ജീവിതവും നിക്ഷേപവും;യുവാക്കള്‍ക്ക് വാറന്‍ ബഫെറ്റ് നല്‍കുന്ന പാഠങ്ങള്‍

ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകന്‍ ആരാണ് എന്ന ചോദ്യത്തിന് കാര്യമായി ആലോചിക്കാതെ തന്നെ വാറന്‍ ബഫെറ്റ് എന്ന് മറുപടി പറയാം. ആധുനിക നിക്ഷേപ മാനേജ്‌മെന്റ് വിദഗ്ധര്‍ പോലും ചെവിയോര്‍ക്കുന്ന പ്രതിഭാശാലിയാണ് 'ഒമാഹയിലെ വെളിച്ചപ്പാട്' എന്ന് വിളിപ്പേരുള്ള വാറന്‍ ബഫെറ്റ്. 89 വയസ്സ് തികയുന്ന അദ്ദേഹത്തിന് ജീവിതത്തെയും നിക്ഷേപത്തെയും സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. വാറന്‍ ബഫെറ്റ് നല്‍കുന്ന ബിസിനസ് ജീവിത പാഠങ്ങള്‍.

''നന്നേ ചെറുപ്പത്തിലേ കുട്ടികളെ നിക്ഷേപം തുടങ്ങാന്‍ കുട്ടികളെ പ്രേരിപ്പിക്കുക.''

പതിനൊന്നാം വയസ്സിലാണ് ബഫെറ്റ് ആദ്യമായി ഓഹരി വാങ്ങുന്നത്. ചേച്ചി ഡോറിസിനും തനിക്കുമായി സിറ്റീസ് സര്‍വീസിന്റെ ഓഹരി 38 ഡോളറിന് വാങ്ങി. പില്‍ക്കാലത്ത് ഇതിനെക്കുറിച്ച് താന്‍ നിക്ഷേപം തുടങ്ങാന്‍ വളരെ വൈകി എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

''ചെറിയ ചെറിയ സമ്പാദ്യങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് കുറെ കാര്യങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. നിങ്ങളുടെ കുട്ടികളെ എന്തെങ്കിലും തരത്തിലുള്ള ബിസിനസ് തുടങ്ങാന്‍ പ്രേരിപ്പിക്കുക.''

ആറാം വയസ്സിലാണ് ബഫെറ്റ് തന്റെ ആദ്യ ബിസിനസ് തുടങ്ങിയത്. മുത്തച്ഛനില്‍ നിന്നു വാങ്ങിയ ആറു കൊക്കകോള ടിന്നുകള്‍ മറിച്ചു വിറ്റു ബഫെറ്റ് അന്ന് അഞ്ച് സെന്റ് ലാഭമുണ്ടാക്കി.

''നിങ്ങള്‍ എന്താണോ ആയിരിക്കുക, അതായിരിക്കുക.''

വാറന്‍ ബഫേറ്റിന് ഡ്രൈവറോ അംഗരക്ഷകരോ ഉണ്ടായിരുന്നില്ല. സ്വന്തമായി കാര്‍ ഡ്രൈവ് ചെയ്തായിരുന്നു അദ്ദേഹം ഇക്കഴിഞ്ഞ നാള്‍ വരെ എല്ലായിടത്തും പോയിരുന്നത്.

''നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഒന്നും വാങ്ങാതിരിക്കുക. കുട്ടികളെയും ഇത്തരത്തില്‍ ചിന്തിക്കാന്‍ പഠിപ്പിക്കുക''

60 കൊല്ലം മുമ്പ് ഒമാഹയില്‍ വാങ്ങിയ മൂന്നു കിടപ്പു മുറികളുള്ള വീട്ടിലാണ് ഇപ്പോഴും വാറന്‍ ബഫെറ്റ് കഴിയുന്നത്.

''കഴിയുന്നത്ര ചെലവ് ചുരുക്കി ലാഭമുണ്ടാക്കാന്‍ ശ്രമിക്കുക.''

ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായിരുന്ന ജെറ്റ് കമ്പനി ഉണ്ടായിരുന്നിട്ടും അദ്ദേഹം സ്വകാര്യ ജെറ്റ് അധികം ഉപയോഗിച്ചിരുന്നില്ല.

യുവാക്കള്‍ക്കുള്ള 5 ടിപ്‌സ്

  1. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ബാങ്ക് വായ്പകളില്‍ നിന്നും പരമാവധി ഒഴിഞ്ഞു നില്‍ക്കുക.
  2. പണത്തിന് മനുഷ്യനെ സൃഷ്ടിക്കാന്‍ കഴിയില്ല. മനുഷ്യന് പണത്തെ സൃഷ്ടിക്കാനേ കഴിയൂ.
  3. ഏറ്റവും മിതമായി ജീവിക്കാന്‍ പഠിക്കുക.
  4. മറ്റുള്ളവര്‍ പറയുന്നത് പോലെ ചെയ്യരുത്. അവര്‍ പറയുന്നത് ശ്രദ്ധിക്കുക, നിങ്ങളുടെ വിവേക ബുദ്ധിയില്‍ ചെയ്യുക.
  5. നിങ്ങളുടെ ജീവിതത്തെ ഭരിക്കാന്‍ മറ്റുള്ളവരെ അനുവദിക്കരുത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it