിക്കുന്നതുമായ വിരലിലെണ്ണാവുന്ന യുവ അഭിനേതാക്കളെ ഇന്‍ഡസ്ട്രിയിലുള്ളൂ''- പതിറ്റാണ്ടുകളായി സിനിമാ മേഖലയിലുള്ള നിര്‍മാതാവ് പറയുന്നു.
പ്രതിസന്ധിക്ക് പരിഹാരമെന്ത്?
നിലവാരമില്ലാത്ത സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് ഉടമകളുടെ സംഘടനകള്‍ ഇപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമയെ ഒരു വ്യവസായമായി പോലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. കോടികളുടെ ബിസിനസ് നടക്കുന്ന ഈ രംഗത്ത് നിര്‍മാതാക്കള്‍ക്ക് ബാങ്ക് വായ്പ പോലും ലഭിക്കാത്ത സാഹചര്യമാണ്. വരുമാനത്തിന് ഒരുറപ്പുമില്ലാത്ത മേഖലയാണിപ്പോള്‍ സിനിമ. അതുകൊണ്ട് തന്നെ ഈ ബിസിനസില്‍ പണം മുടക്കുന്നവര്‍ അങ്ങേയറ്റം ജാഗ്രത കാണിക്കണം.
മറ്റു ബിസിനസ് മേഖലകള്‍ പോലെ സിനിമാ മേഖലയിലും പഠിച്ച ശേഷം മാത്രം നിക്ഷേപിക്കുക.
ഈ രംഗത്ത് കാലങ്ങളായി നില്‍ക്കുന്നവരോട് ചോദിച്ചറിയാനും ഉപദേശം തേടാനും മടിക്കരുത്.
തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന സിനിമകള്‍ മാത്രമാണ് യുവ പ്രേക്ഷകര്‍ വന്ന് കാണുന്നത്. തിയറ്ററില്‍ യുവതലമുറയെ എത്തിക്കാന്‍ അവരുടെ താല്‍പ്പര്യങ്ങള്‍ അനുസരിച്ചുള്ള സിനിമ നിര്‍മിക്കണം. ആ വെല്ലുവിളി എറ്റെടുക്കാന്‍ തയാറുള്ള ടീമിനെ സജ്ജമാക്കി മാത്രം സിനിമാ നിര്‍മാണത്തിന് ഇറങ്ങുക.
സിനിമാ തിയറ്ററുകളില്‍ ഫ്ളെക്സി പ്രൈസ് സംവിധാനം കൊണ്ടുവരുന്നതും പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
മലയാളികള്‍ വീണ്ടും വീണ്ടും കാണുന്ന, പുതുതലമുറ ഇഷ്ടപ്പെടാന്‍ ഇടയുള്ള പഴയകാല സിനിമകള്‍ പുതുക്കി അവതരിപ്പിക്കുന്നത് തിയറ്ററുകളിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചേക്കും.
സിനിമയുടെ മായികലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നവര്‍ ആരെങ്കിലും പറയുന്ന കണക്കുകളല്ല വിശ്വാസത്തിലെടുക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ എന്ത് നടക്കുന്നുവെന്നത് അന്വേഷിച്ചറിയുക. അല്ലെങ്കില്‍ ഇനിയുമേറെ നിര്‍മാതാക്കള്‍ കുത്തുപാളയെടുക്കേണ്ടി വരും.
''സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാകും. ആളുകള്‍ കാണും, അഭിനന്ദിക്കും. അതാണ് ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ട് നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണം. പ്രമേയ ദാരിദ്ര്യവും അന്യഭാഷാ ചിത്രങ്ങളുടെ തള്ളിക്കയറ്റവും മലയാള സിനിമയെ സാരമായി ബാധിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലം, അമിത ചെലവുകള്‍, സ്വഭാവദൂഷ്യങ്ങള്‍ തുടങ്ങിയവയും വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പലപ്പോഴും ഒരു സിനിമ പരാജയപ്പെടുമ്പോഴുള്ള ധനനഷ്ടവും മറ്റുനഷ്ടങ്ങളുമെല്ലാം നിര്‍മാതാവിനും അയാള്‍ക്കൊപ്പമുള്ളവര്‍ക്കും മാത്രമായിരിക്കും. നടന്മാരുള്‍പ്പടെ പണവും വാങ്ങി സ്ഥലം വിടും. ഇതൊക്കെ എല്ലാവരും മനസിലാക്കണം.'' - സുരേഷ് കുമാര്‍, നിര്‍മാതാവ്
''ഒരു തിയറ്ററില്‍ ഒരു ഷോ നടത്താന്‍ ശരാശരി 7,000 രൂപയാണ് ചെലവ്. ഒരു ഷോയിലൂടെ ആ വരുമാനം പോലും കിട്ടാത്ത സ്ഥിതിയാണെങ്കില്‍ പിന്നെ ഞങ്ങളുടെ സ്ഥിതി പറയേണ്ടല്ലോ. ഹൗസ് ഫുള്‍ ഷോകള്‍ വളരെ വിരളമാണ്. രണ്ടാമത്തെ ആഴ്ചയിലേക്ക് പോകുന്നതും കുറച്ച് സിനിമ മാത്രം.'' - ലിബര്‍ട്ടി ബഷീര്‍, പ്രസിഡന്റ്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍
''നിശ്ചിത നിലവാരമില്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനമാണ് ഞങ്ങളിപ്പോള്‍ എടുക്കുന്നത്. ഇങ്ങനെ അനുമതി കിട്ടാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ തിയറ്ററുകള്‍ക്ക് വാടക നല്‍കേണ്ടിവരും. ഒരുപാടു സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കുന്നില്ല. ഏതൊക്കെ സിനിമ ഓടും, ഓടില്ല എന്ന് തിയറ്റര്‍ നടത്തുന്നവര്‍ക്ക് ബോധ്യമുണ്ട്. ഇനി ഞങ്ങളുടെ കണക്കുകൂട്ടലില്‍ ഓടും എന്ന് തോന്നുന്ന സിനിമ മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് ആലോചന.'' - കെ. വിജയകുമാര്‍, പ്രസിഡന്റ്, ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍,​ കേരള (ഫിയോക്).
''പ്രേക്ഷകനെ ചെറുതാക്കി കാണുന്ന നിലപാട് മാറ്റി, തിയറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടിയുള്ള സിനിമകള്‍ എടുത്താല്‍ മാത്രമേ ഇനി മലയാള സിനിമകള്‍ വിജയിക്കാന്‍ സാധ്യതയുള്ളൂ. മാത്രമല്ല ലാഭവിഹിതം പങ്കിടുന്ന തരത്തില്‍ താരങ്ങളുടെ പ്രതിഫലത്തിന്റെ ഫോര്‍മാറ്റും മാറ്റണം. ശാശ്വത പരിഹാരത്തിന് എല്ലാ സിനിമാ സംഘടനകളും കൂടിയാലോചന നടത്തണം.'' - സുരേഷ് ഷേണായി, മാനേജിംഗ് പാര്‍ട്ണര്‍, ഷേണായീസ് ഗ്രൂപ്പ്
സിനിമ പലര്‍ക്കും പാഷനാണ്. അതിലൂടെ അറിയപ്പെടണമെന്ന നിഗൂഢമായ മോഹവും പലര്‍ക്കുമുണ്ട്. പക്ഷേ ഇവരാരും സിനിമ എന്താണെന്ന് പഠിച്ചല്ല അതില്‍ നിക്ഷേപിക്കുന്നത്. സിനിമ നിര്‍മിക്കാന്‍ പോകും മുമ്പ് അതിനെ കുറിച്ച് പഠിക്കാന്‍ സമയം ചെലവിടണം. തിയറ്ററിലേക്ക് ആളുകള്‍ എങ്ങനെ വരും? തിയറ്ററില്‍ നിന്ന് പണം എങ്ങനെ കിട്ടും? ഒ.ടി.ടി റൈറ്റ്‌സ് എങ്ങനെയൊക്കെയാണ്? സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് വഴി എത്രയൊക്കെ കിട്ടുമെന്നൊക്കെ കൃത്യമായി അറിഞ്ഞിരിക്കണം. ആ റിസര്‍ച്ച് ചെയ്തതിന് ശേഷം മാത്രം കണക്കുകൂട്ടിയുള്ള റിസ്‌കെടുക്കുക. സിനിമയ്ക്ക് നല്ല കഥ, നല്ല സംവിധായകന്‍, നല്ല മാര്‍ക്കറ്റിംഗ് എന്നിവ വേണം. ഇവിടെ സിനിമ എടുത്ത് തുടങ്ങുമ്പോഴേക്കും നിര്‍മാതാവിന്റെ ബജറ്റ് തീരും. പിന്നെ മാര്‍ക്കറ്റിംഗിന് പണമുണ്ടാകില്ല.
''ഞാന്‍ സിനിമ തുടങ്ങും മുമ്പേ കൃത്യമായ ബജറ്റ് തയാറാക്കിയിരിക്കും. അത് ആ സിനിമയുടെ കഥയും തിരക്കഥയും ടീമിനെയും ആശ്രയിച്ചിരിക്കും. മാര്‍ക്കറ്റിംഗിനും തുക അതില്‍ ഉള്‍പ്പെടുത്തിയിരിക്കും. അതുകൊണ്ട ണ്ട് സമ്മര്‍ദ്ദമില്ലാതെ എനിക്ക് സിനിമ നിര്‍മിക്കാന്‍ സാധിക്കാറുണ്ട്.'' - ടി.ആര്‍ ഷംസുദ്ദീന്‍, 1983, ക്വീന്‍, കാണെക്കാണെ സിനിമകളുടെ നിര്‍മാതാവ്‌

(This story was published in the 31st May 2023 issue of Dhanam Magazine)

Related Articles

Next Story

Videos

Share it