സംരംഭകരേ ഈ 5 അബദ്ധങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ കടക്കെണിയിലാകും

പേഴ്‌സണല്‍ ഫിനാന്‍സ് കൈകാര്യം ചെയ്യുന്നതില്‍ വരുത്തുന്ന തെറ്റുകള്‍ പലപ്പോഴും വ്യക്തികളെ മാത്രമാണ് ബാധിക്കുക. എന്നാല്‍ ഒരു സംരംഭകന്‍ വരുത്തുന്ന തെറ്റുകള്‍, പ്രതീക്ഷയുണര്‍ത്തുന്നൊരു സംരംഭത്തിന്റെ ഭാവി തുലച്ചേക്കാം. മികച്ച പേഴ്‌സണല്‍ ഫിനാന്‍സ് ശീലങ്ങള്‍ ഒരാള്‍ക്ക് സംരംഭത്തില്‍ ശ്രദ്ധ നല്‍കാനും വളരാനുമുള്ള അവസരം നല്‍കുമ്പോള്‍ മോശം ശീലങ്ങള്‍ ബിസിനസില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും വ്യക്തിയും സംരംഭവും സാമ്പത്തികമായി തകരാന്‍ കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് ഈ അഞ്ച് തെറ്റുകള്‍ വരുത്താതെ നോക്കാം.

1. ക്രെഡിറ്റ് സ്‌കോര്‍ താഴുന്നു

ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില പേമെന്റുകള്‍ മൂലം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നു പോയേക്കാം. ബിസിന് വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവയ്ക്ക് മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡ്, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ നിശ്ചയിക്കുന്നതില്‍ വരെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന് ഭാഗികമായെങ്കിലും പങ്കുണ്ട്. ബിസിനസുമായി ബന്ധമില്ലാത്ത, ശ്രദ്ധിക്കപ്പെടാതെ പോയ ഏതെങ്കിലും കാരണത്താല്‍ ഉണ്ടാകുന്ന ക്രെഡിറ്റ് സ്‌കോര്‍ ഇടിവ് പോലും സംരംഭങ്ങള്‍ അത്യാവശ്യ സമയത്ത് ഉപകരിക്കേണ്ട ഫണ്ട് ലഭിക്കാന്‍ തടസ്സമായേക്കാം. അതുകൊണ്ട് ക്രെഡിറ്റ് സ്‌കോറിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് ശ്രദ്ധാപൂര്‍വം മനസ്സിലാക്കി അതു മെച്ചപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുക.

2. ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകള്‍

എല്ലാ കടങ്ങളും മോശമല്ല. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചില കടങ്ങള്‍ ദുഃസ്വപ്‌നമായി മാറിയേക്കാം. വിദ്യാഭ്യാസ വായ്പ താരതമ്യേന മികച്ച നിരക്ക് ഉള്ളവയാണ്. എന്നാല്‍ അടക്കുന്നതില്‍ വീഴ്ച വരുത്തുന്നതിലൂടെ അത് വലിയ ബാധ്യതയായി മാറിയേക്കാം. ശരിയായ രീതിയിലല്ല, മാനേജ് ചെയ്യുന്നതെങ്കില്‍ കുറഞ്ഞ നിരക്കിലുള്ള വായ്പകള്‍ പോലും വലിയ ബാധ്യതയാകും. ക്രെഡിറ്റ് കാര്‍ഡിന്മേലുള്ള വായ്പകളാകട്ടെ വലിയ പലിശ നിരക്കുളളവയുമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ ബാധ്യതയാകുന്നവ. നിങ്ങളുടെ ബാധ്യതകളുടെയും അവയ്ക്ക് നല്‍കുന്ന പലിശയുടെയും വിശദമായ പട്ടിക തയാറാക്കുക. ഉയര്‍ന്ന നിരക്കുളള വായ്പകള്‍ കണ്ടെത്തി അതില്‍ ഏറ്റവും ഉയര്‍ന്ന വായ്പ ആദ്യം തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് കഴിയുന്നത്ര തുക അതിലേക്ക് നിക്ഷേപിച്ചു കൊണ്ടിരിക്കുക. അതു കഴിയുമ്പോള്‍ അടുത്തത് എന്ന നിലയില്‍ ഉയര്‍ന്ന നിരക്കുള്ള കടങ്ങളെല്ലാം അടച്ചു തീര്‍ക്കാന്‍ ശ്രമിക്കാം.

3. എമര്‍ജന്‍സി ഫണ്ട് ഇല്ലാതിരിക്കുക

ഫിനാന്‍സ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കില്‍ പോലും സംരംഭകനെന്ന നിലയില്‍ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകാം. മികച്ച ബാക്ക് അപ്പ് പ്ലാന്‍ നിങ്ങള്‍ക്ക് ഇല്ലെങ്കില്‍ വീട്ടു വാടക നല്‍കാന്‍ പോലും പണം കണ്ടെത്താന്‍ വിഷമിക്കും. ഒരു എമര്‍ജന്‍സി ഫണ്ട് സ്വരൂപിച്ച് വെക്കുന്നതിലൂടെ ഹ്രസ്വകാലത്തേക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയും. മൂന്നു മുതല്‍ ആറുമാസം വരെ അത്യാവശ്യ ചെലവുകള്‍ നടത്താനുള്ള തുകയെങ്കിലും ഇത്തരത്തില്‍ കണ്ടെത്തി മാറ്റി വെക്കണം. വ്യക്തിപരമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതില്‍ കുറവോ കൂടുതലോ വേണ്ടി വന്നേക്കാം. ജോലി ചെയ്യുന്ന ജീവിതപങ്കാളിയും ആഡംബര ജീവിതവുമല്ലെങ്കില്‍ കുറഞ്ഞ തുക മതിയാകും. എന്നാല്‍ ആഡംബര ജീവിതം നയിക്കുന്ന അവിവാഹിതരാണെങ്കില്‍ പോലും കൂടുതല്‍ തുക വേണ്ടി വരും.

4. ബിസിനസിന് സ്വന്തം എക്കൗണ്ട് ഉപയോഗിക്കുക

സ്വന്തം സമ്പാദ്യം കൊണ്ട് സംരംഭം പടുത്തുയര്‍ത്തിയവരെ കുറിച്ച് നിങ്ങള്‍ ഏറെ കേട്ടിട്ടുണ്ടാകും. സ്വന്തം സ്ഥാപനത്തിന് സ്വകാര്യ എക്കൗണ്ടില്‍ നിന്ന് പണം നല്‍കുകയും അത് വിജയിക്കുകയും ചെയ്തിട്ടുണ്ടാകാം. എന്നാല്‍ തിരിച്ച് ബിസിനസില്‍ നിന്നുള്ള പണം നിങ്ങളുടെ എക്കൗണ്ടില്‍ നിക്ഷേപിക്കുകയും അതില്‍ നിന്നു തന്നെ നിങ്ങളുടെ വൈദ്യുതി ബില്ലും മറ്റു ചെലവുകളും നടത്തുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. അത് നല്ലതല്ല. സാമ്പത്തികവും നിയമപരവുമായ പല തലവേദനകളും അതിലൂടെ ഉണ്ടാവാം. നിങ്ങള്‍ ഒരേയൊരാള്‍ മാത്രമുള്ള ചെറിയ സംരംഭം ആണെങ്കില്‍ പോലും അതിനായി പ്രത്യേകം ബാങ്ക് എക്കൗണ്ട് തുടങ്ങാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍ക്കെല്ലാം അതില്‍ നിന്ന് പണമെടുക്കുന്നതിന് പകരം ശമ്പളം നിശ്ചയിച്ച് അത് മാത്രം എടുക്കുക.

5. ബില്ലുകളെ അവഗണിക്കുക

ബില്ലുകള്‍ വരുമ്പോള്‍ അതിനെ അവഗണിക്കുന്നതിലൂടെ വലിയ ബാധ്യതയിലേക്കാണ് നീങ്ങുക. ബില്ലുകളെന്ന യാഥാര്‍ത്ഥ്യത്തെ അവഗണിച്ചിട്ട് കാര്യമില്ല. യഥാസമയം അതിനായി തുക നീക്കിവെച്ച് അടച്ചു തീര്‍ക്കുക. അടയ്ക്കാതിരിക്കുന്നതിലൂടെ താല്‍ക്കാലിക രക്ഷപ്പെടല്‍ സാധ്യമാകുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് സ്ഥിതി വഷളാക്കും. എക്കൗണ്ടില്‍ നിന്നു തന്നെ യഥാസമയം ബില്‍ തുക നല്‍കാനുള്ള സൗകര്യമൊരുക്കുക. ബാധ്യതകളില്‍ നിന്ന് ഒളിച്ചോടുന്നതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന് മാത്രമല്ല പ്രശ്‌നമാകുക, പണം കിട്ടാനുള്ളവര്‍ നിങ്ങളെ നിരന്തരം ശല്യപ്പെടുത്തുക കൂടി ചെയ്യും. മാസത്തില്‍ നിശ്ചിത സമയം ഇത്തരം കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി മാറ്റി വെക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles
Next Story
Videos
Share it