പരാതികൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട് ജീവനക്കാർ; എന്തുചെയ്യണമെന്നറിയാതെ കമ്പനികൾ

സന്തോഷമായാലും ദുഖമായാലും എല്ലാം സമൂഹമാധ്യമങ്ങളിലൂടെയാണ് നാമിപ്പോൾ പ്രകടിപ്പിക്കുന്നത്. അത് പ്രൊമോഷൻ കിട്ടിയതാകാം, ജോലിസ്ഥലത്തെ സുഖകരമല്ലാത്ത ഒരനുഭവമാകാം. സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പലരും വിവേചന ബുദ്ധി ഉപയോഗിക്കുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്.

സഹപ്രവർത്തകർക്കെതിരെയുള്ള പരാതികളും കമ്പനി മാനേജ്മെന്റിനോടുള്ള അതൃപ്തിയും സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുന്ന പ്രവണത ഏറിവരികയാണ്; പ്രത്യേകിച്ചും ഐറ്റി മേഖലയിൽ. മുൻ ജീവനക്കാരും ഇക്കാര്യത്തിൽ 'പ്രത്യേക താല്പര്യം' കാണിക്കാറുണ്ട്.

ഇക്കൂട്ടരെക്കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് കമ്പനികൾ. വളരെ നിസാരമായ കാര്യങ്ങൾക്ക് വരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർ ഉണ്ടെന്ന് കൊച്ചിയിലെ ഒരു ടെക് കമ്പനിയുടെ മേധാവി പറയുന്നു. ജോലിയിൽ അലംഭാവം കാണിക്കുന്ന അവസരത്തിൽ താക്കീത് നൽകാൻ പോലും ചിലപ്പോൾ മുതിരാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഷങ്ങളായി വളർത്തിക്കൊണ്ടുവന്ന ഒരു കമ്പനിയുടെ പ്രതിച്ഛായ ഒരു നിമിഷം കൊണ്ട് തകരാൻ ഒരു ട്വീറ്റോ ഫേസ്ബുക്ക് പോസ്റ്റോ മതിയാവും.

ഈയിടെ ടെക്ക് മഹീന്ദ്രയുടെ ഡൈവേഴ്‌സിറ്റി ആൻഡ് ഇൻക്ലൂഷൻ ടീം മേധാവിയുടെ ജോലി തെറിച്ചത് ഒരു മുൻ ജീവനക്കാരൻ സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ചത് കാരണമാണ്. സമൂഹമാധ്യമത്തിലൂടെ ഒരു സ്ത്രീയെ അപമാനിച്ചതിന് ടിസിഎസ് കഴിഞ്ഞദിവസം ഒരു ജീവനക്കാരനെ പിരിച്ചു വിട്ടിരുന്നു.

കമ്പനികൾക്ക് ചെയ്യാൻ സാധിക്കുന്നത്

ജീവനക്കാരുടെ സോഷ്യൽ മീഡിയയിലെ പെരുമാറ്റം മിക്ക കമ്പനികളുടെയും എച്ച്.ആർ പോളിസിയുടെ ഭാഗമാണിപ്പോൾ. സോഷ്യൽ മീഡിയ പോളിസി തയ്യറാകുമ്പോൾ കമ്പനികൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഒരു ഭാഗത്ത് കമ്പനിയുടെ പ്രതിച്ഛായ, മറുവശത്ത് ജീവനക്കാരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ഉത്തരവാദിത്തം. ഇവ രണ്ടും ബാലൻസ് ചെയ്ത് വേണം സോഷ്യൽ മീഡിയ പ്ലാൻ തയാറാക്കാൻ.

  • കമ്പനിയുടെ സോഷ്യൽ മീഡിയ പോളിസിയെക്കുറിച്ച് ജീവനക്കാർക്ക് വ്യക്തമായ ധാരണയുണ്ടാക്കി കൊടുക്കേണ്ടത് കമ്പനി അധികൃതരുടെ ചുമതലയാണ്.
  • സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ എന്തു ചെയ്യാം, എന്ത് ചെയ്യേണ്ട എന്നതിന് ഒരു ഗൈഡ് ലൈൻ തയ്യാറാക്കണം.
  • കമ്പനിയുടെ പോളിസി ഒരിക്കലും അവരുടെ സ്വകാര്യതയിലേക്കോ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കോ ഉള്ള കടന്നുകയറ്റമാകരുത്.
  • ഡിഫമേഷൻ, ഡേറ്റ പ്രൊട്ടക്ഷൻ, പ്രൈവസി നിയമങ്ങൾ എന്നിവയെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം.
  • ഒരു കമ്പനിയുടെ ജീവനക്കാർ ഏത് പ്ലാറ്റ് ഫോമിലും ആ കമ്പനിയെ പ്രതിനിധീകരിക്കുന്നവരാണെന്നുള്ള ബോധ്യം അവരിൽ വളർത്തിയെടുക്കണം.
  • ജീവനക്കാരിൽ നിന്ന് പോസിറ്റീവും നെഗറ്റീവും ആയുള്ള ഫീഡ്ബാക്ക് തുറന്ന മനസ്സോടെ സ്വീകരിക്കാൻ മാനേജ്മെന്റും മാനേജർമാരും തയ്യാറാകണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it