
കോവിഡ് പ്രതിസന്ധിയുടെ പ്രശ്ചാത്തലത്തില്‍ രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയെ ശാക്തീകരിക്കുന്ന സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എംഎസ്എംഇ മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്നാണ് മൂന്നു ലക്ഷം കോടി രൂപയുടെ പാക്കേജിനെക്കുറിച്ച് വിശദീകരിച്ചതെങ്കിലും പ്രായോഗിക തലത്തില്‍ പ്രയോജനപ്രദമല്ലെന്നാണ് കേരളത്തിലെ സംരംഭകരും വ്യവസായ ചിന്തകരും ഒരേ സ്വരത്തില്‍ പറയുന്നത്. 100 ല്‍ താഴെ ജീവനക്കാരുള്ള 90 ശതമാനം പേര്‍ക്കും 15000 രൂപയില്‍ താഴെ ശമ്പളം നല്‍കുന്നതുമായ സംരംഭങ്ങള്‍ക്കാണ് ഇത് പ്രയോജനം ചെയ്യുന്നതെന്നത് അപര്യാപ്തതയാണ്. ബാങ്കുകള്‍ വഴി സാമ്പത്തിക സഹായമെത്താന്‍ ഏറെ വൈകുമെന്നത് വ്യക്തമാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും നേരിട്ട് പ്രയോജനപ്പെടുന്നതുമായ പാക്കേജ് ആയിരുന്നു എത്തേണ്ടതെന്ന് ഇവര്‍ പറയുന്നു. കേരളത്തിലെ മാത്രമല്ല രാജ്യം മുഴുവനുമുള്ള എംഎസ്എംഇകളെ തുണയ്ക്കുന്നതല്ല പുതിയ ഉത്തേജക പാക്കേജ് എന്നതാണ് മനസ്സിലാകുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ എംഎസ്എംഇ മേഖലയില്‍ നിന്നുള്ളവര്‍ക്ക് പറയാനുള്ളത് എന്താണെന്നു നോക്കാം. വിദഗ്ധരുടെ വാക്കുകളിലേക്ക്
എം ഖാലിദ്, പ്രസിഡന്റ്
കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ എംഎസ്എംഇ മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ വിപണിയില്‍ ഫണ്ട് എത്താന്‍ സഹായിച്ചേക്കും. ഈടില്ലാത്ത വായ്പ നല്‍കാനായി മൂന്നു ലക്ഷം കോടി രൂപയുടെയും സിക്ക് യൂണിറ്റുകള്‍ക്കായി 20,000 കോടി രൂപയുടെയും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഈ മേഖലയ്ക്ക് ആവശ്യം. വായ്പ കിട്ടാത്ത സാഹചര്യം രാജ്യത്തില്ല. ബാങ്കുകളില്‍ പണത്തിന് ക്ഷാമമില്ല. മാത്രമല്ല, ക്രെഡിറ്റ് ഗാരന്റി സിസ്റ്റം വഴി രണ്ടു കോടി രൂപ വരെ ഈടില്ലാതെ വായ്പ നേടാനുള്ള സൗകര്യവും നിലവിലുണ്ട്. അതു കൊണ്ടു തന്നെ കൂടുതല്‍ സബ്സിഡികളും ഗ്രാന്റുകളുമായിരുന്നു അനുവദിക്കേണ്ടിരുന്നത്. മാത്രമല്ല സിക്ക് യൂണിറ്റുകള്‍ക്ക് നേരിട്ടുള്ള ധനസഹായവും പ്രതീക്ഷിച്ചു. പുതിയ പദ്ധതി പ്രകാരമുള്ള വായ്പയ്ക്ക് ഒരു വര്‍ഷത്തെ മൊറട്ടേറിയം പ്രഖ്യാപിച്ചിട്ടുണെങ്കിലും അക്കാലയളവിലുള്ള പലിശ നല്‍കേണ്ടി വരും.
ഇത് വലിയ ബാധ്യതയാകും സംരംഭകര്‍ക്ക് ഉണ്ടാക്കുക. കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കിയിരുന്നെങ്കില്‍ സംരംഭകര്‍ക്ക് കൂടുതല്‍ ഗുണമാകുമായിരുന്നു. സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്താനുള്ള സാഹചര്യമാണ് വേണ്ടത്. മറ്റൊന്ന് ലോക്ക് ഡൗണ്‍ കാലയളവില്‍ മുഴുവന്‍ ശമ്പളവും തൊഴിലാളികള്‍ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഈ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. മറിച്ച് നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങളിലെ വേതനം ഇഎസ്ഐ കോര്‍പറേഷന്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാകണം. അങ്ങനെയൊരു നിയമം നിലവിലുണ്ട്. സര്‍ക്കാര്‍ അതിലേക്കായി ഫണ്ട് അനുവദിക്കുകയാണ് വേണ്ടത്.
നിലവില്‍ 10,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വൈദ്യുതി വകുപ്പിന് ഫിക്സഡ് ചാര്‍ജ് നല്‍കുന്ന സംരംഭങ്ങളുണ്ട്. കണക്ടറ്റഡ് ലോഡിന്റെ അടിസ്ഥാനത്തിലാണിത് നിശ്ചയിക്കുന്നത്. എന്നാല്‍ വ്യവസായം പൂട്ടിയിടേണ്ടി വന്ന മാസങ്ങളില്‍ കൂടി ഇത് നിര്‍ബന്ധമായി നല്‍കേണ്ടി വരുന്നത് വലിയ ബാധ്യതയാണ് വരുത്തി വെക്കുന്നത്. ഇത് ഒഴിവാക്കി നല്‍കാനുള്ള നടപടിയുണ്ടാവണം. മാത്രമല്ല, എല്ലാ തരത്തിലുള്ള ഇന്‍സ്പെക്ഷനും റവന്യു റിക്കവറി നടപടികളും നിര്‍ത്തിവെക്കണം എന്നുമാണ് കെഎസ്എസ്ഐഎയുടെ ആവശ്യം.
ഇപിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കുമെന്ന പ്രഖ്യാപനം ആശ്വാസകരമാണെങ്കിലും അത് ലഭിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കേരളത്തില്‍ വളരെ ചുരുക്കമായിരിക്കും. കാരണം തൊഴിലാളികളുടെ എണ്ണം നൂറില്‍ താഴെയായിരിക്കുകയും അതില്‍ 90 ശതമാനം പേര്‍ക്കും 10,000 രൂപയില്‍ താഴെ ശമ്പളവും ആയിരുന്നാല്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഉയര്‍ന്ന വേതനം നല്‍കുന്ന കേരളത്തിലെ വ്യവസായങ്ങള്‍ക്ക് ഇതുകൊണ്ട് പ്രയോജനമുണ്ടാകില്ല. മറ്റുള്ളവയ്ക്ക് രണ്ടു ശതമാനം ഇപിഎഫ് കുറച്ച് ഉപയോഗിച്ചാല്‍ മതിയെന്ന പ്രഖ്യാപനം നല്ലതാണ്.
ലേഖ ബാലചന്ദ്രന്‍
റെസിടെക്
സംരംഭക, ഇലക്ട്രോണിക് മാനുഫാക്ചറിംഗ് കമ്പനി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തുക അടയ്ക്കാനുള്ള കാലാവധി അഞ്ച് മാസത്തേക്ക് നീട്ടി നല്‍കിയത് വളരെ ഫലവത്തായ തീരുമാനമാണ്. പ്രതിമാസ ഫിക്‌സഡ് കോസ്റ്റില്‍ നിന്നും ഇത്രയും വലിയ ഒരു ശതമാനം കുറവ് ലഭിക്കുക എന്നത് എംഎസ്എംഇ സംരംഭങ്ങള്‍ക്ക് ഏറെ ആശ്വാസം തന്നെ. ജീവനക്കാരെ സംബന്ധിച്ച് നോക്കിയാല്‍ എംഎസ്എംഇ മേഖലകളിലെ ജീവനക്കാര്‍ക്ക് സ്റ്റാഫ് ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും നല്‍കുന്ന 1000 രൂപ വീതമുള്ള ധനസഹായവും ഏറെ ഗുണകരമാണ്. എന്നാല്‍ യാതൊരു പരിരക്ഷയും സഹായവും ലഭിക്കാത്ത സംരംഭകരാണ് ഈ സാഹചര്യത്തില്‍ കുടുങ്ങിപ്പോയിട്ടുള്ളത്. ഫിക്‌സഡ് കോസ്റ്റ് താങ്ങാനാകുന്നില്ലെന്നതാണഅ ഒരു വിഷയം. വാടക, ഇലക്ട്രിസിറ്റി ചാര്‍ജുകള്‍, ജീവനക്കാരുടെ പകുതിയും അതിലധികവും നല്‍കേണ്ട വേതനം, ലോണുകള്‍ എന്നിവയെല്ലാം ഒഴിവാക്കാനാകില്ലല്ലോ. വൈദ്യുത ബില്ലില്‍ ഇളവുകള്‍ നല്‍കാന്‍ പോലും ഇലക്ട്രിസിറ്റി ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ്. മാര്‍ച്ച് 23 മുതല്‍ അടഞ്ഞു കിടക്കുന്ന സംരംഭങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ അല്‍പ്പം എങ്കിലും ചലിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഭീമമായ വൈദ്യുതി ബില്‍ പോലും താങ്ങാന്‍ കഴിയൂ.
മറ്റൊരു പ്രശ്‌നം കേരളത്തിലെ എംഎസ്എംഇകളില്‍ പലതും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന അസംസ്‌കൃത വസ്തുക്കളെ ആശ്രയിച്ചാണ് ഉല്‍പ്പാദനം നടത്തുന്നത് എന്നതാണ്. എന്നാല്‍ ചരക്കു നീക്കം സുഗമമാക്കാനുള്ള നടപടികള്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ക്കു തന്നെ ബറോഡയില്‍ നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ എത്തുക. ഇനിയും എത്തിയില്ലെങ്കില്‍ ഉല്‍പ്പാദനം ഒരടി മുന്നോട്ടു പോകില്ലെന്ന അവസ്ഥയാണുള്ളത്.
സംരംഭകര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്താന്‍ ഉത്തരവ് വന്നെങ്കിലും ഇതു പല സംരംഭകര്‍ക്കും നിലവിലെ സാഹചര്യത്തില്‍ താങ്ങുന്നില്ല. അതിലും ഇളവുകള്‍ നല്‍കുന്നില്ല എന്നു മാത്രമല്ല സംരംഭകര്‍ക്ക് പരിരക്ഷ നല്‍കുന്ന പെന്‍ഷനോ ഇന്‍ഷുറന്‍സോ ഉറപ്പു വരുത്താനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കുന്നില്ല. മൂന്നാമത്തെ വിഷയം മോറട്ടോറിയമാണ്. മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലിശയിളവുകള്‍ വന്നിട്ടില്ല എന്നത് സംരംഭകര്‍ക്ക് ബാധ്യത തന്നെയാണ്. ആറ് മാസത്തേക്ക് കൂടിയെങ്കിലും മോറട്ടോറിയം നീട്ടി നല്‍കുന്നത് ഇടത്തരം സംരംഭകര്‍ക്ക് ഗുണകരമാകും.
പല സംസ്ഥാനങ്ങളും ലേബര്‍ ലോ പരിഷ്‌കരിച്ചെങ്കിലും കേരളത്തില്‍ അത്തരം കാര്യങ്ങള്‍ ഇനി എന്നു നടപ്പാക്കുമെന്ന ആശങ്കയിലാണ് സംരംഭകര്‍. ഇത്തരത്തില്‍ പോയാല്‍ പല സംരംഭകരും കടക്കെണിയിലാകും. ഇതര സംസ്ഥാനക്കാരെ സംരംക്ഷിക്കുന്ന നിയമത്തില്‍ മൂന്നിലൊന്നെങ്കിലും സംരംഭകരെ സഹായിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളെങ്കിലും വരുന്നില്ല എന്നതാണ് നിരാശാവഹമായ വസ്തുത. ഈ ഒരു പാക്കേജ് ബാങ്കുകള്‍ വഴി എന്നാണ് എംഎസ്എംഇകളിലേക്ക് എത്തുക?
അഭയ് കുമാര്‍
സംരംഭകന്‍, ബിസിനസ് കണ്‍സള്‍ട്ടന്റ്, ട്രയം മാര്‍ക്കറ്റിംഗ്
ഏത് പ്രതികൂല സാഹചര്യങ്ങളിലും ഇതുവരെ സീറോ ലയബലിറ്റി കമ്പനിയായി സംരംഭത്തെ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. എന്നാല്‍ ഇനി അത് സാധ്യമാകുമോ എന്ന കടുത്ത ആശങ്കയുണ്ട്. അതേസമയം നമ്മുടെ സംരംഭക സുഹൃത്തുക്കളില്‍ പലരുടെയും അവസ്ഥ അതി ഭീകരവുമാണ്. പലരും ലോണ്‍ എടുത്തും ഈട് നല്‍കി കടമെടുത്തും ബിസിനസ് നടത്തിയിരുന്നെങ്കില്‍ അവര്‍ നാളെ എന്തെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ്. ബാങ്കുകള്‍ വഴി സഹായമെത്തും എന്നു പറയുന്നത് എന്ന് യാഥാര്‍ത്ഥ്യമാകുമെന്നാണ് നമ്മള്‍ കരുതേണ്ടത്. ബാങ്കുകള്‍ കേന്ദ്രസര്‍ക്കാരിനെ അതേ പടി അനുസരിച്ച് ഈ അവസരത്തില്‍ പ്രവര്‍ത്തിക്കുമോ. പ്രത്യേക സംവിധാനം വഴി സഹായമെത്തിക്കലായിരുന്നു ചെയ്യേണ്ടത്. ബാങ്കുകള്‍ ഡോക്യുമെന്റുകള്‍ക്ക് മേല്‍ കടം നല്‍കിയാലും കൊറോണയുടെ പശ്ചാത്തലത്തില്‍ സ്ഥലവിലയും ബിസിനസിന്റെ മൂല്യവും വരെ പുനര്‍ നിര്‍ണയിക്കപ്പെടുമ്പോള്‍ എത്രശതമാനം തുക കുറയ്ക്കാമോ അത്ര കുറവേ വായ്പയായും നല്‍കുകയുള്ളു. പക്ഷെ അങ്ങനെയെങ്കിലും അതെന്ന് എന്നുള്ളതാണ് ചോദ്യം. 'ക്രെഡിറ്റ് ഡിലേയ്ഡ് ഈസ് ക്രെഡിറ്റ് ഡിനേയ്ഡ്' എന്നു തന്നെ പറയേണ്ടി വരും. എത്രത്തോളം കാര്യങ്ങള്‍ വൈകിക്കുന്നുവോ അത്രയേറെ ഫലമില്ലാതെ വരുമെന്നതാണ് അവസ്ഥ.
എംഎസ്എംഇ മേഖലയിലെ 25 ശതമാനം സംരംഭങ്ങളും സ്തംഭിച്ചു പോയിരിക്കുകയാണ്. ഈ സമയത്ത് അവര്‍ക്ക് കൈത്താങ്ങു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പാക്കേജ് പ്രയോജനപ്പെടുമെന്ന് തോന്നുന്നില്ല. സഹായമെത്തുന്നതിലെ കാലതാമസം തന്നെയാണ് അതിന്റെ പ്രധാന കാര്യം. രണ്ടാമത്തെകാര്യം സപ്ലൈ ചെയ്‌നുകള്‍ നിലച്ചതാണ്. സംരംഭങ്ങളെ ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലയ്ക്കും കൈത്താങ്ങു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും കൃത്യമായ ആക്ഷന്‍ പ്ലാന്‍ എടുക്കുകയും വേണം. മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭമെന്ന നിലയില്‍ മാര്‍ക്കറ്റിലേക്കിറക്കിയ പണം എന്നു തിരികെ വരും എന്നതിന് ഉറപ്പില്ല. ക്യാഷ് ഫ്‌ളോ ഇല്ലെന്നതും ചെയ്ന്‍ പോലെ പ്രവര്‍ത്തിക്കുന്ന മറ്റ് സംരംഭങ്ങളുടെ കൈവശം ലിക്വിഡ് ക്യാഷ് കുറഞ്ഞതുമെല്ലാം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ അവസരത്തെ വ്യക്തമായി പഠിച്ചുകൊണ്ടല്ല കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രശ്‌നം.
ധനകാര്യ ചിന്തകന്‍
കൈനനയ്ക്കാതെ മീന്‍ പിടിക്കാനുള്ള ശ്രമമാണ് ഗവണ്‍മെന്റ് നടത്തുന്നത്. മൂന്നു ലക്ഷം കോടി രൂപ ഈടില്ലാതെ വായ്പ കൊടുക്കുമെന്നു പറയുന്നു. എന്നാല്‍ അത് കൊടുക്കേണ്ടത് ബാങ്കുകളാണ്, സര്‍ക്കാരല്ല. ബാങ്കുകള്‍ക്ക് റിസ്‌ക് അവേര്‍ഷന്‍ കൂടുതലാണ്. കൃത്യമായ തിരിച്ചടവ് ശേഷി ഉറപ്പാക്കാതെ വായ്പ നല്‍കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ തയ്യാറാകില്ല. ഈട് ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ബാങ്കുകള്‍ കണക്കിലെടുത്തെ വായ്പ നല്‍കൂ. പദ്ധതികളുടെ വയബിലിറ്റി, വിപണി സാധ്യതകള്‍ ഒക്കെ ഇതില്‍ വരും. അപ്പോള്‍ മൂന്നു ലക്ഷം കോടി രൂപ കൊടുക്കുമെന്ന് പറഞ്ഞെങ്കിലും അത് ലഭിക്കുമെന്നതില്‍ ഉറപ്പില്ല.
മോദി ഗവണ്‍മെന്റ് വന്ന കാലം മുതല്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത് എംഎസ്എംഇ മേഖലയ്ക്കാണ്. മുദ്രാ വായ്പകള്‍ ഉള്‍പ്പെടെ പലതും അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആറു ലക്ഷം കോടി രൂപയുടെ വായ്പകള്‍ ഇതിനകം തന്നെ നല്‍കി കഴിഞ്ഞു. എന്നിട്ടു പ്രതിസന്ധിയിലായ മേഖലയ്ക്കാണ് ഇനി മൂന്നു ലക്ഷം കോടി രൂപ കൂടി നല്‍കുമെന്ന് പറയുന്നത്.
എംഎസ്എംഇ സെക്ടറിനെ സംബന്ധിച്ച് പണ ലഭ്യത പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് വിപണി. കയറ്റുമതിയെ കുറിച്ച് ചിന്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് നാമിപ്പോള്‍. എല്ലാ രാജ്യങ്ങളും അവരുടെ മാത്രം വിപണിയിലേക്ക് ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നു.
പിന്നെ അടുത്ത വഴി ആഭ്യന്തര വിപണിയാണ്. എംഎസ്എംഇകള്‍ക്ക് വായ്പ കൊടുത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് ആരോഗ്യത്തോടെ യൂണിറ്റുകള്‍ കൊണ്ടു നടക്കാന്‍ കഴിയണമെങ്കില്‍ ആഭ്യന്തര വിപണിയില്‍ വാങ്ങല്‍ ശേഷി ഉണ്ടാകണം. ആളുകളുടെ കൈയ്യില്‍ പണം വരണം. കൃഷി, വ്യവസായം എന്നീ രണ്ടു മേഖലകളിലേക്ക് പണമെത്തിക്കുകയാണ് ഇതിന് ഗവണ്‍മെന്റ് ചെയ്യേണ്ടത്. കൃഷിയുടെ കാര്യത്തില്‍ ഒന്നും മിണ്ടിയിട്ടില്ല. ഗ്രാമീണ് സമ്പദ് വ്യവസ്ഥയിലേക്ക് പണം വരുന്നത് മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പോലുള്ളവയില്‍ നിന്നാണ്. ആ രൂപത്തിലുള്ള പദ്ധതികളൊന്നും ഇപ്പോള്‍ വന്നിട്ടില്ല.
രണ്ടു കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരുന്നെങ്കില്‍ എംഎസ്ഇകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമായിരുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ കൃഷിയെ ഉള്‍പ്പെടുത്തുക, തൊഴില്‍ ദിനങ്ങളുടെ എണ്ണം കൂട്ടുക, വേതനം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആണ് ആദ്യത്തേത്. അതേ പോലെ കാര്‍ഷിക മേഖലയ്ക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കാം, സബ്സിഡി വര്‍ധിപ്പിക്കാം, വിപണിയിലെ ഇടത്തട്ട് ചൂഷണം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്താം. ഇത്തരം പദ്ധതികളൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യ കുറെയൊക്കെ തിരിച്ചു പിടിക്കാനാകുമായിരുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമ്പോള്‍ നമ്മുടെ ആഭ്യന്തര വിപണി ശക്തമാകും.
അതുവഴി മാത്രമേ എംഎസ്എംഇ സെക്ടറുകളിലെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ വിറ്റഴിക്കാനാകൂ. അല്ലെങ്കില്‍ സര്‍ക്കാരിന്റെ എല്ലാ പര്‍ച്ചേസുകളും എംഎസ്എംഇ സെക്ടറുകളില്‍ നിന്നായിരിക്കും എന്ന തരത്തിലുള്ള തീരുമാനം എടുക്കുകയാണെങ്കില്‍ നന്നായിരുന്നു. ഇതൊന്നും ചെയ്യാത്തിടത്തോളം കാലം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി കതരിന് വളെ വയ്ക്കുന്നതു പോലെയിരിക്കും.
പകരം ഇപ്പോള്‍ എംഎസ്എംഇ വിഭാഗത്താല്‍ ഉത്പാദന കമ്പനികള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ സര്‍വീസ് മേഖലയെ കൂടി കൊണ്ടു വന്നിരിക്കുകയാണ്. അതായ്ത് അവര്‍ക്കും വന്‍തോതില്‍ വായ്പ ലഭിക്കും. പക്ഷേ, അതുകൊണ്ട് കാര്യമില്ല. പ്രോഡക്ടീവ് സെകടറില്‍ തന്നെയാണ് വായ്പ ലഭിക്കേണ്ടത്.
അപ്പോള്‍ ഈ മുന്നൂ ലക്ഷം കോടി രൂപയുടെ പിന്നിലുള്ള സൈക്കോളജി വേറെയാണ്. ട്രംപും മറ്റും നടത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായി ചൈനയില്‍ നിന്ന് പിന്മാറുന്ന കമ്പനികള്‍ ഇന്ത്യയിലേക്ക് വരുമെന്നാണ് ഗവണ്‍മെന്റ് വിചാരിക്കുന്നത്. എന്നാല്‍ ഇത അത്ര എളുപ്പമായ കാര്യമല്ല. വളരെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ് ചൈന ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ചൈനയില്‍ അവര്‍ക്കുള്ള ലിവറേജ് ഇന്ത്യയില്‍ അവകാശപ്പെടാനാകില്ല. കുറഞ്ഞ കൂലി എന്ന ഒറ്റ ഗുണം മാത്രമേ ഇവിടെയുള്ളു. മേക്ക് ഇന്‍ ഇന്ത്യയിലൂടെ ലക്ഷ്യമിടുന്നതും ചൈനയ്ക്കു പകരം ഇന്ത്യയെ ഒരു ആള്‍ട്ടര്‍നേറ്റ് ഡെസ്റ്റിനേഷന്‍ ആക്കുകയെന്നതാണ്. എന്നാല്‍ അതൊന്നും അത്ര എളുപ്പത്തില്‍ നടക്കില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine