സ്റ്റീവ് ജോബ്‌സ് മുതൽ ഇലോൺ മസ്‌ക് വരെ: അവഗണനയിലും വിജയം കൊയ്ത 10 പേർ

വിജയത്തിന്റെ പാത ഒട്ടും എളുപ്പമല്ല. സ്വപ്നങ്ങളെ പിന്തുടരുന്നവർക്ക് വഴിയിൽ തിരസ്കാരങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങേണ്ടി വന്നേക്കാം. എന്നാൽ ഇതിനൊന്നും തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തകർക്കാൻ കഴിയില്ലെന്ന് തെളിയിച്ച 10 പേർ ഇതാ.

സ്റ്റീവ് ജോബ്സ്

1985-ൽ സ്വന്തം കമ്പനിയായ ആപ്പിളിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് സ്റ്റീവ് ജോബ്സ്. ആ ഇടവേളയിൽ നെക്സ്റ്റ് എന്ന സോഫ്റ്റ് വെയർ കമ്പനി അദ്ദേഹം സ്ഥാപിച്ചു. ലൂക്കാസ് ഫിലിം എന്ന കമ്പനിയിൽ നിന്ന് അവരുടെ പിക്സർ അനിമേഷൻ സ്റ്റുഡിയോ വാങ്ങി. ഇന്ന് ലോകത്തെ മികച്ച സ്റ്റുഡിയോകളിൽ ഒന്നാണ് പിക്സർ. 1997-ൽ അദ്ദേഹം ആപ്പിളിൽ തിരിച്ചെത്തി, ലോകത്തെ ഏറ്റവും വലിയ കമ്പനിയാക്കി അതിനെ വളർത്തി.

ജെ.കെ.റൗളിംഗ്

ഹാരിപോട്ടർ നോവലുകളുടെ സൃഷ്ടാവായ ലോകപ്രശസ്ത എഴുത്തുകാരിയാണ് ജെ.കെ.റൗളിംഗ്. ഹാരിപോട്ടർ ഉൾപ്പെടെയുള്ള തന്റെ നോവലുകൾ പ്രസിദ്ധീകരിക്കാൻ പല പബ്ലിഷിങ് ഹൗസുകളും വിസമ്മതിച്ചിരുന്നുവെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. ഹാരിപോട്ടർ നോവൽ 12 തവണ തിരസ്കരിക്കപ്പെട്ട ശേഷമാണ് ബ്ലൂംസ്ബറി അത് പ്രസിദ്ധീകരിച്ചത്. ഹാരിപോട്ടറിന്റെ ആദ്യ ബുക്ക് 100 മില്യൺ കോപ്പികളാണ് വിറ്റഴിഞ്ഞത്. എല്ലാ സീരീസുകളും കൂടി 400 മില്യൺ കോപ്പികളും.

ഇലോൺ മസ്‌ക്

ടെസ്‌ല, സ്പേസ് എക്സ്, ന്യൂറോലിങ്ക്, ദി ബോറിങ് കമ്പനി തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ ഇലോൺ മസ്‌ക് ധാരാളം തിരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തിയായിരുന്നു. ഇതിന് മുൻപ് സ്വന്തമായി പല കമ്പനികൾ സ്ഥാപിച്ചുവെങ്കിലും അതിന്റെയെല്ലാം ഉന്നത സ്ഥാനത്തുനിന്നും മസ്ക് പുറത്താക്കപ്പെട്ടു. എങ്കിലും അതിൽ തളർന്നുപോകാതെ വീണ്ടും കെട്ടിപ്പടുത്തതാണ് മസ്കിന്റെ ഇപ്പോഴത്തെ ബിസിനസ് സാമ്രാജ്യം.

ഓപ്ര വിൻഫ്രേ

ആദ്യ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതോടെയാണ് ഓപ്ര വിൻഫ്രേ ടെലിവിഷൻ താരമാകുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന റാങ്കിങ് നേടിയ ഷോ ഓപ്രയുടേതാണ്. 2011-ൽ വിനോദ വ്യവസായ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന വനിതയായി മാറി അവർ.

വാറൻ ബുഫെ

ലോകപ്രശസ്തനായ നിക്ഷേപകനും ബെർക്ക്ഷെയർ ഹാത്ത്വേയുടെ ചെയർമാനും സിഇഒയുമായ വാറൻ ബുഫെയുടെ ജീവിതത്തിലും തിരസ്കാരം ഏൽക്കേണ്ടി വന്നിട്ടുണ്ട്. 19 വയസുള്ളപ്പോൾ ഹാർവാർഡിൽ ചേരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‍നം. പക്ഷെ അഡ്‌മിഷൻ ലഭിച്ചില്ല. എന്നാൽ ആ സംഭവം തന്റെ ജീവിതത്തിൽ നിർണ്ണായകമായ മാറ്റം ഉണ്ടാക്കിയെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. ഹാർവാർഡ് സ്വപ്നം നടക്കാതെയായപ്പോൾ കൊളംബിയയിലേക്ക് പോയ ബുഫെ ഒരു നിക്ഷേപകനെന്ന നിലയിൽ തന്റെ കഴിവുകളെ വളർത്തിയെടുത്തു.

ബാർബറ കൊർകോറാൻ

കൊർകോറാൻ ഗ്രൂപ്പിന്റെ സ്ഥാപകയായ ബാർബറ കൊർകോറാൻ സ്കൂളിൽ സ്ഥിരമായി 'D' ഗ്രേഡ് വാങ്ങികൂട്ടിയിരുന്ന വിദ്യാർത്ഥിയായിരുന്നു. 23 വയസ്സിനുള്ളിൽ 20 ജോലികളാണ് അവർ മാറിയത്. തന്റെ ജീവിതത്തിൽ തടസങ്ങൾ എല്ലായ്‌പ്പോഴും ചവിട്ടുപടികളായിട്ടുണ്ടെന്നാണ് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ജെഫ് ബെസോസ്

ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. എന്നാൽ തുടക്കകാലത്ത് ബിസിനസിന് ഫണ്ട് സ്വരൂപിക്കാൻ അദ്ദേഹം വളരെ കഷ്ടപ്പെട്ടിരുന്നു. ആമസോണിനായി 10 ലക്ഷം ഡോളർ സ്വരൂപിക്കാൻ 60 മീറ്റിംഗുകളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഓരോ നിക്ഷേപകനും അന്ന് ബെസോസിനോട് ചോദിച്ച ഒരു ചോദ്യമുണ്ട്: "എന്താണ് നിങ്ങളീപ്പറയുന്ന ഇന്റർനെറ്റ്?"

സാലി ക്രോചെക്ക്

വാൾസ്ട്രീറ്റിലെ ഉരുക്കുവനിതയെന്നാണ് പലരും സാലി ക്രോചെക്കിനെ വിശേഷിപ്പിക്കാറ്. സിറ്റിഗ്രൂപ്പ് സിഇഒ എന്ന പദവി വഹിക്കുമ്പോൾ ഒരു പൊതുവേദിയിൽ വെച്ചാണ് അവരെ പദവിയിൽ നിന്ന് മാറ്റിയത്. കമ്പനിയുടെ അഡ്വൈസ് മൂലം പണം നഷ്ടപ്പെട്ട ആളുകൾക്ക് അത് തിരികെ കൊടുക്കേണ്ട ഉത്തരവാദിത്തം കമ്പനിക്കുണ്ടെന്ന് പറഞ്ഞതിനാണ് ഉന്നത പദവിയിൽ നിന്ന് അവരെ പുറത്താക്കിയത്. അതോടെ ഒരു സംരംഭകയാകാൻ അവർ തീരുമാനിച്ചു. എലെവെസ്റ്റ് എന്ന സ്ത്രീക്കൾക്കായുള്ള ഒരു ഇൻവെസ്റ്മെന്റ് പ്ലാറ്റ് ഫോം അവർ തുടങ്ങി.

ജാക്ക് മാ

അലിബാബ സ്ഥാപകനും ചൈനയിലെ ഏറ്റവും സമ്പന്നനും ആയ ജാക്ക് മാ നേരിട്ട അവഗണകൾക്ക് കയ്യും കണക്കുമില്ല. ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് പാസായ ജാക് 30 ജോലികള്‍ക്ക് അപേക്ഷിച്ചതില്‍ ഒന്നുപോലും ലഭിച്ചില്ല. കെ.എഫ്.സി ചൈനയില്‍ ആരംഭിച്ചപ്പോള്‍ അവിടെയും ജോലിയന്വേഷിച്ച് പോയി. 24 പേരുണ്ടായിരുന്നതില്‍ 23 പേരെയും അവര്‍ ജോലിക്കെടുത്തു. പുറത്താക്കപ്പെട്ട ആ ഇരുപത്തിനാലാമന്‍ ജാക് ആയിരുന്നത്രേ. ഹാർവാർഡിൽ അദ്ദേഹത്തെ 10 തവണ റിജെക്റ്റ് ചെയ്തിട്ടുണ്ട്.

ബിൽ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിനുമുണ്ട് പറയാൻ തിരസ്കാരങ്ങളുടെ കഥ. 1,200 പേരുടെ മുന്നിലാണ് തന്റെ ബിസിനസ് ആശയം ബിൽ ഗേറ്റ്സ് അവതരിപ്പിച്ചത്. ഇതിൽ 900 പേരും അതിനെ തിരസ്കരിച്ചു. ഇതിലൊന്നും തളരാതെ ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയർ കമ്പനിയാണ് ഗേറ്റ്സ് കെട്ടിപ്പടുത്തത്.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Related Articles
Next Story
Videos
Share it