ജിഡിപി വളർച്ച 2 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ; മാന്ദ്യം മറികടന്ന് മാനുഫാക്ച്ചറിംഗ്, കാർഷിക മേഖലകൾ 

രാജ്യത്തിൻറെ സാമ്പത്തിക വളർച്ച രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഏപ്രിൽ– ജൂൺ ത്രൈമാസത്തിലെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) 8.2 ശതമാനം വളർച്ച രേഖപ്പെടുത്തി. അതോടൊപ്പം, ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പേരും ഇന്ത്യ നിലനിർത്തി.

ഒട്ടുമിക്ക മേഖലകളും നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും മൂലം ഉണ്ടായ മാന്ദ്യം മറികടന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വ്യവസായ മേഖലയിൽ 13.5 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർഷിക മേഖല 5.3 ശതമാനം വളർച്ച രേഖപ്പെടുത്തി. ഉപഭോഗം 8.4 ശതമാനം വർധിച്ചു. നിക്ഷേപത്തിലുണ്ടായ വളർച്ച 10 ശതമാനമാണ്.

പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സർക്കാരിന് ആത്മവിശ്വാസം പകരുന്ന വളർച്ചാ നിരക്കാണിത്. എങ്കിലും മുന്നോട്ട് പോകുന്തോറും വെല്ലുവിളികൾ ഏറെയാണ്.

കുതിക്കുന്ന എണ്ണവിലയും റെക്കോർഡുകൾ തകർത്ത് താഴേക്ക് പതിക്കുന്ന രൂപയുടെ മൂല്യവും സമ്പദ് വ്യവസ്ഥയുടെ തിളക്കമാർന്ന മുന്നേറ്റത്തിന് തടസ്സമാകും. കറന്റ് എക്കൗണ്ട് കമ്മി ഇനിയും ഉയരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്യും. ജനങ്ങളുടെ വരുമാനത്തിലും ഉപഭോഗത്തിലും ഗണ്യമായ കുറവ് ഇതുമൂലം ഉണ്ടാകാം.

എന്നിരുന്നാലും വരുന്ന തെരഞ്ഞെടുപ്പ് കാലത്തിന് മുന്നോടിയായി സർക്കാറിന്റെ പണം ചെലവിടൽ വൻതോതിൽ വർധിക്കാൻ സാധ്യതയുണ്ട്. ഇത് എന്തുകൊണ്ടും സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it