തൊഴില്‍ നഷ്ടപ്പെട്ടോ? വായ്പ ലഭ്യമായുള്ള സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് അറിയാം

കൊറോണ പ്രതിസന്ധി നേരിട്ടത് മുതല്‍ ലോകം മുഴുവനുമുള്ള ബിസിനസും തൊഴില്‍ മേഖലകളുമെല്ലാം പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. ചെറുതും വലുതുമായ ജോലികള്‍ നഷ്ടപ്പെട്ട് പലരും വിദേശ രാജ്യങ്ങളില്‍ നിന്നും തിരികെ നാട്ടിലെത്തുന്നു. വന്‍കിട ബിസിനസ് സ്ഥാപനങ്ങളില്‍ പലതും ഇപ്പോഴും പ്രതിസന്ധി തരണം ചെയ്യാന്‍ പ്രയാസപ്പെടുന്നു. ഈ അവസരത്തില്‍ സ്വയം തൊഴില്‍ ആരംഭിക്കുക എന്നതാണ് ജീവിതം കരുപ്പിടിപ്പിക്കാനുള്ള വഴി. പക്ഷെ ബിസിനസ് തുടങ്ങാനുള്ള മറ്റെല്ലാ കാര്യങ്ങളും ഒത്തുവന്നാലും പലരെയും പിന്നോട്ടു വലിക്കുന്നത് പണം എവിടെ നിന്ന് എന്നുളള ആശയക്കുഴപ്പമാണ്. സ്വയം തൊഴില്‍ തുടങ്ങാനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. ബാങ്കുകളും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കു വേണ്ടി മിതമായ പലിശനിരക്കില്‍ ലോണ്‍ അനുവദിക്കുന്നുണ്ട്. ഇവ ബുദ്ധിപൂര്‍വം തെരഞ്ഞെടുത്താല്‍ ബിസിനസിനു പണം എവിടെ നിന്നെന്ന ആശങ്കകളൊഴിവാക്കാം.

എംഎസ്എംഇ മേഖല അഥവാ മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസുകളില്‍ നിലവില്‍ യൂണിറ്റിനും ഉപകരണങ്ങള്‍ക്കുമായി ഒരു കോടി രൂപ വരെ നിക്ഷേപമുള്ളതും വാര്‍ഷിക വിറ്റുവരവ് അഞ്ചു കോടിയില്‍ താഴെയും വരുന്ന സംരംഭങ്ങളാണ് സൂക്ഷ്മ വിഭാഗത്തില്‍ പെടുന്നത്. യൂണിറ്റിനും ഉപകരണങ്ങള്‍ക്കുമായി പത്തു കോടി രൂപ വരെ നിക്ഷേപമുള്ളതും വാര്‍ഷിക വിറ്റുവരവ് അമ്പതു കോടിയില്‍ താഴെയും വരുന്ന സംരംഭങ്ങളാണ് ചെറുകിട വിഭാഗത്തില്‍ പെടുന്നത്. 50 കോടി രൂപ വരെ നിക്ഷേപമുള്ളതും വാര്‍ഷിക വിറ്റുവരവ് 250 കോടിയില്‍ താഴെയും വരുന്ന സംരംഭങ്ങളാണ് ഇടത്തരം വിഭാഗത്തില്‍ പെടുന്നത്. ഇവയില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കായുള്ള വിവിധ പദ്ധതികള്‍ ലഭ്യമാണ്.
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പിഎംഇജിപി)
പിഎംഇജിപി വഴി ഒറ്റയ്ക്കും കൂട്ടായും തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് വായ്പ എടുക്കാം. വെബ് പോര്‍ട്ടല്‍ വഴിയാണ് (www.kviconline.gov.in) അപേക്ഷിക്കേണ്ടത്. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയോ താലൂക്ക് വ്യവസായ കേന്ദ്രങ്ങള്‍ വഴിയോ ഇതിനു സഹായവും ലഭിക്കും. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പ്രോജക്റ്റ് കേട്ടതിനുശേഷമാകും വായ്പ ലഭ്യമാക്കുന്നത്. ആരംഭിച്ച വ്യവസായം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു എങ്കില്‍ വികസനത്തിനായും വായ്പ ലഭ്യമാകും.
സ്റ്റാന്‍ഡ് അപ് ഇന്ത്യ
ഈ വായ്പ പ്രത്യേക വിഭാഗമായി നല്‍കുന്നവയിലുള്‍പ്പെട്ടതാണ്. 51 ശതമാനം ഓഹരിയെങ്കിലും വനിതയുടെയോ ദലിത് അംഗ ത്തിന്റെയോ പേരിലുള്ള സംരംഭത്തിനാണ് ഈ വായ്പ ലഭിക്കുക. ഉല്‍പ്പാദന വ്യവസായം, കച്ചവടം, വിപണനം, സേവന സംരംഭങ്ങള്‍ എന്നിവ തുടങ്ങാന്‍ 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പ ലഭിക്കും. 25 ശതമാനം മാര്‍ജിന്‍ തുകയാണ്. ഏഴു വര്‍ഷത്തിനുള്ളില്‍ തുക തിരിച്ചടയ്ക്കണം. 18 മാസം വരെ മൊറട്ടോറിയം ലഭ്യമാണ്.
www.standupmitra.in
സന്ദര്‍ശിക്കുക. പലിശയിളവ് നേടാനായി www.champions.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
സംരംഭകത്വ വികസന പരിപാടി
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ചു നടപ്പാക്കിയ തൊഴില്‍ സംരംഭകത്വ വികസന പരിപാടിയായ ഇതിലൂടെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) വഴി വ്യവസായ യൂണിറ്റുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. 50 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കും. പത്തു ശതമാനം മാര്‍ജിന്‍ മണി ആണ്. മെച്ചപ്പെട്ട സിബില്‍ സ്‌കോറും വേണം. പത്തു ശതമാനമാണ് പലിശയെങ്കിലും മൂന്നു ശതമാനം പലിശ സബ്‌സിഡി സര്‍ക്കാര്‍ വഹിക്കും. വായ്പ തിരിച്ചടവിന് മൊറട്ടോറിയവും ലഭിക്കും.
www.kfc.org
വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കെഇഎസ്ആര്‍യു (KESRU)
പദ്ധതി ചെലവിന്റെ 20 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി അപേക്ഷിക്കാം. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസിലെ സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫിസര്‍ക്കോ അപേക്ഷ നല്‍കാം. ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് മള്‍ട്ടി പര്‍പസ് ജോബ് ക്ലബ് പദ്ധതി വഴി ഗ്രാന്‍ഡ്, സബ്‌സിഡി എനന്ിവയുമുണ്ട്. വിധവകള്‍, വിവാഹമോചിതര്‍, എസ്സി, എസ്ടി വിഭാഗത്തില്‍ പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കു വേണ്ടിയുള്ളതാണ് ശരണ്യ പദ്ധതി. 21 55 പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള സ്വയംതൊഴില്‍ പദ്ധതിയാണ് കൈവല്യ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്
www.employment.kerala.gov.in
.
പ്രവാസികള്‍ക്ക്
പ്രവാസി കിരണ്‍ വഴി പ്രവാസികള്‍ക്കു 30 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും. വിശദ വിവരങ്ങള്‍ക്കായി കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡുമായി (കേരളാ ബാങ്ക്) ബന്ധപ്പെടാം. വെബ്‌സൈറ്റ് www.keralacobank.com.. ഇത് കൂടാതെ വിവിധ ബാങ്കു ശാഖകള്‍ വഴി നോര്‍ക്ക റൂട്ട്‌സ് പ്രവാസി (എന്‍ഡി പ്രേം) വായ്പാ പദ്ധതിയുമുണ്ട്. ഇതു പ്രകാരം മൂലധന സബ്‌സിഡിക്കു പുറമേ നിശ്ചിത വര്‍ഷത്തേക്ക് പലിശ സബ്‌സിഡിയും ലഭ്യമാക്കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് www.norkaroos.org/ndprem kµÀin¡mw.
ഇഎസ്എസ്
പുതിയ സംരംഭം തുടങ്ങാന്‍ പദ്ധതി ഇടുന്നവര്‍ക്കും നടത്തികൊണ്ടിരിക്കുന്ന സംരംഭങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ സംരംഭ സഹായപദ്ധതി (എന്റര്‍പ്രണര്‍ സപ്പോര്‍ട് സ്‌കീം ഇഎസ്എസ്) ഉപകരിക്കും. കെട്ടിട നിര്‍മാണം, മെഷീനുകളും ഉപകരണങ്ങളും, ഇലക്ട്രിക്കല്‍ സംവിധാനം, ജനറേറ്റര്‍, ഫര്‍ണിച്ചര്‍, കംപ്യൂട്ടര്‍, മലിനീകരണ നിയന്ത്രണ സംവിധാനം തുടങ്ങിയവ അടക്കമുള്ള ഒറ്റത്തവണ സ്ഥിരനിക്ഷേപം അടിസ്ഥാനമാക്കിയാണ് വായ്പ ലഭ്യമാക്കുന്നത്. പൊതു വിഭാഗത്തിന് 15 ശതമാനം വരെ സഹായം പരമാവധി 20 ലക്ഷം രൂപ വരെ) ലഭിക്കും. പ്രത്യേക വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ക്കും എസ്സി, എസ്ടി വിഭാഗക്കാര്‍ക്കും, 45 വയസ്സിനു താഴെ പ്രായമുള്ള യുവതീ യുവാക്കള്‍ക്കും 30 ലക്ഷം രൂപ വരെ സഹായം കിട്ടും. വിശദ വിവരങ്ങള്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രം സന്ദര്‍ശിക്കാം.
സംരംഭങ്ങള്‍ തുടങ്ങുന്നതിനു വനിതകള്‍ക്ക് സഹായം നല്‍കാന്‍ വനിതാ വികസന കോര്‍പ്പറേഷനും ന്യൂനപക്ഷ വികസന കോര്‍പറേഷനും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വിവിധ പദ്ധതികള്‍ക്കായി പരമാവധി പത്തു ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും. www.kswdc.org. സന്ദര്‍ശിക്കുക.
ആശ സ്‌കീം
കരകൗശല മേഖലയില്‍ ചെറുകിട ഇടത്തരം തുടങ്ങുന്നതിനായി സ്ഥിര നിക്ഷേപത്തിന്റെ 40 ശതമാനം വരെ (പരമാവധി രണ്ടു ലക്ഷം രൂപ) ഗ്രാന്റ് നല്‍കുന്ന പദ്ധതിയാണ് ആശ സ്‌കീം. വനിതകള്‍ക്കും എസ്സി, എസ്ടി യുവാക്കള്‍ക്കും 50 ശതമാനം വരെ (പരമാവധി മൂന്നു ലക്ഷം രൂപ) വായ്പ ലഭിക്കും. എന്നാല്‍ ആര്‍ട്ടിസന്‍ കാര്‍ഡ്, കരകൗശല സ്ഥാപനങ്ങളിലെ അംഗത്വം എന്നിവ ഉള്ളവരാണ് വായ്പാ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകുക.
ജില്ലാ വ്യവസായ കേന്ദ്രം, എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്ത്യ, എംഎസ്എംഇ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവ വഴിയും വ്യവസായ, സംരംഭകത്വ പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്. വ്യവസായ, സംരംഭകത്വ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അതത് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നുണ്ട്. വിദഗ്ധരുടെ ക്ലാസുകളും, സമ്പര്‍ക്ക ക്ലാസുകളും യൂണിറ്റ് സന്ദര്‍ശനവുമടക്കമുള്ള സര്‍ട്ടിഫിക്കറ്റ് വായ്പാ ലഭ്യത എളുപ്പത്തിലാക്കും. ഇതിനായി നിങ്ങളുടെ ജില്ലയിലെ ലീഡ് ബാങ്കുമായി ബന്ധപ്പെടാം.
വിവരങ്ങള്‍ വിവിധ വെബ്‌സൈറ്റുകള്‍ വഴി ശേഖരിച്ചത്. നിര്‍ദ്ദിഷ്ട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംരംഭകത്വത്തിലേക്കിറങ്ങുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it