Begin typing your search above and press return to search.
ബിസിനസ് വായ്പയ്ക്ക് എന്തിനാണ് ബാങ്കുകള്‍ ബാലന്‍സ് ഷീറ്റ് ആവശ്യപ്പെടുന്നത്?
ബിസിനസ് വായ്പ കിട്ടാനായി ബാങ്കില്‍ വസ്തുവും മറ്റും ഈടുവയ്ക്കുന്നില്ലേ? പിന്നെ എന്തിനാണ് സംരംഭകന്റെ ബാലന്‍സ് ഷീറ്റും ആവശ്യപ്പെടുന്നത്? പല സംരംഭകരുടേയും സംശയമാണിത്. വായ്പയെടുക്കുന്ന പണം കൊണ്ട് ബിസിനസ് നടത്തി അതില്‍ നിന്ന് ഉണ്ടാവുന്ന വരുമാനത്തില്‍ നിന്ന് വേണം പലിശ തിരിച്ചടയ്ക്കാന്‍. അതിനാല്‍ ബിസിനസ് ആവശ്യത്തിന് വായ്പ നല്‍കുമ്പോള്‍ ആ തുക ഉപയോഗിച്ച് നടത്തുന്ന ബിസിനസിന്റെ ഭാവി കൂടി മനസിലാക്കേണ്ടതുണ്ട്. നിലവിലുള്ള ബിസിനസ് വിപുലമാക്കാനാണ് വായ്പയെങ്കില്‍ ഈ ബിസിനസ് ഇപ്പോള്‍ നല്ല രീതിയിലാണോ നടക്കുന്നത്, വായ്പ എടുത്തുകഴിഞ്ഞാല്‍ ഏതു രീതിയിലായിരിക്കും ബിസിനസ് നടക്കുക എന്നീ കാര്യങ്ങളെല്ലാം നോക്കണം. ഇക്കാര്യങ്ങളെല്ലാം മനസിലാക്കുന്നതിനാണ് ബാലന്‍സ് ഷീറ്റും മറ്റു ബന്ധപ്പെട്ട രേഖകളും ബാങ്കുകള്‍ ആവശ്യപ്പെടുന്നത്.
ബാലന്‍സ് ഷീറ്റില്‍ എന്താണ് ഉള്ളത്?
ഒരു ബിസിനസ് സ്ഥാപനത്തിന്റെ ബാലന്‍സ് ഷീറ്റില്‍ പ്രധാനമായും മൂന്ന് വസ്തുതകളാണ് ഉണ്ടാകുക. കമ്പനിയുടെ ആസ്തികള്‍ (Assets), കമ്പനിയുടെ കടങ്ങള്‍ (Liabilities), കമ്പനിയില്‍ ഉടമസ്ഥരുടെ മുതല്‍മുടക്ക് (Share capital). ഈ വിവരങ്ങളുടെ വിശകലനത്തിലൂടെ കമ്പനിയുടെ ശക്തിയും നടത്തിപ്പിലെ മികവും മുന്നോട്ടുള്ള വളര്‍ച്ചയും മനസിലാക്കാന്‍ കഴിയും. ഈ വിശകലനമാണ് കമ്പനിയുടെ ബാലന്‍സ് ഷീറ്റു വഴി ബാങ്കുകള്‍ നടത്തുന്നത്.
കടം വാങ്ങാതെ കടങ്ങള്‍ വീട്ടാന്‍ കഴിയുമോ?
കടം വാങ്ങാതെ ദൈനംദിന ഉല്‍പാദനവും മറ്റു പ്രവര്‍ത്തനങ്ങളും നടത്താനും നിലവിലുള്ള കടങ്ങൾ വീട്ടാനും കഴിയുമെങ്കില്‍ ആ കമ്പനി ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുപോകും. ഇത് മനസിലാക്കാന്‍ കറന്റ് റേഷ്യോ (Current ratio) സഹായിക്കും. ബാലന്‍സ് ഷീറ്റില്‍ കാണിച്ചിട്ടുള്ള ക്യാഷ്, എളുപ്പത്തില്‍ ക്യാഷ് ആക്കി മാറ്റാവുന്ന മറ്റു നിക്ഷേപങ്ങള്‍ (ബാങ്ക് നിക്ഷേപങ്ങള്‍ മുതലായവ), അസംസ്‌കൃത വസ്തുക്കള്‍, ഉല്‍പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള വസ്തുക്കള്‍, ഉല്‍പാദനം പൂര്‍ത്തിയായി വില്‍നയ്ക്ക് തയ്യാറായി ഇരിക്കുന്ന വസ്തുക്കള്‍ എന്നിവ അടങ്ങുന്ന ചരക്കുകള്‍ (inventory), ഉല്‍പന്നങ്ങള്‍ കടം വാങ്ങിയവരില്‍ നിന്ന് കിട്ടാനുള്ള തുക (Receivables) ഇവയെല്ലാം ചേര്‍ന്നുള്ള ആസ്തികളാണ് കറന്റ് അസറ്റുകള്‍ (current assets) എന്ന വിഭാഗത്തില്‍ പെടുന്നത്.
ചരക്ക് വാങ്ങിയവര്‍ക്ക് കൊടുക്കാനുള്ള തുക (sundry creditors), ജോലിക്കാര്‍ക്ക് കൊടുക്കാന്‍ ബാക്കിയുള്ള വേതനം മുതലായവ, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കേണ്ട മറ്റു കടങ്ങള്‍ ഇവയെല്ലാം ചേര്‍ന്നാല്‍ അത് കറന്റ് ലയബിലിറ്റീസ് (current liabilities) ആയി.
കറന്റ് അസറ്റുകളും കറന്റ് ലയബിലിറ്റീസും തമ്മിലുള്ള റേഷ്യോ ആണ് കറന്റ് റേഷ്യോ. കറന്റ് അസറ്റുകള്‍ ഏറ്റവും കുറഞ്ഞത് കറന്റ് ലയബിലിറ്റീസിന്റെ ഒപ്പമെങ്കിലും വേണം. അല്ലെങ്കില്‍ കമ്പനിക്ക് ദൈനംദിന നടത്തിപ്പിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പ്രവര്‍ത്തനം നിലയ്ക്കും. കറന്റ് അസറ്റുകള്‍ കറന്റ് ലയബിലിറ്റീസിനേക്കാള്‍ ഒന്നര മടങ്ങോ രണ്ടിരട്ടിയോ ഉണ്ടെങ്കില്‍ കമ്പനി സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയും.
കറന്റ് അസറ്റുകള്‍ കണക്കാക്കുമ്പോള്‍, വളരെ പഴയതും തുടര്‍ന്ന് ഉപയോഗിക്കാന്‍ പറ്റാത്തതുമായ ചരക്കുകള്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കണം. അതുപോലെ, കുറെ നാളായി പിരിഞ്ഞു കിട്ടാത്ത തുകകള്‍ ഇനി ഉടനെ കിട്ടാന്‍ സാധ്യതയില്ലെങ്കില്‍ അവയും ഒഴിവാക്കാം. കറന്റ് റേഷ്യോ ഒന്നരയോ അതിന് മുകളിലോ ഉണ്ടെങ്കില്‍ ബാങ്ക് വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
പുറം കടങ്ങള്‍ കൂടുതലാണോ?
ബാങ്കുകള്‍ നോക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം കമ്പനിയുടെ പുറം കടങ്ങള്‍ (Debts) എത്രയുണ്ട് എന്നാണ്. വായ്പയുടെ അളവ് കൂടുതലായാല്‍ അതിന്റെ പലിശയും മുതലും സമയാസമയങ്ങളില്‍ കൊടുത്തു തീര്‍ക്കാന്‍ കമ്പനിക്ക് കഴിയണമെന്നില്ല. കടമെടുത്തു മാത്രം ഒരു കമ്പനി നടത്തുന്നത് ഉചിതമല്ല. അതിനാല്‍ കമ്പനിയുടെ ഉടമസ്ഥര്‍ (പ്രൊമോട്ടര്‍മാര്‍, ഷെയര്‍ ഉള്ളവര്‍) കമ്പനിയില്‍ ഇറക്കിയിട്ടുള്ള മൂലധനം (capital) എത്രയെന്നും ഈ മൂലധനത്തേക്കാള്‍ എത്ര കൂടുതലാണ് പുറത്തു നിന്നുള്ള കടമെന്നും ബാങ്കുകള്‍ നോക്കും. മൂലധനവും കടങ്ങളും തമ്മിലുള്ള ആനുപാതത്തെ ഡെറ്റ് ഇക്വിറ്റി റേഷ്യോ (debt equity ratio) എന്നാണു പറയുക.
ഉടമസ്ഥരുടെ മുതല്‍ മുടക്കിന്റെ ഇരട്ടി വരെ കടങ്ങള്‍ എടുത്താല്‍ തെറ്റില്ല. ഇത് മൂന്നിരട്ടിയും നാലിരട്ടിയും ഒക്കെ ആവുന്നത് കമ്പനിയുടെ ശക്തി കുറവായി കാണും. കമ്പനിയുടെ പ്രവര്‍ത്തനം തകരാറിലാകാനും ഉടമസ്ഥര്‍ക്ക് മുടക്ക് മുതല്‍ നഷ്ടപ്പെടാനുമെല്ലാം ഇത് കാരണമായേക്കാം. ബാങ്കുകള്‍ക്ക് വായ്പ തിരിച്ചുകിട്ടാന്‍ ബുദ്ധിമുട്ടാകും.
പലിശയും മുതലും സമയാസമയങ്ങളില്‍ അടക്കാന്‍ കഴിയുമോ?
കമ്പനിയുടെ പ്രവര്‍ത്തന വരുമാനം (net operating income) കൊണ്ട് വായ്പകളുടെ പലിശയും മുതലും മറ്റു കട ബാധ്യതകളും സമയാസമയങ്ങളില്‍ തിരിച്ചടയ്ക്കാനാകുമോ എന്നാണ് ബാങ്കുകള്‍ പരിശോധിക്കുന്ന മറ്റൊരു കാര്യം. പ്രവര്‍ത്തന വരുമാനം അടവ് ബാധ്യതയേക്കാള്‍ എത്ര മാത്രം കൂടുതലുണ്ട് എന്ന് നോക്കിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. അടവ് ബാധ്യതയേക്കാള്‍ ഇരട്ടി പ്രവര്‍ത്തന വരുമാനം ഉണ്ടെങ്കില്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയ്യാറാകും. ഒന്നേകാല്‍ മുതല്‍ ഒന്നര ഇരട്ടിവരെയുണ്ടെങ്കിലും നല്ലതാണ്. ഒന്നിന് താഴെയാണെങ്കില്‍, അതിനര്‍ത്ഥം വായ്പകളുടെ അടവ് യഥാസമയം അടച്ചു തീര്‍ക്കാന്‍ കമ്പനിക്ക് കഴിയില്ല എന്നാണ്.
കമ്പനിയുടെ മുടക്ക് മുതലിന് ആനുപാതികമായി ലാഭമുണ്ടോ?
കമ്പനിയില്‍ കെട്ടിടത്തിനും മെഷീനുകള്‍ക്കുമായി മുടക്കിയിരിക്കുന്ന മുതല്‍ വ്യവസായങ്ങള്‍ക്കനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കും. എന്നാല്‍ മുടക്ക് മുതലിന് ആനുപാതികമായി വരുമാനമുണ്ടാക്കാന്‍ കമ്പനിക്ക് കഴിയുന്നുണ്ടോ എന്നത് പ്രധാനമാണ്. ഒരു വര്‍ഷത്തെ വിറ്റുവരവും ശരാശരി മുടക്കുമുതലും തമ്മിലുള്ള ബന്ധം നോക്കിയാണ് ഇത് മനസിലാക്കുന്നത്. മുടക്കുമുതലിന് പത്തു ശതമാനമോ അതിന് മുകളിലോ ലാഭമുണ്ടാക്കാന്‍ (ROI) കഴിയുന്നുണ്ടെങ്കില്‍ അത് നല്ലതാണ്.
ഉല്‍പന്നങ്ങള്‍ വിറ്റുപോകുന്നുണ്ടോ, ചരക്ക് വാങ്ങുന്നവര്‍ പണം സമയത്തിന് തരുന്നുണ്ടോ?
ഒരു വര്‍ഷം എത്ര തുകയ്ക്കാണ് (cost of goods sold) ഉല്‍പന്നങ്ങള്‍ വിറ്റത് എന്നതും ശരാശരി ഇന്‍വെന്ററി (inventory) എത്രയെന്നുമുള്ള കണക്കിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ ഉല്‍പന്നത്തിന് വിപണിയിലുള്ള ആവശ്യവും അഭിപ്രായവും അറിയുന്നത്.
എത്ര സമയം കൊണ്ടാണ് അസംസ്‌കൃതവസ്തുക്കള്‍ വില്‍പനക്കുള്ള അന്തിമ ഉല്‍പന്നമായി മാറുന്നത്, എത്ര സമയം കൊണ്ടാണ് അന്തിമ ഉല്‍പന്നം വിറ്റു പോകുന്നത് എന്നീ കാര്യങ്ങള്‍ കമ്പനിയുടെ ഭാവി നിശ്ചയിക്കുന്ന ഘടകങ്ങളാണ്. കൂടുതല്‍ തവണ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതും അത് അന്തിമ ഉല്‍പന്നമായി വില്‍ക്കുന്നതും കമ്പനിയുടെ ശക്തിയാണ് കാണിക്കുക.
ഉല്‍പന്നങ്ങള്‍ കടത്തിന് വാങ്ങിയ ആളുകള്‍ ആ തുക എത്ര നാളുകള്‍ കൊണ്ടാണ് തിരിച്ച് തരുന്നത് എന്നതും പ്രധാനമാണ്. വിറ്റു വരവും (net sales) ശരാശരി റീസിവബിള്‍സും തമ്മിലുള്ള ബന്ധം നോക്കിയാല്‍ ഇക്കാര്യം അറിയാം.
ബാലന്‍സ് ഷീറ്റ് ഓഡിറ്റ് ചെയ്യണോ?
എല്ലാ ബാലന്‍സ് ഷീറ്റും ഓഡിറ്റ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. വിറ്റു വരവ് ഒരു കോടി രൂപ വരെ ആണെങ്കില്‍ ബാലന്‍സ് ഷീറ്റ് ഓഡിറ്റ് നിര്‍ബന്ധമില്ല. അഞ്ചു ശതമാനത്തിനു മുകളില്‍ ക്യാഷ് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍, വിറ്റുവരവ് ഒരു കോടിക്ക് മുകളില്‍ ആണെങ്കില്‍ ബാലന്‍സ് ഷീറ്റ് ഓഡിറ്റ് ചെയ്യണം. ക്യാഷ് ഇടപാടുകള്‍ അഞ്ചു ശതമാനത്തിനു താഴെയാണെങ്കില്‍, പത്തു കോടിയോ അതിന് മുകളിലോ വിറ്റു വരവുണ്ടെങ്കില്‍ മാത്രം ബാലന്‍സ് ഷീറ്റ് ഓഡിറ്റ് ചെയ്താല്‍ മതി.
കണക്കിലെ കളികള്‍ ഒഴിവാക്കുക
കമ്പനികളുടെ ബാലന്‍സ് ഷീറ്റുകള്‍ തയ്യാറാക്കുമ്പോള്‍ പല കാരണങ്ങളാല്‍ യഥാര്‍ത്ഥ കണക്കുകള്‍ കാണിക്കാതിരിക്കുന്ന രീതി കാണാറുണ്ട്. താത്കാലികമായി ചിലപ്പോള്‍ ഇത്തരം കാര്യങ്ങള്‍ കമ്പനിയെ സഹായിക്കുമെങ്കിലും മുന്നോട്ടു പോകുമ്പോള്‍ ഇത്തരം കണക്കിലെ കളികള്‍ ഗുണം ചെയ്യില്ല. മാത്രമല്ല, ബാങ്കുകളിലേയും മറ്റു സാമ്പത്തിക സ്ഥാപനങ്ങളിലെയും വായ്പാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇത്തരം സൂത്രപ്പണികള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിവുള്ളവരാണ്. അതിനാല്‍, ബിസിനസ് ചെറുതായാലും വലുതായാലും വര്‍ഷാവസാന കണക്കുകള്‍ സത്യസന്ധമായി തയ്യാറാക്കുകയാണ് ബിസിനസിന്റെ വളര്‍ച്ചക്കും ദീര്‍ഘകാല വിജയത്തിനും നല്ലത്.
(ബാങ്കിംഗ ധനകാര്യ വിദഗ്ദ്ധനാണ് ലേഖകന്‍)
Next Story
Videos