'വിവാദക്കുഴി' രക്ഷയായി: 25 കോടി ക്ലബ്ബില്‍ കടന്ന് ചാക്കോച്ചന്റെ 'ന്നാ താന്‍ കേസ് കൊട്'

മലയാള സിനിമ തിരിച്ചുവരവിന്റെ പാതയിലാണ്. സുരേഷ് ഗോപിയുടെ പാപ്പനും പൃഥ്വിരാജിന്റെ കടുവയും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച മലയാളം ബോക്‌സ് ഓഫീസില്‍ 'ന്നാ താന്‍ കേസ് കൊട' (Nna, Thaan Case Kodu) എന്ന ചിത്രം കളക്ഷന്‍ റെക്കോര്‍ഡ് നേടി മുന്നോട്ട്. കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) നായകനായ ചിത്രം ഒറ്റ ആഴ്ച കൊണ്ട് 25 കോടി ക്ലബ്ബിലാണ് ഇടം നേടിയത്.

നിര്‍മാതാവ് സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോബോബനും അടക്കമുള്ള ചിത്രത്തിന്റെ ക്രൂ തന്നെയാണ് വിജയ വാര്‍ത്തയും പങ്കുവച്ചിട്ടുള്ളത്. ചിത്രം ഇത്തരത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുമായി മുന്നേറിയാല്‍ കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും കളക്ഷന്‍ റെക്കോര്‍ഡ് ആയി മാറിയേക്കുമെന്നാണ് മലയാള സിനിമാ ലോകത്തെ റിപ്പോര്‍ട്ടുകള്‍.
Read more : "എന്നെ ഞാനാക്കിയത് ബാല്യത്തിലെ കഷ്ടപ്പാടുകള്‍" - കുഞ്ചാക്കോ ബോബന്റെ ഉള്ളിലിരുപ്പ്

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (Ratheesh Balakrishnan Poduval) സംവിധാനം ചെയ്ത ചിത്രം നിറയെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 'റോഡിലെ കുഴി' പല സിംഹാസനങ്ങളെയും അസ്വസ്ഥമാക്കും വിധം കേരളത്തില്‍ പൊതുവിഷയമായി ചര്‍ച്ച ചെയ്യപ്പെടുകയും 'കുഴിയുടെ പിതൃത്വം' ഏറ്റെടുക്കാതെ ഉത്തരവാദിത്തപ്പെട്ടവര്‍ കയ്യൊഴിയുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ വാര്‍ത്താ പ്രാധാന്യം നേടി സിനിമ. 'വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പരസ്യവാചകം കൂടിയായപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിത്രം ചൂടന്‍ ചര്‍ച്ചയായി. അത് ബോക്‌സ്ഓഫീസിലും തകര്‍ത്തു.

ദേവദൂതര്‍ പാടി എന്ന ക്ലാസിക് ഗാനത്തിന്റെ ചാക്കോച്ചന്‍ വേര്‍ഷനും ചിത്രം ശ്രദ്ധിക്കപ്പെടാന്‍ ഏറെ സഹായിച്ചു. കുഞ്ചാക്കോബോബന്‍ വ്യത്യസ്തമായ വേഷത്തില്‍ താരപ്പകിട്ടുകളില്ലാതെ പച്ചയായി ജനങ്ങളിലേക്ക് വന്നഭിനയിക്കുന്നു എന്ന പ്രേക്ഷക അഭിപ്രായം ചിത്രത്തെ അടുത്തകാലത്തെ 'ഫാമിലിസൂപ്പര്‍ഹിറ്റ്' ആയി കണക്കാക്കാം.


Related Articles
Next Story
Videos
Share it