സംരംഭകത്വം:' വനിതകളുടെ പങ്കാളിത്തമുയര്‍ത്തിയാല്‍ ട്രില്യണുകള്‍ കൊയ്യാനാകും'

വനിതാ സംരംഭകര്‍ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്ന് ലണ്ടനില്‍ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്. ബിസിനസുകള്‍ ആരംഭിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നതൊഴിവാക്കാന്‍ ഭരണകൂടങ്ങളും സമൂഹവും ശ്രമം നടത്തുന്നപക്ഷം അത്ഭുതങ്ങള്‍ തന്നെ സംഭവിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വന്തമായി ബിസിനസുകള്‍ ആരംഭിക്കാന്‍ ആഗോള തലത്തില്‍ സ്ത്രീകള്‍ക്കു മതിയായ സഹായവും ഉത്തേജനവും നല്‍കിയാല്‍ ആഗോള സാമ്പത്തിക ഉല്‍പാദനം 5 ട്രില്യണ്‍ ഡോളര്‍ വരെ വര്‍ദ്ധിക്കുമെന്നാണു കണ്ടെത്തല്‍. ജപ്പാനിലെ സമ്പദ്വ്യവസ്ഥയോളം വരുമിത്. മിക്കവാറും എല്ലാ രാജ്യങ്ങളിലും സ്ത്രീ സംരംഭകരേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ തന്നെയാണെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും (ബി.സി. ജി) ചെറി ബ്ലെയര്‍ ഫണ്ടേഷന്‍ ഫോര്‍ വിമനും ചേര്‍ന്നു നടത്തിയ പഠനത്തില്‍ പറയുന്നു.

വിയറ്റ്‌നാം, മെക്്‌സിക്കോ, ഇന്തോനേഷ്യ, ഫിലിപ്പിന്‍സ് എന്നിവ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും സ്ത്രീകളേക്കാളധികമായി, താരതമ്യേന പ്രായമേറെയുള്ള പുരുഷന്മാര്‍ പുതുതായി ബിസിനസ് രംഗത്തു വരുന്നതായും കണ്ടെത്തി. പക്ഷേ തുര്‍ക്കി, ദക്ഷിണ കൊറിയ, സ്ലൊവാക്യ ഉള്‍പ്പെടെ വിശകലനം ചെയ്ത രാജ്യങ്ങളില്‍ പകുതിയിലും സംരംഭകത്വത്തിലെ ലിംഗഭേദം 2014 നു ശേഷം കുറഞ്ഞു വരുന്നതായി തെളിഞ്ഞു. അതേസമയം സ്വിറ്റ്‌സര്‍ലന്‍ഡ്, ഉറുഗ്വേ, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ 40% രാജ്യങ്ങളില്‍ ഈ വിടവ് വര്‍ദ്ധിച്ചു. കുടുംബങ്ങളിലെ സാമ്പത്തിക പങ്കാളിത്തത്തില്‍ സ്ത്രീകള്‍ക്കു സ്വാഭാവികമായി നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥ അവരെ ബിസിനസ് സംരംഭങ്ങളിലേര്‍പ്പെടുന്നതില്‍ നിന്നു മാറ്റിനിര്‍ത്തുന്ന പ്രധാന ഘടകമാണിപ്പോഴും.

സ്ത്രീകള്‍ സ്ഥാപിച്ചതോ നയിക്കുന്നതോ ആയ ബിസിനസുകളെ പിന്തുണയ്ക്കുന്ന 'ജെന്‍ഡര്‍ ലെന്‍സ്' അഥവാ 'ജെന്‍ഡര്‍-സ്മാര്‍ട്ട്' നിക്ഷേപ പ്രവണത ലിംഗഭേദം അവസാനിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി നിക്ഷേപകര്‍ക്കിടയില്‍ മെല്ലെ ഉണര്‍ന്നുവരുന്നുണ്ട്. എങ്കിലും, പിന്തുണാ ശൃംഖലകളുടെ അഭാവം സ്ത്രീ സംരംഭകത്വത്തെ തടഞ്ഞുനിര്‍ത്തുന്ന മറ്റൊരു വെല്ലുവിളിയാണെന്ന് പഠനം പറയുന്നു. ' ക്രെഡിറ്റ് സൗകര്യം ലഭ്യമാക്കുന്ന വഴികളിലേക്കോ പരിശീലനത്തിലേക്കോ ഉള്ള പ്രവേശനം മാത്രമല്ല മുഖ്യം. സാങ്കേതിക പരിജ്ഞാനത്തിനുള്ള നെറ്റ്വര്‍ക്കുകളുടെ പ്രാധാന്യം, ബിസിനസ്സ് ഉറവിടങ്ങളുമായുള്ള സമ്പര്‍ക്കം, റോള്‍ മോഡലുകള്‍, പിന്തുണാ ഘടകങ്ങള്‍ എന്നിവ നിര്‍ണ്ണായകമാണ്' - ബി.സി.ജി മാനേജിംഗ് ഡയറക്ടര്‍ ശാലിനി ഉണ്ണികൃഷ്ണന്‍ പറയുന്നു .

Related Articles
Next Story
Videos
Share it