ജിഡിപി നിരക്ക് സർക്കാർ പെരുപ്പിച്ച് കാട്ടി: മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്
കഴിഞ്ഞ ആറു വർഷക്കാലം യുപിഎ, എന്‍ഡിഎ സർക്കാരുകൾ രാജ്യത്തെ ജിഡിപി വളർച്ചാ നിരക്ക് 2.5 ശതമാനത്തോളം പെരുപ്പിച്ച് കാണിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്.
2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2016-17 വരെ ഇന്ത്യയുടെ ജിഡിപി വളർച്ച 7 ശതമാനമായിരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ യഥാര്‍ഥത്തില്‍ വളർച്ച 4.5 ശതമാനം മാത്രമായിരുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിൽ പറയുന്നു.
എന്നാലിത് രാഷ്ട്രീയമായ തീരുമാനമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ടെക്നോക്രാറ്റുകളാണ് ജിഡിപി പെരുപ്പിച്ച് കാണിക്കല്‍ നടത്തിയത്. വളരെ വേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന് തോന്നിക്കാനാണ് ജിഡിപി വളര്‍ച്ച കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയതെന്ന് അദ്ദേഹം പറയുന്നു.
തെറ്റായ സ്പീഡോമീറ്റര്‍ ഉപയോഗിക്കുന്ന വാഹനം പോലെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എത്രയും പെട്ടെന്ന് ബാങ്കിങ് മേഖലയില്‍ ഇടപെടണമെന്നും അല്ലാത്തപക്ഷം കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ഗുരുതരമാകുമെന്നും അരവിന്ദ് സുബ്രഹ്മണ്യന് മുന്നറിയിപ്പ് നല്കി. ജിഡിപി കണക്കുകൂട്ടാൻ സ്വതന്ത്ര ഏജന്‍സിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
2014 മുതല്‍ 2018 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്.