Top

ബാങ്ക് ജോലി മാനേജര്‍മാര്‍ക്ക് പേടിസ്വപ്‌നം

വായ്പ കൊടുത്താലും പ്രശ്‌നം കൊടുത്തില്ലെങ്കിലും പ്രശ്‌നം. എത്ര നന്നായി ജോലി ചെയ്താലും ഇന്‍ഷുറന്‍സ് വിറ്റില്ലെങ്കില്‍ മേലുദ്യോഗസ്ഥരുടെ പ്രീതി കിട്ടില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ വിരമിക്കുമ്പോള്‍ ആനുകൂല്യവും കാണില്ല... ബാങ്ക് മാനേജര്‍മാരുടെ തലവേദനകള്‍ തീരുന്നില്ല

പലപ്പോഴും ചീഫ് മാനേജര്‍മാര്‍ മീറ്റിംഗുകളില്‍ വെച്ച് മാനേജര്‍മാരെ അപമാനിക്കാറുണ്ട്. മാസം അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സ് പ്രീമിയം നേടിയില്ലെങ്കില്‍ സ്ഥലം മാറ്റുമെന്നൊക്കെയുള്ള ഭീഷണിയുണ്ടാകാറുണ്ട്. ഒരു പൊതുമേഖലാ ബാങ്കില്‍ ഇത്തരമൊരു മീറ്റിംഗിനുശേഷം പുറത്തിറങ്ങിയ മാനേജര്‍ ട്രെയ്‌നിനു മുന്നില്‍ ചാടി മരിച്ചു. സമാന സംഭവങ്ങള്‍ അതിനു മുമ്പും ആ ബാങ്കില്‍ നടന്നിട്ടുണ്ട്.

*** *** ***

നിങ്ങള്‍ പറയുന്നത് ശരിയാണ്. വായ്പകള്‍ ഇപ്പോള്‍ കേന്ദ്രീകൃത സംവിധാ നത്തിലൂടെയാണ് അംഗീകരിക്കുന്നത്. പക്ഷേ അവര്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഇടപാടുകാരില്‍ നിന്ന് വാങ്ങി നല്‍കുന്നത് ഞങ്ങളാണ്. ഇത്തരം വായ്പകള്‍ കിട്ടാക്കടമായാല്‍ വായ്പക്കായി നിര്‍ദേശം നല്‍കിയ മാനേജരും ഫീല്‍ഡ് സ്റ്റാഫുമെല്ലാം കുറ്റക്കാരാണ്. ശിക്ഷിക്കപ്പെടുകയും ചെയ്യും. വിരമിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ പലതും പിടിച്ചുവെയ്ക്കും. കിട്ടാക്കടമാകുമെന്ന് ഉറപ്പുള്ള വായ്പ പോലും ചിലപ്പോള്‍ നല്‍കേണ്ടതായും വരും.

അത്രമാത്രം രാഷ്ട്രീയ സമ്മര്‍ദം കാണും അതിനു പിന്നില്‍. ഇത്രയേറെ മാനസിക സമ്മര്‍ദം അനുഭവിച്ച കാലമില്ല.

*** *** ***

എസ്ബിഐ സാരഥിയായിരുന്ന അരുന്ധതി ഭട്ടാചാര്യ സിവില്‍ സര്‍വീസിലേക്ക് പോകാതെയാണ് എസ്ബിഐയില്‍ ജോലിക്ക് ചേര്‍ന്നതെന്ന് കേട്ടു കേള്‍വിയുണ്ട്. അക്കാലത്ത് എടുക്കാവുന്ന നല്ല തീരുമാനം കൂടിയായിരുന്നു അത്. കാരണം 1975 കാലഘട്ടത്തിലൊക്കെ ബാങ്കിലെ പ്രബേഷണറി ഓഫീസര്‍ക്കും അസിസ്റ്റന്റ് കളക്റ്റര്‍ക്കും ലഭിച്ചിരുന്നത് ഒരേ വേതനമായിരുന്നു. നാട്ടില്‍ ഒരേ മാന്യതയും വിലയും. ഇന്നത്തെ സ്ഥിതിയെന്താ. സാധാരണ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കിട്ടുന്ന വേതനമാണ് ബാങ്ക് മാനേജര്‍മാര്‍ക്ക് ലഭിക്കുന്നത്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാത്രം ഇന്‍ക്രിമെന്റ്. അതും വെറും രണ്ടു ശതമാനമൊക്കെ. വേതനം കുറഞ്ഞാലും ജോലി ഭാരത്തിന് ഒരു കുറവുമില്ല. പണ്ട് സമൂഹത്തിലെ കുറച്ചുപേര്‍ മാത്രമേ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുള്ളൂ. ഇന്ന് ബാങ്ക് സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവരെ നേരിട്ട് സ്പര്‍ശിക്കുന്നു. ജോലികളുടെ സ്വഭാവം മാറി. മീറ്റിംഗുകള്‍ പലതും അവധി ദിവസങ്ങളിലാണ്. സ്വകാര്യ ജീവിതം എന്നൊന്നില്ല.

*** *** ***

ബാങ്കില്‍ വരുന്നവരോട് വളരെ നന്നായാണ് പെരുമാറുന്നത്. അവര്‍ക്കെല്ലാം ഏറെ ഇഷ്ടവുമാണ്. എല്ലാ ജോലികളും പരമാവധി വേഗത്തില്‍ തീര്‍ക്കും. ഇതിനൊന്നും അഭിനന്ദനം വേണ്ട. പക്ഷേ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വിറ്റില്ലേ എന്ന ചോദ്യം മാത്രമാണ് മുകളില്‍ നിന്നുവരുന്നത്. ബാങ്കിന് അദര്‍ ഇന്‍കം കൂട്ടുന്നവരെയാണ് മേലുദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പ്രിയം. എനിക്ക് കസ്റ്റമേഴ്‌സിനോട് ഇന്‍ഷുറന്‍സിനെയും മ്യൂച്വല്‍ ഫണ്ടിനെയും ഒക്കെ പറയാന്‍ മടിയാ. ഒരുതരത്തില്‍ ചിലരോട് പറയും. ഞാന്‍ സ്വപ്‌നം കണ്ട ബാങ്ക് ജോലിയില്‍ ഈ വില്‍പ്പനയില്ലായിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ബാങ്ക് മാനേജര്‍മാരോട് അവരുടെ ജോലി സമ്മര്‍ദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടികളില്‍ ചിലതാണിത്. ജോലി സമ്മര്‍ദം താങ്ങാതെ കേരളത്തിലെ ഒരു പ്രമുഖ ബാങ്കിന്റെ ഓഫീസര്‍ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ഇവരില്‍ പലരും ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പലരും ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണെന്ന് തുറന്നു സമ്മതിക്കുകയും ചെയ്യുന്നു.

ബാങ്കിംഗ് ജോലികള്‍ വര്‍ധിച്ചതു കൂടാതെ ബാങ്കിന് വരുമാനം കിട്ടുന്ന മറ്റ് ജോലികള്‍ കൂടി വന്നതോടെ ബാങ്ക് മാനേജര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ വട്ടം കറങ്ങുകയാണ്.

ബാങ്കുകളുടെ കിട്ടാക്കടം പെരുകിയതോടെ വായ്പ നല്‍കുന്നതിനുള്ള നടപടികള്‍ കര്‍ശനമായി. അതിനിടെ വായ്പാ വിതരണത്തില്‍ ലക്ഷ്യം നേടിയില്ലെങ്കില്‍ ബന്ധപ്പെട്ട മാനേജര്‍ മറുപടി പറയണം.

വായ്പ തിരിച്ചടയ്ക്കുമെന്ന് ഉറപ്പുള്ളവരെ കണ്ടെത്തി വായ്പ നല്‍കാനുള്ള മാനേജര്‍മാരുടെ ശ്രമവും പലപ്പോഴും വിജയിക്കാറില്ല. അപ്പോള്‍ വായ്പാ അപേക്ഷകളുടെ നീക്കം വൈകിപ്പിക്കുകയെന്ന തന്ത്രവും ചിലരെടുക്കും. തിരിച്ചടവ് പ്രശ്‌നത്തിലായ വായ്പയുണ്ടെങ്കില്‍ വിരമിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായും ലഭിക്കില്ലെന്ന കാരണത്താല്‍, വിരമിക്കല്‍ പ്രായമടുത്തവര്‍ പലരും ഈ മാര്‍ഗമാണ് സ്വീകരിക്കുക. ഇത്തരം പ്രശ്‌നങ്ങളുടെ സമ്മര്‍ദം പലര്‍ക്കും താങ്ങാനാവുന്നില്ലെന്നതാണ് വാസ്തവം.

പഴയ തലമുറയില്‍ പെട്ട പരമ്പരാഗത ബാങ്കുകളിലെ ജീവനക്കാരുടെ ശരാശരി പ്രായം അമ്പതിനോടടുത്താണ്. ഇവരില്‍ പലര്‍ക്കും കംപ്യൂട്ടര്‍ വഴങ്ങാറുമില്ല. അതുകൊണ്ട് ഇടപാടുകാരോട് ബാങ്കിംഗ് ഉല്‍പ്പന്നങ്ങളെ കുറിച്ച് സംസാരിക്കലും അവരില്‍ നിന്ന് വേണ്ട രേഖകള്‍ വാങ്ങലും അത് പരിശോധിക്കലുമൊക്കെയാണ് പ്രധാനമായും ചെയ്യുക. ബാങ്കിലെ യുവതലമുറയില്‍ പെട്ട ജീവനക്കാരാകും ഇവരുടെ കൂടെ ജോലികള്‍ ഏറ്റെടുത്ത് തീര്‍ക്കുന്നത്. ബാങ്ക് മാനേജ്‌മെന്റ് ജീവനക്കാരുടെ എണ്ണവും ഉല്‍പ്പാദനക്ഷമതയും കണക്കിലെടുത്താല്‍ തീരെ കുറഞ്ഞ അനുപാതമാകും. അതുകൊണ്ട് വിരമിക്കുന്ന ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള നിയമനവും നടക്കില്ല. ഇതോടെ നിലവിലുള്ള ജീവനക്കാര്‍ക്ക് അമിത ജോലി ഭാരമാകും. പണ്ട് അമ്പതിനടുത്ത് ജീവനക്കാരുണ്ടായിരുന്ന ശാഖകളില്‍ ഇന്നുള്ളത് പത്തില്‍ താഴെ ആളുകളാണ്.

അതിനിടെ ഏറെ മോഹിച്ച് ബാങ്ക് ജോലി നേടിയ പുതുതലമുറ, ജോലി ഭാരം കാരണം രാജിവെച്ച് മറ്റ് മേഖലകളിലേക്കും പോകുന്നുണ്ട്.

വരുമാനം കൂട്ടാന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന

പരമ്പരാഗത ബാങ്കിംഗിനേക്കാള്‍ പുതുതലമുറ സേവനങ്ങള്‍ വില്‍പ്പന നടത്തി വരുമാനം കൂട്ടാനാണ് ബാങ്കുകള്‍ മത്സരിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് എന്നിവയുടെ ക്രോസ് സെല്ലിംഗ് ബിസിനസ് വര്‍ധിച്ചു. ബാങ്കുകള്‍ ഇത്തരത്തിലുള്ള ഓരോ കമ്പനികളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്. ആ കമ്പനിയുടെ ജീവനക്കാരും ബാങ്കിന്റെ മാര്‍ക്കറ്റിംഗ് ടീമിനെ പിന്തുണച്ചിട്ടുണ്ടാകും. ഇതിനു പുറമേ മാര്‍ക്കറ്റിംഗിനായി ബാങ്കുകള്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കുന്നുണ്ട്. ഇത്രയേറെ സന്നാഹങ്ങള്‍ ഈ രംഗത്ത് വിന്യസിക്കുമ്പോള്‍ ഇതില്‍ നിന്നുള്ള വരുമാനത്തിനും വ്യക്തമായ ടാര്‍ഗറ്റ് മാനേജ്‌മെന്റുകള്‍ വെയ്ക്കും. ഇത് മാനേജര്‍മാരുടെ ഉത്തരവാദിത്തമായി വരുമ്പോള്‍ പലര്‍ക്കും സമ്മര്‍ദം താങ്ങാനാകില്ല.

മാത്രമല്ല, ഈ രംഗത്തെ വില്‍പ്പന ലക്ഷ്യം കൈവരിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഫോറിന്‍ ട്രിപ്പ്, ലക്ഷങ്ങളുടെ കൂപ്പണുകള്‍ ഒക്കെയാണ് ബാങ്ക് നല്‍കുന്നത്. ഇത്തരം മോഹിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടിയെടുക്കാന്‍ താഴെ തട്ടിലുള്ളവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍ ഇവര്‍ പ്രത്യേക ശ്രദ്ധ കൊടുക്കും. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള ഈ വകയിലുള്ള പീഡനം കൂടിയാകുമ്പോള്‍ മാനേജര്‍മാര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ധിക്കും.

ഒരു വായ്പ എടുക്കാന്‍ വരുന്നവരോട് ഇന്‍ഷുറന്‍സ് കൂടി എടുക്കണമെന്ന് പറയേണ്ട സ്ഥിതിയാണ് തങ്ങള്‍ക്കുള്ളതെന്ന്ബാങ്ക് മാനേജര്‍മാര്‍ പറയുന്നു. ഭവന വായ്പ പോലുള്ളവ അനുവദിച്ചു കിട്ടാന്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ട സാഹചര്യം തന്നെയുണ്ട്. വായ്പ അത്യാവശ്യമായവര്‍ ഇന്‍ഷുറന്‍സും മ്യൂച്വല്‍ ഫണ്ടും ഒക്കെ എടുക്കുമെങ്കിലും വായ്പ തിരിച്ചടവ് മുടങ്ങും. അതോടെ കിട്ടാക്കടം കൂടും. അതിന്റെ പേരിലുള്ള നടപടിയും മാനേജര്‍മാര്‍ നേരിടണം.

ഉല്‍പ്പന്നങ്ങളും സേവനങ്ങളും പെരുകി

പേമെന്റ് ബാങ്കുകളുടെ വരവോടെ വിപണിയിലെ മത്സരം വര്‍ധിച്ചതും ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം ഉയര്‍ത്താനിടയാക്കി. എക്കൗണ്ട് തുറക്കല്‍, നിക്ഷേപം, പണം പിന്‍വലിക്കല്‍, സ്ഥിര നിക്ഷേപം, ആര്‍.ഡി, വിവിധതരം വായ്പകള്‍ എന്നിവക്ക് പുറമേ ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഗോള്‍ഡ് കോയിന്‍, ആധാര്‍ ലിങ്കിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബാങ്കുകള്‍ മുഖേന ലഭ്യമാക്കിയതോടെയാണ് തൊഴില്‍ഭാരം വര്‍ധിച്ചതെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.

''പരിചയസമ്പന്നരായ ജീവനക്കാരുടെ കുറവ്, തേര്‍ഡ് പാര്‍ട്ടി പ്രോഡക്ട്‌സ് വിറ്റഴിച്ച് അദര്‍ ഇന്‍കം നേടുന്നത്, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ജോലികള്‍ തുടങ്ങിയ നിരവധി ഘടകങ്ങളാണ് ബാങ്കിംഗ് മേഖലയിലെ തൊഴില്‍ഭാരം വര്‍ധിപ്പിച്ചത്'' ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായ ഏബ്രഹാം ഷാജി ജോണ്‍ പറഞ്ഞു. റീജിയണല്‍ മാനേജര്‍, സോണല്‍ മാനേജര്‍ എന്നിവരെ അപേക്ഷിച്ച് പൊതുവെ ബ്രാഞ്ച് മാനേജര്‍മാരാണ് കൂടുതല്‍ തൊഴില്‍ സമ്മര്‍ദം നേരിടുന്നത്.

മുകളില്‍ നിന്നുള്ള കോണ്‍ടാക്ട് പോയിന്റ് എന്നതിന് പുറമേ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നതും ബ്രാഞ്ച് മാനേജര്‍ ആയതിനാല്‍ ഇരുഭാഗത്തും നിന്നുള്ള സമ്മര്‍ദം ഇവര്‍ക്കുണ്ടാകും. ബ്രാഞ്ചിലെ എല്ലാ ദൈനംദിന കാര്യങ്ങളിലും ശ്രദ്ധയുണ്ടാകണമെന്നതിന് പുറമേ മെയിലുകള്‍ക്ക് മറുപടി നല്‍കുക, കെ.വൈ.സി അപ് ഡേറ്റ് ചെയ്യുക, നിശ്ചിത ടാര്‍ഗറ്റുകള്‍ നേടിയെടുക്കുക, ബിസിനസ് വര്‍ധിപ്പിക്കുക എന്നിവയൊക്കെ മാനേജര്‍മാരുടെ ചുമതലയാണ്. ശാഖാ മാനേജര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ മറ്റുള്ള ജീവനക്കാരും അത് ഷെയര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവുമുണ്ട്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ കാരണം പൊതുമേഖലാ ബാങ്ക് മാനേജര്‍മാരാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ സമ്മര്‍ദം അനുഭവിക്കുന്നത്. ''പൊതുമേഖലാ ബാങ്കുകളെ സര്‍ക്കാരിന്റെ കാര്യങ്ങള്‍ മാത്രം ചെയ്യുന്നൊരു സ്ഥാപനമായി മാറ്റിയിരിക്കുകയാണ്. ഉദാഹരണമായി ജന്‍ധന്‍ എക്കൗണ്ടുകളുടെ 97 ശതമാനം തുറന്നത് പി.എസ്.യു ബാങ്കുകളാണ്'' ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ പ്രസിഡന്റായ സി.ജെ നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയക്കാരുടെ സമ്മര്‍ദം

മുദ്ര ലോണ്‍, വിദ്യാഭ്യാസ വായ്പ എന്നിവ അനുവദിക്കാന്‍ രാഷ്ട്രീയക്കാരില്‍ നിന്നും കടുത്ത സമ്മര്‍ദം അനുഭവിക്കാറുണ്ടെന്ന് മാനേജര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ''മുദ്രലോണ്‍ പലതും അനുവദിക്കുമ്പോള്‍ തന്നെ അറിയാം അതിന്റെ തിരിച്ചടവ് ഉണ്ടാവില്ലെന്ന്. പക്ഷേ മന്ത്രിമാരും ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളും പറയുമ്പോള്‍ ചെയ്തു പോകും. ഇതുപോലെ തന്നെയാണ് ചില വിദ്യാഭ്യാസ വായ്പകളും. ശരാശരി നിലവാരമില്ലാത്ത വിദ്യാര്‍ത്ഥികള്‍ പോലും വന്‍ ഫീസുള്ള കോഴ്‌സില്‍ ചേരാന്‍ വായ്പക്കായി സമീപിക്കും. അവര്‍ ആ കോഴ്‌സ് പാസാകുകയോ നല്ല ജോലി ലഭിക്കുകയോ ചെയ്യില്ലെന്നറിയാം. പക്ഷേ വായ്പ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യാ ഭീഷണിയായി. മാനേജര്‍ വില്ലനായി,'' ഒരു ബാങ്ക് മാനേജര്‍ ധര്‍മ്മ സങ്കടത്തോടെ പറയുന്നു.

ഈ പ്രതിസന്ധികളെ ബുദ്ധിപൂര്‍വ്വം മറികടക്കുന്നവരുമുണ്ട്. ''എന്തായാലും മുദ്രലോണിന്റെ കാര്യത്തിലൊക്കെ ടാര്‍ഗറ്റ് വരും. അതു മുന്‍കൂട്ടി കണ്ട് വായ്പകള്‍ തിരിച്ചടയ്ക്കുന്ന നല്ല ഇടപാടുകാരെ വിളിച്ച് അവര്‍ക്ക് ഈ വായ്പകള്‍ നല്‍കും. ബാങ്കിന്റെ ലക്ഷ്യവും നേടാം. തിരിച്ചടവ് ഉറപ്പാക്കുകയും ചെയ്യാം,'' മറ്റൊരു മാനേജര്‍ തന്റെ നയം വ്യക്തമാക്കുന്നു.

റീറ്റെയ്ല്‍ വായ്പ കൂടുതല്‍, ടെന്‍ഷനും

കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം കാരണം റീറ്റെയ്ല്‍ വായ്പകള്‍ കൂടുതല്‍ നല്‍കാനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്. '10 കോടിയുടെ ഒരു വായ്പയ്ക്ക് പകരം 10 ലക്ഷത്തിന്റെ 100 വായ്പകള്‍ കൊടുക്കുമ്പോഴുണ്ടാകുന്ന ജീവനക്കാരുടെ പരിശ്രമം ഭീമമാണ്' ഏബ്രഹാം ഷാജി ജോണ്‍ അഭിപ്രായപ്പെട്ടു. ''സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസ, ഭവന, വാഹന വായ്പകള്‍ നല്‍കിയതുകൊണ്ടോ ജീവനക്കാര്‍ പണിയെടുക്കാത്തതുകൊണ്ടോ അല്ല നഷ്ടമുണ്ടാകുന്നതെന്നത് ജനങ്ങള്‍ക്കെല്ലാം അറിയാം'' സ്റ്റാഫ് യൂണിയന്റെ ഒരു മുന്‍ പ്രതിനിധി പറഞ്ഞു.

കിട്ടാക്കടം കൂടുന്നതിന് അനുസരിച്ച് റിക്കവറിക്കായി ഉപഭോക്താക്കളെ നേരിട്ടും ഫോണിലുമായി നിരന്തരം ബന്ധപ്പെടുക, ഇടക്കിടെ വണ്‍ ടൈം സെറ്റില്‍മെന്റ് (OTS) നടത്തുക എന്നിവയൊക്കെ ജോലിഭാരം വര്‍ധിപ്പിച്ചതായി മാനേജര്‍മാര്‍ പറയുന്നു.

2020 ഓടെ മുതിര്‍ന്ന ജീവനക്കാര്‍ എല്ലാം വിരമിക്കുമ്പോള്‍ ഇപ്പോഴത്തെ പ്രതിസന്ധി മറ്റൊരു തലത്തിലേക്ക് എത്തിയേക്കാനിടയുണ്ട്. കിട്ടാക്കടം കുറക്കുകയും റിക്രൂട്ട്‌മെന്റ് വര്‍ധിപ്പിക്കുകയും ബാങ്കിംഗ് സേവനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ബാങ്കിംഗ് ഉല്‍പ്പന്നങ്ങളെ മല്‍സരക്ഷമമാക്കുകയും ചെയ്തില്ലെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

സമ്മര്‍ദം ഉയര്‍ത്തുന്ന ഘടകങ്ങള്‍ എന്തൊക്കെ?

  • റിക്രൂട്ട്‌മെന്റ് ഇല്ലാതിരുന്നതിനാല്‍ പരിചയസമ്പന്നരായ ജീവനക്കാരുടെ എണ്ണം വളരെയേറെ കുറഞ്ഞു.
  • ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് എന്നിവ ഉള്‍പ്പടെയുള്ള ക്രോസ് സെല്ലിംഗ് ബിസിനസ് വര്‍ധിച്ചു.
  • വന്‍കിട വായ്പകളുടെ കിട്ടാക്കടം കാരണം റീറ്റെയ്ല്‍ വായ്പകള്‍ കൂടുതല്‍ നല്‍കാനായി അവയുടെ ടാര്‍ഗറ്റുകള്‍ വര്‍ധിപ്പിച്ചു.
  • കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനായി വിവിധ റിക്കവറി നടപടികള്‍ നടപ്പാക്കുന്നു.
  • ഇന്‍ഷുറന്‍സ് പദ്ധതികളായ സുരക്ഷ ബീമ യോജന, ജീവന്‍ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന ന്നിവയ്ക്കായി പ്രത്യേക ടാര്‍ഗറ്റുകള്‍.
  • മുദ്ര വായ്പയ്ക്കും സ്റ്റാന്‍ഡപ് ഇന്ത്യ പദ്ധതിക്കും പ്രത്യേക ടാര്‍ഗറ്റുകള്‍
  • തൊഴിലുറപ്പ് പദ്ധതി, സ്വയം സഹായ സംഘങ്ങള്‍ എന്നിവയുടെ ഇടപാടുകള്‍ ഉയര്‍ന്നു.
  • ആധാര്‍ ലിങ്കിംഗ് ഉള്‍പ്പെടെയുള്ള നോണ്‍-ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു.
  • ക്രോസ് സെല്ലിംഗിലൂടെ അധിക വരുമാനം നേടാനായും ടാര്‍ഗറ്റുകള്‍ നിശ്ചയിക്കപ്പെടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it