ജിഎസ്ടി വരുമാന നഷ്ടം നികത്താന്‍ 21 സംസ്ഥാനങ്ങള്‍ക്ക് വായ്പ കേരളം എടുത്തില്ല

കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്കുണ്ടായ ജിഎസ്ടി വരുമാന നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കാന്‍ തമിഴ്‌നാട് ഉള്‍പ്പടെ 21 സംസ്ഥാനങ്ങള്‍. കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും അനുകൂല സംസ്ഥാനങ്ങളുമാണ് കൂടുതലായും കേന്ദ്രം മുന്നോട്ട് വെച്ച ഉപാധി സ്വീകരിക്കാന്‍ മുന്നോട്ട് വന്നത്.

വരുമാന നഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ കടമെടുക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ തുടക്കം മുതല്‍ എതിര്‍ക്കുന്ന കേരളം വായ്പയെടുക്കാനുള്ള അനുമതി തേടിയിട്ടില്ല.
21 സംസ്ഥാനങ്ങള്‍ക്ക് 78,452 കോടി രൂപ കടമെടുക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കായി 1.10 ലക്ഷം കോടി രൂപയാണ് ആകെ കടമെടുക്കാനാകുക. ഇതിനായി കേന്ദ്ര ധനമന്ത്രാലയം പ്രത്യേകം വിന്‍ഡോ തന്നെ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്താന്‍ രണ്ട് ഓപ്ഷനുകളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ വെച്ചിരുന്നത്. അതില്‍ ആദ്യത്തേതാണ് 97,000 കോടി രൂപ ന്യായമായ പലിശയ്ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് ലഭ്യമാക്കുക എന്നത്. ഈ തുക പിന്നീട് 1.10 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു. രണ്ടാമത്തെ ഓപ്ഷന്‍, സെസ് വരുമാനത്തില്‍ മൊത്തം കുറവു വരുന്ന 2.35 ലക്ഷം കോടി രൂപയും വായ്പയായി വിപണിയില്‍ നിന്ന് ലഭ്യമാക്കുക എന്നതായിരുന്നു.

സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നിശ്ചിത ശതമാനത്തിന് തുല്യമായ തുകയാണ് ഇങ്ങനെ വായ്പയായി അനുവദിക്കുക. ഇതു പ്രകാരം മഹാരാഷ്ട്രയ്ക്ക് 15,394 കോടി രൂപയാകും വായ്പ ലഭിക്കുക. ഉത്തര്‍പ്രദേശ് (9703 കോടി), തമിഴ്‌നാട് ( 9627 കോടി), കര്‍ണാടക (9018 കോടി), ഗുജറാത്ത് ( 8704 കോടി), ആന്ധ്രാപ്രദേശ് (5051 കോടി), ഹരിയാന (4293 കോടി), മധ്യപ്രദേശ് (4746 കോടി), ബിഹാര്‍ (3231 കോടി), ഒഡിഷ ( 2858 കോടി) എന്നിങ്ങനെയാണ് ലഭ്യമാകുന്ന വായ്പ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles
Next Story
Videos
Share it