വരുന്നു, ബുദ്ധിയുള്ള സിസിടിവി ക്യാമറകള്‍!

ഇന്നവേഷന്‍

നൂതന സാങ്കേതികവിദ്യകളായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ്, മെഷീന്‍ ലേണിംഗ് എന്നിവയില്‍ രണ്ട് സുപ്രധാന ഉല്‍പ്പന്നങ്ങള്‍ ആദ്യവര്‍ഷത്തില്‍ തന്നെ വികസിപ്പിച്ചുകൊണ്ട് ശക്തമായൊരു മുന്നേറ്റം നടത്തുകയാണ് തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലുള്ള ന്യൂറോപ്ലക്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ഇവര്‍ വികസിപ്പിച്ച EYES AGE എന്ന ഉല്‍പ്പന്നമാണ് സിസിടിവിക്ക് കാമറകള്‍ക്ക് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ് പകര്‍ന്ന് നല്‍കുന്നത്. മണിക്കൂറുകളോളം ദൈര്‍ഘ്യമുള്ള വീഡിയോ ഫുട്ടേജില്‍ നിന്നും ആളുകളുടെയോ വാഹനങ്ങളുടെയോ തുടങ്ങി എന്തിന്റെയും വിശദാംശങ്ങള്‍ ഗൂഗിളിലെന്ന പോലെ സെക്കന്റുകള്‍ക്കുള്ളില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താനാകുമെന്നതാണ് നേട്ടം. ക്യാമറാ പരിധിക്കുള്ളിലെ കുറ്റകൃത്യത്തെക്കുറിച്ചുള്ള അലര്‍ട്ട് EYES AGE ഉടനടി നല്‍കുമെന്നതാണ് മറ്റൊരു സുപ്രധാന നേട്ടം. ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി) പമ്പുകളെ സാങ്കേതികവിദ്യ ഉപയോഗിച്ച് ശക്തിപ്പെടുത്തുന്ന മറ്റൊരു ഉല്‍പ്പന്നവും ന്യൂറോപ്ലക്‌സ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഫണ്ടിംഗ്

EYES AGE നെ വിപണിയിലെത്തിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്റെ നിക്ഷേപവും ന്യൂറോപ്ലക്‌സ് നേടിയെടുത്തിട്ടുണ്ട്.

അംഗീകാരങ്ങള്‍

കേരള പോലീസിന്റെ സൈബര്‍ഡോം നടത്തിയ ഒരു മത്സരത്തില്‍ വിജയിച്ചതോടെയാണ് അവരുടെ സഹായത്തോടെ EYES AGE എന്ന നൂതന ഉല്‍പ്പന്നത്തിന്റെ വികസനത്തിന് വഴിതുറന്നത്.

ലക്ഷ്യം

ഇപ്പോള്‍ ആറ് പേരുള്ള ടീമിനെ കൂടുതല്‍ വിപുലീകരിക്കുക, ഒരു വര്‍ഷത്തിനകം ഐ.ഒ.സിയുടെ പ്രോജക്ട് പൂര്‍ത്തിയാക്കുകയും അതോടൊപ്പം 3000 സിസിടിവി കാമറകളെയെങ്കിലും EYES AGE മായി ബന്ധിപ്പിക്കുക.

തുടക്കം

എന്‍ജിനീയറിംഗ് പഠനശേഷം സാവിയോ വിക്ടര്‍, പ്രണോയ് രാധാകൃഷ്ണന്‍ എന്നീ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് 2018 ജൂലൈയില്‍ ന്യൂറോപ്ലക്‌സ് ആരംഭിച്ചത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ്, മെഷീന്‍ ലേണിംഗ് എന്നീ നൂതന സാങ്കേതികവിദ്യകളില്‍ ആകൃഷ്ടരായ ഇവര്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഫ്യൂച്വര്‍ ടെക്‌നോളജീസ് ലാബില്‍ എത്തുകയും അതേക്കുറിച്ച് കൂടുതല്‍ പഠിച്ചുകൊണ്ട് നൂതന ഉല്‍പ്പന്നങ്ങളുടെ വികസനത്തിലേക്ക് കടക്കുകയും ചെയ്തു.

Related Articles

Next Story

Videos

Share it