ഗൃഹോപകരണ വിപണിയെ താങ്ങിനിര്‍ത്തി എസി വില്‍പ്പന
''നടുവൊടിഞ്ഞ് നിന്ന ഗൃഹോപകരണ, ഇലക്ട്രോണിക്‌സ് വിപണിയെ താങ്ങി നിര്‍ത്തിയത് എസി വില്‍പ്പനയാണ്.'' അജ്മല്‍ ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി.എ അജ്മലിന്റെ ഈ വാക്കുകളിലുണ്ട് സംസ്ഥാനത്തെ എസി വില്‍പ്പനയുടെ മുഴുവന്‍ സ്വാധീനവും.
സംസ്ഥാനത്തെ താപനില പുതിയ റെക്കോര്‍ഡുകള്‍
തകര്‍ത്ത് മുന്നേറിയ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എസി ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. പ്രതിദിനം മൂവായിരത്തിലേറെ എസികളാണ് കേരളത്തില്‍ വില്‍പ്പന നടന്നതെന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡീലര്‍മാര്‍ പറയുന്നു. ''മാര്‍ച്ച് മധ്യത്തോടെ എസി സ്‌റ്റോക്ക് തന്നെ ഇല്ലാത്ത സ്ഥിതിയായി. പ്രതിദിനം ആയിരത്തിലേറെ എസികളാണ് വിറ്റഴിഞ്ഞത്,'' കേരളത്തിലെ പ്രമുഖ ബ്രാന്‍ഡ് സെയ്ല്‍സ് മാനേജര്‍ പറയുന്നു.
സംസ്ഥാനത്ത് പ്രതിവര്‍ഷ എസി വില്‍പ്പന ഇതുവരെ മൂന്നേകാല്‍ ലക്ഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് മൂന്നര ലക്ഷം കവിയുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഒരു വര്‍ഷം മുഴുവന്‍ വില്‍ക്കുന്ന എസികളുടെ 60 ശതമാനത്തോളം ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ തുടങ്ങിയ വേനല്‍ മാസങ്ങളിലാണ് വിറ്റുപോകുന്നത്. കേരളത്തിലെ പ്രമുഖ ഗൃഹോപകരണ- ഇലക്ട്രോണിക്‌സ് റീറ്റെയ്ല്‍ സ്‌റ്റോറുകളില്‍ പ്രതിമാസം 600- 700 എസികളാണ് വിറ്റുപോയത്.
കേരളമെന്ന ആദ്യ വിപണി
ഇന്ത്യയില്‍ ആദ്യം വേനല്‍ ആരംഭിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിലെ എസി വില്‍പ്പനയുടെ കരുത്ത് അനുസരിച്ചാണ് പല കമ്പനികളും അവരുടെ രാജ്യത്തെ പ്രതിവര്‍ഷ എസി വില്‍പ്പനയുടെ ട്രെന്‍ഡ് തന്നെ ഗണിക്കുന്നത്.
അതുകൊണ്ട് പ്രമുഖ ബ്രാന്‍ഡുകളെല്ലാം തന്നെ ഇപ്പോള്‍ ആഹ്ലാദത്തിലാണ്. ''കേരളത്തില്‍ സ്‌റ്റോക്ക് തികയാതെ വന്നതുകൊണ്ട് മാത്രമാണ് മാര്‍ച്ച് അവസാനം, ഏപ്രില്‍ ആദ്യം ഞങ്ങളുടെ പ്രതിദിന വില്‍പ്പന അല്‍പ്പം കുറഞ്ഞത്. ഇത്രമാത്രം ചൂടപ്പം പോലെ വിറ്റഴിയുമെന്ന കണക്കുകൂട്ടല്‍ പലര്‍ക്കുമുണ്ടായില്ല,'' ഒരു ദേശീയ ബ്രാന്‍ഡിന്റെ കേരള പ്രതിനിധി പറയുന്നു.
സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി
ഈ സീസണില്‍ കേരള വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ഒരു ടണ്‍, ത്രീ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസികളാണ്. ''കേരളത്തിലെ വീടുകളിലെ മുറികളുടെ വലുപ്പം പരിഗണിക്കുമ്പോള്‍ ഒരു ടണ്‍ എസി മതി. ത്രീ സ്റ്റാര്‍ കൂടിയാവുമ്പോള്‍ ഊര്‍ജ്ജോപഭോഗത്തിന്റെ കാര്യത്തിലും താരതമ്യേന മികച്ച പ്രകടനമാകും.
ഇന്‍വെര്‍ട്ടര്‍ എസികളാണ് ഈ സീസണിലെ താരം 26,000 - 32,000 വില നിലവാരത്തിലുള്ള എസികളായിരുന്നു ഏറ്റവും കൂടുതല്‍ വിറ്റുപോയത്,'' വി.എ അജ്മല്‍ ചൂണ്ടിക്കാട്ടുന്നു. ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള ഒരു ടണ്‍ ഇന്‍വെര്‍ട്ടര്‍ എസികളും ഏറെ വിറ്റഴിഞ്ഞു. ''ഫൈവ് സ്റ്റാര്‍, വണ്‍ ടണ്‍ ഇന്‍വെര്‍ട്ടര്‍ എസികള്‍ക്ക് 36,000 - 37,000 വില വരുമെങ്കിലും എസി പ്രവര്‍ത്തിപ്പിക്കുന്ന വകയിലുള്ള പ്രതിമാസ ഇലക്ട്രിസിറ്റി ബില്‍ 500- 600 രൂപയേ വരൂ. ഇത് കണക്കിലെടുത്ത് പലരും വില അല്‍പ്പം കൂടിയാലും ഈ റേഞ്ചാണ് തെരഞ്ഞെടുത്തത്,'' ഒരു കമ്പനി പ്രതിനിധി വിശദീകരിക്കുന്നു.
സ്റ്റാര്‍ റേറ്റിംഗ് ഉയരുന്നതിന് അനുസരിച്ച് വില കൂടുമെങ്കിലും മാസം തോറുമുള്ള വൈദ്യുതി ചെലവും കുറയും. അതുപോലെ തന്നെ എസിയില്‍ നിന്ന് പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങള്‍ മൂലമുള്ള ഭവിഷ്യത്ത് കുറയ്ക്കാന്‍ പറ്റുന്ന തരത്തിലുള്ള വാതകങ്ങളുമാണ് ഇപ്പോള്‍ ന്യൂജെന്‍ എസികളില്‍ ഉപയോഗിക്കുന്നത്.
എസിയുടെ ശരാശരി വില 25,000 രൂപ എന്ന് അനുമാനിച്ചാല്‍ ഈ സീസണില്‍ വേനല്‍ക്കാലത്ത് മാത്രം രണ്ട് ലക്ഷത്തോളം എസി വില്‍പ്പന നടന്ന സാഹചര്യത്തില്‍ 500 കോടിയുടെ കച്ചവടമാണ് ഈ രംഗത്ത് ഇപ്പോഴുണ്ടായത്.
ഫിനാന്‍സ് സൗകര്യം ഉപകാരമായി
ഒരു രൂപ ഡൗണ്‍ പേയ്‌മെന്റ് നല്‍കിയും രണ്ടും മൂന്നും മാസത്തവണ മാത്രം ആദ്യം നല്‍കിയും എസി സ്വന്തമാക്കാനുള്ള അവസരം പ്രമുഖ ഫിനാന്‍സ് കമ്പനികള്‍ മുന്‍നിര റീറ്റെയ്ല്‍ സ്റ്റോറുകളില്‍ ഒരുക്കിയിരുന്നു. മെട്രോ നഗരങ്ങളിലെ 50 ശതമാനത്തോളം ഉപഭോക്താക്കള്‍ ഈ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് വി.എ
അജ്മല്‍ ചൂണ്ടിക്കാട്ടുന്നു. നഗരപ്രാന്തപ്രദേശങ്ങളില്‍ ഇത് 30 ശതമാനത്തോളം വരുന്നുണ്ട്.