ബി.എസ്.എന്‍.എല്‍ ശമ്പളം ദീപാവലിക്ക് മുന്‍പു തന്നെ നല്‍കുമെന്ന് ചെയര്‍മാന്‍
ദീപാവലിക്ക് മുമ്പ് 1.76 ലക്ഷം ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ചെയര്‍മാനും എം.ഡിയുമായ പി.കെ.പൂര്‍വാര്‍. ഉത്സവ സീസണില്‍ ശമ്പളം വൈകുന്നതുമൂലം വെള്ളിയാഴ്ച തൊഴിലാളി യൂണിയനുകള്‍ നിരാഹാര സമരം നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കവേയാണ് സ്വന്തം വിഭവങ്ങളില്‍ നിന്ന് ശമ്പളം നല്‍കുമെന്ന ചെയര്‍മാന്റെ പ്രസ്താവന പുറത്തുവന്നിട്ടുള്ളത്.
സേവനങ്ങളില്‍ നിന്ന് ബി.എസ്.എന്‍.എല്‍ പ്രതിമാസം 1,600 കോടി രൂപ വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് പൂര്‍വാര്‍ പറഞ്ഞു. മൊത്തം പ്രതിമാസ ശമ്പളം 850 കോടി രൂപയാണ്.പക്ഷേ, വരുമാനത്തിന്റെ വലിയൊരു ഭാഗം പ്രവര്‍ത്തനച്ചെലവുകള്‍ക്കും നിയമപരമായ പേയ്മെന്റുകള്‍ക്കും ആവശ്യമുള്ളതിനാല്‍ വേതനത്തിന് ഈ തുക പര്യാപ്തമാകുന്നില്ല.ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ ഗ്യാരന്റി വഴി ധനസമാഹരണത്തിനു ശ്രമിക്കുന്നുണ്ട്.
ബി.എസ്.എന്‍.എല്ലിന്റെയും എം.ടി.എന്‍.എല്ലിന്റെയും പുനരുജ്ജീവനത്തിനായി 50,000 കോടി രൂപ മൂലധനം ലഭ്യമാക്കുന്നതിനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.ഈ സാമ്പത്തിക വര്‍ഷം ബി.എസ്.എന്‍.എല്‍ മാത്രം വരുത്തിയ നഷ്ടം 13,804 കോടി രൂപയായിരുന്നു.