തീരാത്ത സോഫ്റ്റ് വെയര്‍ പ്രശ്‌നം, പല നികുതികള്‍: മൂന്നാം വര്‍ഷത്തിലും ജിഎസ്ടിയില്‍ നൂലാമാലകള്‍ ഏറെ

ഒരു രാജ്യം ഒരു നികുതി എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ചരക്ക് സേവന നികുതി, ജിഎസ്ടി, നടപ്പായത്. ഒരു ചരക്കിനോ സേവനത്തിനോ നികുതി ഒരിക്കല്‍ നികുതി നല്‍കിയാല്‍ മതിയാകും, വില കുറയും എന്നതൊക്കെയായിരുന്നു ജി എസ് ടി നടപ്പായപ്പോള്‍ ജനം പ്രതീക്ഷിച്ചത്. നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാകുമെന്നും കള്ളങ്കടത്ത് ഇല്ലാതാകുമെന്ന് സ്വപ്‌നം കണ്ടവരും ഏറെ. എന്നാല്‍ വര്‍ഷം മൂന്നായിട്ടും ഈ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇനിയുമേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടിയിരിക്കുന്നു.

തലവേദനയായി സോഫ്റ്റ്‌വെയര്‍

ജിഎസ്ടി നെറ്റ് വര്‍ക്ക് ഇപ്പോഴും യൂസര്‍ ഫ്രണ്ട്‌ലി അല്ല എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന ഗുണഭോക്താവിനെ എങ്ങനെയെല്ലാം ചുറ്റിക്കാമെന്ന കാര്യത്തില്‍ റിസര്‍ച്ച് ചെയ്യുകയാണോ ഈ നെറ്റ്‌വര്‍ക്ക് എന്നു തോന്നിപോകും. എന്തായാലും 24 മാസം മുമ്പുണ്ടായതിനേക്കാള്‍ ഭേദം എന്നുമാത്രമേ ഇതിന്റെ കാര്യത്തില്‍ പറയാനുള്ളൂ. സോഫ്റ്റ് വെയര്‍ പ്രശ്‌നം കാരണം മൂലം പലപ്പോഴും ഒരു കാര്യത്തിന് പല ഫോമുകളും ഉപയോഗിക്കേണ്ടി വരുന്നു. അങ്ങനെയാണ് ജിഎസ്ടിആര്‍ 1, 2, 3 ഉം പരിഷ്‌കരിക്കേണ്ട അവസ്ഥയുണ്ടായത്. ജിഎസ്ടി 3ബി വന്നതു തന്നെ സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമിന്റെ പരിമിതി മൂലമാണ്.

ഇന്‍പുട്ട് കിട്ടാന്‍ ഭാഗ്യം വേണം!

ജിഎസ്ടിയുടെ അടിസ്ഥാന തത്വം തന്നെ ലളിതവും സുതാര്യവുമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സംവിധാനമാകണമായിരുന്നു. ഒരിക്കല്‍ കൊടുത്ത നികുതി വീണ്ടും കൊടുക്കേണ്ടി വരാത്ത അവസ്ഥ ആകണമായിരുന്നു. രാജ്യാന്തരതലത്തില്‍ പോലും പരോക്ഷനികുതിയും അടിസ്ഥാന തത്വവും അതുതന്നെയാണ്.

എന്നാല്‍ ഇവിടെ ഒരിക്കല്‍ കൊടുത്ത നികുതി, ഉല്‍പ്പന്നമോ സേവനമോ വാങ്ങിയ വ്യക്തി, ആ നികുതി ജിഎസ്ടി വെബ്‌സൈറ്റില്‍ അപ്്‌ലോഡ് ചെയ്തില്ലെങ്കില്‍, നികുതി കൊടുത്തവന് ആ നികുതി വിലക്കുന്ന സാഹചര്യമാണുള്ളത്. അത് ഒരു നോട്ടിഫിക്കേഷനിലൂടെ കൊണ്ടുവരുമ്പോള്‍ ജിഎസ്ടിയുടെ അടിസ്ഥാന തത്വത്തില്‍ തന്നെ വെള്ളം ചേര്‍ക്കുന്ന അവസ്ഥയാണ്. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന് നിയന്ത്രണം കൊണ്ടുവരുന്ന അവസ്ഥ ഖേദകരമാണ്.

ആരോട് പറയും? ആര് കേള്‍ക്കാന്‍?

ജിഎസ്ടി നെറ്റ് വര്‍ക്ക്, നിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആരെയാണ് സമീപിക്കേണ്ടതെന്നതില്‍ ഇപ്പോഴും സംശയം മാറാത്ത സ്ഥിതിയാണ്. കേന്ദ്ര ജിഎസ്ടി ഓഫീസര്‍മാരോ സംസ്ഥാന ജിഎസ്ടി ഓഫീസര്‍മാരോ, ആരാണ് ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടതെന്ന കാര്യത്തില്‍ സംശയമുണ്ട്.

നികുതിക്കു മേല്‍ നികുതി

ജിഎസ്ടി നിയമം നടപ്പാകുന്ന സമയം വരെ അടച്ച മുന്‍കൂര്‍ നികുതി, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ബാലന്‍സ് ഇവ ഉപയോഗപ്പെടുത്താന്‍ സാങ്കേതികമായി TRAN - 1 ഫോം ഒരു സമയപരിധിക്കുള്ളില്‍ തന്നെ കൊടുക്കണം എന്ന നിഷ്‌കര്‍ഷയുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ ഇപ്പോഴും കോടതികളില്‍ കെട്ടികിടക്കുകയാണ്. സുപ്രീംകോടതി ഇടപെട്ട് ഇവ നല്‍കണമെന്ന് വിധിച്ചപ്പോള്‍ അതിനെ നിരാകരിക്കാന്‍ ജിഎസ്ടി A നിയമത്തില്‍ നോട്ടിഫിക്കേഷന്‍ കൊണ്ടുവന്ന് നിയമത്തില്‍ മാറ്റം വരുത്തുന്ന സ്ഥിതി വരെയുണ്ടായി. നികുതിക്കു മേല്‍ നികുതി എന്നത് ഒഴിവാക്കാന്‍ സുപ്രീം കോടതി ഇടപെട്ടപ്പോള്‍ ഇതിനെയെല്ലാം അവഗണിക്കുന്ന നടപടികളുമായി ജിഎസ്ടി നിയമം മുന്നോട്ടുപോകുകയാണ്.

സിജിഎസ്ടി നിയമത്തില്‍ ഇതുവരെയായി 288 നോട്ടിഫിക്കേഷനുകള്‍ വന്നു. ഇതുകൂടാതെ നൂറോളം റേറ്റ് നോട്ടിഫിക്കേഷനുകളും വന്നിട്ടുണ്ട്. എസ്ജിഎസ്ടിയിലും ഓരോ സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് നോട്ടിഫിക്കേഷനുകളാണ് വരുന്നത്. റേറ്റ് നോട്ടിഫിക്കേഷനുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് നോട്ടിഫിക്കേഷനുകള്‍ ഇങ്ങനെ വിവിധ തരത്തിലുള്ളവ സുതാര്യമാവേണ്ട ജിഎസ്ടി നിയമത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്.

അപ്പലേറ്റ് ഫോറങ്ങളുടെ പ്രവര്‍ത്തനം ഇതുവരെ നല്ല രീതിയില്‍ ആയിട്ടില്ല. ജിഎസ്ടി നിയമയുമായി ബന്ധപ്പെട്ട് ഒരു ഓര്‍ഡര്‍ പാസാക്കി കഴിഞ്ഞാല്‍ 30 ദിവസത്തിനകം അതിന് അപ്പീല്‍ ചെയ്യേണ്ടതാണ്. ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയുടെ ഓര്‍ഡറുകള്‍ നിശ്ചിത സമയത്തു തന്നെ ട്രിബ്യൂണലുകൡ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ആ ട്രിബ്യൂണല്‍ ഇപ്പോഴും നിലവില്‍ ഇല്ല എന്നതും സമയബന്ധിതമായി അത് നടപ്പില്‍ വരുത്താന്‍ ശക്തമായ ഇടപെടലുകള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നുള്ളതും നികുതി നിയമത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

സങ്കീര്‍ണമായ ഒരു നിയമവ്യവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ഇടപെടലാണ് കഴിഞ്ഞ വര്‍ഷങ്ങളായി എല്ലാഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഒരു രാജ്യത്തെ നികുതി ലഘൂകരിക്കണം എന്നുണ്ടെങ്കില്‍ നികുതി നിരക്കുകള്‍ കുറയണം. ഇന്നിപ്പോള്‍ 0.5 ശതമാനം മുതല്‍ 28 ശതമാനം പ്ലസ് സെസ് വരെയുള്ള നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇതെല്ലാം ഏകീകരിച്ച് രണ്ടോ മൂന്നോ നികുതി റേറ്റിലേക്ക് കൊണ്ടുവരാനുള്ള സജീവശ്രമം നടക്കുന്നില്ല.

അതുപോലെ ലളിതമായ അസസ്‌മെന്റിന് പകരം ഒരു കാര്യത്തെ എത്രമാത്രം സങ്കീര്‍ണമാക്കാം എന്ന സ്ഥിതി നിലനില്‍ക്കുന്നു.

നികുതി കൊടുത്ത ഒരാള്‍ക്ക് അത് എത്രയാണെന്ന് കൃത്യതയോടെ അപ്പപ്പോള്‍ അറിയാനുള്ള സംവിധാനം കൂടി വേണം. നികുതി നിരക്കുകള്‍ ഏകീകരിച്ചുകൊണ്ട്, ഒന്നോ രണ്ടോ നികുതി നിരക്കുകള്‍ മാത്രമുള്ള ഒരു ജിഎസ്ടി വരും വര്‍ഷങ്ങളില്‍ നിലവില്‍ വരുമെന്ന് പ്രത്യാശിക്കാം. അതേപോലെ പെട്രോള്‍, ഡീസല്‍ തുടങ്ങിയവ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരിക. അപ്പോള്‍ സാമ്പത്തിക ശാസ്ത്രത്തിലെ സുതാര്യത എന്ന വാക്കിന്റെ യഥാര്‍ത്ഥ സത്ത നമുക്ക് കിട്ടും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it