കൃഷിക്കും യന്ത്രവല്‍ക്കരണത്തിനും അവസാനം സിപിഎമ്മിന്റെ പച്ചക്കൊടി

കാര്‍ഷിക വികസനത്തിനും കൃഷിയിടത്തില്‍ പരമാവധി യന്ത്രവല്‍ക്കരണം കൊണ്ടുവരുന്നതിനും ഒടുവില്‍ സിപിഎമ്മിന്റെ പച്ചക്കൊടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭാവിയിലെ പ്രയാസങ്ങള്‍ ദൂരികരിക്കാന്‍ മൃഗസംരംക്ഷണ - മത്സ്യ കൃഷി മേഖലകളില്‍ കര്‍മപദ്ധതി കൊണ്ടുവരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്.

കോറോണയ്ക്കപ്പുറം ലോകത്തെ കാത്തിരിക്കുന്നത് മഹാക്ഷാമമാകുമെന്ന മുന്നറിയിപ്പ് യുഎന്‍ ഇതിനകം നല്‍കിയിട്ടുണ്ട്. ലോകത്തെ ഒട്ടേറെ രാജ്യങ്ങള്‍ മഹാക്ഷാമത്തിന്റെ പിടിയിലേക്ക് ഇപ്പോള്‍ തന്നെ പോയിക്കഴിഞ്ഞു.

ഭക്ഷ്യോല്‍പ്പന്ന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണിപ്പോള്‍. മാത്രമല്ല, കൃഷിയിടങ്ങളെ സംരംഭമാക്കി മാറ്റിയാല്‍ ഗള്‍ഫ് പ്രതിസന്ധി മൂലം കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കു പോലും ഉപജീവനത്തിന് ഒരു മാര്‍ഗമാകും.

കൃഷി പരമ്പരാഗത ശൈലി വിടണം

മുട്ട, മാംസം എന്നിവയുടെ കാര്യത്തില്‍ സ്വയം പര്യാപ്ത നേടുന്നതിനുള്ള വഴികള്‍ സംസ്ഥാനം സ്വീകരിക്കുമെന്നാണ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്. ഗ്രാമീണ മേഖലയില്‍ ചെറുകിട ഫാമുകള്‍ സ്ഥാപിക്കുന്നതിനും ജലാശയങ്ങളില്‍ മീന്‍ വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പാലില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കൃഷിയിടത്തില്‍ യന്ത്രവല്‍ക്കരണത്തിന് പരമാവധി പ്രോത്സാഹനം നല്‍കുമെന്ന പ്രഖ്യാപനമാണ് ഏറെ ശ്രദ്ധേയം. കൃഷി പരമ്പരാഗത രീതിയില്‍ തുടര്‍ന്നുപോയാല്‍ ഇനി കര്‍ഷകര്‍ക്കും നാടിനും നേട്ടമുണ്ടാകില്ല. പ്രമുഖ സാമ്പത്തിക വിദഗ്ധനായ അരവിന്ദ് പനഗാരിയ തന്നെ, കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മാറി ചിന്തിക്കണമെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകരും കാല്‍ ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള സൂക്ഷ്മ കര്‍ഷകരാണ്. ഇവരാണ് കോവിഡ് കാലത്ത് ഏറ്റവും കഷ്ടത്തിലായിരിക്കുന്നതും.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കൃഷിയിടത്തില്‍ നിന്നും പരമാവധി വരുമാനം ഉണ്ടാക്കാന്‍ പറ്റിയാല്‍ കേരളത്തിലും കൃഷി ലാഭകരമാക്കാം. അതിന് സാധ്യമായത്ര യന്ത്രവല്‍ക്കരണം വേണം. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള സംവിധാനം വേണം.

യന്ത്രവല്‍ക്കരണം, വേണം ചിന്തകളില്‍ മാറ്റം

പാടത്ത് കൊയ്ത് മെതി യന്ത്രം ഇറക്കുന്നതിന് മുതല്‍ കംപ്യൂട്ടറിനുവരെ എതിരെ സമരം ചെയ്തിരുന്നവരാണ് കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍. യന്ത്രവല്‍ക്കരണം മനുഷ്യരുടെ തൊഴിലുകള്‍ അപഹരിക്കുമെന്ന കാഴ്ചപ്പാടാണ് അതിനിടയാക്കിയതും.

എന്നാല്‍ പിന്നീട് നയവ്യതിയാനങ്ങള്‍ പലതും ഇടതുപാര്‍ട്ടികളിലുണ്ടായി. ഇന്ന് കംപ്യൂട്ടറും പുത്തന്‍ സാങ്കേതിക വിദ്യകളും ഏറ്റവും നന്നായി ഉപയോഗിക്കുന്ന കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ മുന്നില്‍ സിപിഎമ്മാണ്.

കൃഷിഭൂമിയില്‍ വാഴ വെച്ചാല്‍ പിഴുതെറിയാനും ഒരിക്കല്‍ പാര്‍ട്ടി തന്നെയാണ് മുന്നില്‍ നിന്നിരുന്നത്. ഇന്ന് ആ നയത്തിലെല്ലാം തിരുത്തല്‍ വരുത്താന്‍ സിപിഎം തയ്യാറാകുന്നുവെന്നത് സ്വാഗതാര്‍ഹമാണ്.

കേരള വികസനത്തിന് നല്ല വഴി

കൃഷിയിടത്തെ സംരംഭമാക്കി മാറ്റാനും കാര്‍ഷിക മേഖലയില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കാനുമുള്ള ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്ന രാഷ്ട്രീയ കക്ഷി സിപിഎമ്മാണെന്ന് പറയാം. കാരണം, ആ പാര്‍ട്ടിയുടെ സംഘടിത സ്വഭാവം കൂടിയാണ്. സിപിഎമ്മും അതിന്റെ പോഷക സംഘടനകളും യുവജന സംഘടനകളും തുനിഞ്ഞിറങ്ങിയാല്‍ കേരളത്തില്‍ കാര്‍ഷിക ഉന്നതിക്ക്് കാരണമാകുന്ന ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും.

കേരളം കൃഷിയിലേക്ക് തിരിയേണ്ടതിന് ഇപ്പോള്‍ കാരണങ്ങള്‍ പലതുണ്ട്.

1. കൃഷിയെ ഗൗരവമായി സമീപിച്ചാല്‍ സമ്പത്ത് ആര്‍ജ്ജിക്കാന്‍ സാധിക്കും. കര്‍ഷകര്‍, കാര്‍ഷികവിളകള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനശൃംഖല, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനുള്ള സംവിധാനങ്ങള്‍, മികച്ച വിപണി എന്നിവയെല്ലാം ഒന്നുമനസ് വെച്ചാല്‍ കേരളത്തില്‍ സൃഷ്ടിക്കാനാകും.

ഇപ്പോള്‍ തന്നെ ജനങ്ങള്‍ പ്രാദേശിക തലത്തിലുള്ള കര്‍ഷകരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാണ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. കോവിഡ് കാലം കഴിയുമ്പോള്‍ ജനങ്ങള്‍ അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രഭവ കേന്ദ്രത്തെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാകും. അത് കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുണമാകും. സര്‍ക്കാര്‍ തലത്തില്‍ നിന്ന് സമഗ്രമായ പിന്തുണ നല്‍കുക കൂടി ചെയ്താല്‍ കേരളത്തില്‍ മികച്ചൊരു കാര്‍ഷിക ഇക്കോസിസ്റ്റം വികസിപ്പിച്ചെടുക്കാനും പറ്റും.

2. ഗള്‍ഫ് മേഖലയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ടും മറ്റും ലക്ഷക്കണക്കിനാളുകളാണ് ഇനി കേരളത്തില്‍ തിരിച്ചെത്തുക. ഇവര്‍ മുമ്പ് ചെയ്ത പോലെ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നോ, വാണിജ്യാവശ്യത്തിനുള്ള കെട്ടിടം കെട്ടി വാടകയ്ക്ക്് നല്‍കിയോ ജീവിക്കാനാവില്ല. പകരം, അവര്‍ക്കുള്ള ഭൂമിയില്‍ വിളവിറക്കിയാല്‍ അതിന് മാന്യമായ വില ലഭിച്ചാല്‍ ഉപജീവനമാര്‍ഗമാകും. കാര്‍ഷിക രംഗത്ത് കേരളം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും.

3. പാല്‍, മുട്ട, മാംസം എന്നീ രംഗങ്ങളില്‍ കേരളത്തിന് സ്വയം പര്യാപ്ത നേടാന്‍ സര്‍ക്കാര്‍ ഒന്നുമനസ്സ് വെച്ചാല്‍ മാത്രം മതി. ഇത്രയേറെ ജലാശയങ്ങളും കുളങ്ങളും ഉപേക്ഷിക്കപ്പെട്ട പാറമടകളുമുള്ള കേരളത്തില്‍ ചെമ്മീന്‍, മത്സ്യകൃഷി സംഘടിതമായി നടത്തിയാല്‍ ഈ രംഗത്തെ രാജ്യത്തെ ഒന്നാം നിര കയറ്റുമതിക്കാര്‍ എന്ന പദവിയും കേരളത്തിന് കിട്ടും.

4. കാര്‍ഷിക മേഖലയില്‍ മാത്രമല്ല, അനുബന്ധ മേഖലയില്‍ കൂടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് ഉപകരിക്കും. കേരളത്തില്‍ ഇനി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുന്ന മികച്ച മാര്‍ഗം കൂടി ഇതാണ്.

എന്തായാലും കോവിഡ് കേരളത്തില്‍ പുതിയൊരു കാര്‍ഷിക ചിന്തകള്‍ക്ക് തിരികൊളുത്തുമ്പോള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതികൂട്ടില്‍ നിര്‍ക്കുന്ന സ്പ്രിങ്കഌ വിവാദത്തിനൊക്കെ തല്‍ക്കാലത്തേക്ക് ഒരു മറയെങ്കിലും ആകുന്നുണ്ട്.

കേരളത്തിന്റെ ഭാവി വികസനത്തിന് വേണ്ട ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന മുഖ്യമന്ത്രി എന്ന പ്രതിച്ഛായയും പിണറായി വിജയന് ഇപ്പോഴുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതൊക്കെ പിണറായിക്കും പാര്‍ട്ടിക്കും ഗുണകരമാകാനാണിട.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it