ഇനി ഏതൊക്കെ മേഖലകളിലാണ് ബിസിനസ് അവസരങ്ങളുള്ളത്? ഡോ.ജി.പി.സി നായര്‍ എഴുതുന്നു

നിത്യജീവിതത്തില്‍ ഇനിയെന്നും ഈ വൈറസ് ഉണ്ടാകുമെന്ന മുന്നറിയിപ്പുകളും ഭീതിയും സമൂഹത്തില്‍ വേരുറച്ചുകഴിഞ്ഞു. അതിനോട് ചേര്‍ന്ന് ജീവിക്കാന്‍ ശീലിക്കുകയേ നിവൃത്തിയുള്ളൂവെന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെതടക്കമുള്ള ഉപദേശങ്ങള്‍ എത്ര ശതമാനം ജനങ്ങള്‍ പാലിക്കും എന്ന കാര്യത്തില്‍ ഉത്കണ്ഠയുണ്ട്. സാമൂഹ്യ അകലം ശീലമാക്കിയതോടെ മനുഷ്യരുമായുള്ള ആത്മബന്ധം ഇല്ലാതെയായെന്നതും വേദനിപ്പിക്കുന്ന വസ്തുതയാണ്. ഒപ്പം 'കുത്തിത്തോണ്ടല്‍ ' ജീവിതം അഥവാ മൊബൈല്‍ ഫോണ്‍ ജീവിതം കൂടിയായതോടെ പൂര്‍ത്തിയായി.

അടിസ്ഥാനപരമായി നമ്മള്‍ മനുഷ്യര്‍ സ്വാര്‍ഥരാണ്. ലോകമഹായുദ്ധങ്ങളേയും സ്പാനിഷ് ഫ്‌ളൂവിനെയും വരെ അതിജീവിച്ച ഈ ലോകത്ത് കാര്യമായ സ്വഭാവമാറ്റം ആര്‍ക്കെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നില്ല. സ്ഥായിയായ സ്വഭാവത്തില്‍ മാറ്റം വരുത്തുവാന്‍ കഴിയില്ലെങ്കിലും നമ്മുടെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട സമയമാണിത്.

ആഗോളതലത്തില്‍ പല ഘട്ടങ്ങളിലായി ലോകം അനുഭവിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പിന്തുടര്‍ച്ചകള്‍ ഈ ദുരിതകാലത്തും ബിസിനസ് രംഗത്ത് സംഭവിക്കുവാന്‍ ഇടയുണ്ട്. സമസ്തമേഖലകളും പൂട്ടിയിട്ടതോടെ വന്‍കിട ബിസിനസ് പ്രസ്ഥാനങ്ങള്‍ക്ക് വരെ കാലിടറിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബിസിനസുകളും വെല്ലുവിളികള്‍ നേരിടേണ്ടിവരും. അതുകൊണ്ടു തന്നെ ജീവിതവും സംരംഭവും നിലനിര്‍ത്താന്‍ ഏറെ യത്‌നിക്കേണ്ടിവരും. പക്ഷെ മാറിവരുന്ന ഓരോ സാഹചര്യങ്ങളോടും പൊരുത്തപ്പെടാനുള്ള മനുഷ്യന്റെ കഴിവാണ് ഇവിടെ പ്രതീക്ഷ പകരുന്നത്.

വിദ്യാഭ്യാസമേഖല എന്താണ് ചെയ്യേണ്ടത്?

എല്ലാ രംഗത്തും സാമൂഹ്യ അകലം നിര്‍ബന്ധമാക്കുന്നതോടെ നമ്മുടെ വിദ്യാഭ്യാസ രംഗമാണ് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരിക. സും, സ്‌കൈപ്പ് തുടങ്ങിയ ബിസിനസ് ഗ്രൂപ്പ് മീറ്റിംഗ് സംവിധാനങ്ങള്‍ക്കപ്പുറം അധ്യയനത്തിനായി മാത്രമുള്ള 'ജനറല്‍ ഇന്നോവേഷന്‍' ഇനിയും വരേണ്ടതുണ്ട്. നൂറു ശതമാനം ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രാവര്‍ത്തികമാക്കുക അസാധ്യമായിരിക്കും. 40 ശതമാനം മാത്രം ഓണ്‍ലൈനും 60 ശതമാനം ക്ലാസ് റൂം പഠനവും ആക്കുകയായിരിക്കും അഭികാമ്യം. കാരണം, ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിലൂടെ സിലബസ് അനുസരിച്ചുള്ള വിഷയങ്ങളുടെ അടിസ്ഥാന പാഠങ്ങള്‍ കണ്ടു പഠിക്കുന്നതിനും കേട്ട് പഠിക്കുന്നതിനും സാധിച്ചേക്കാം. ഒപ്പം അവര്‍ക്ക് നല്‍കുന്ന ലിങ്കുകള്‍ അവരുടെ സമയസൗകര്യങ്ങള്‍ക്കനുസൃതമായി പഠിക്കുവാനും കഴിയും.

പക്ഷെ അതൊരിക്കലും ക്ലാസ്‌റൂം പഠനത്തിന് പകരമാകില്ല. പരസ്പരം ആശയങ്ങള്‍ പങ്കുവെക്കാനും ദൈനംദിനമെന്നോണം ലോകത്ത് വരുന്ന മാറ്റങ്ങള്‍ വിലയിരുത്തുവാനും ക്യാമ്പസിലെ മറ്റു വിദ്യാര്‍ഥികളുമായുള്ള മുഖാമുഖ കൂടിച്ചേരലുകള്‍ അത്യന്താപേക്ഷിതമാണ്. ഇതിലൂടെ മാത്രമേ അവര്‍ക്ക് ഏത് തൊഴില്‍ മേഖലകളിലേയും ജോലിയുടെ അന്തരീക്ഷം മനസിലാക്കുവാന്‍ സാധിക്കുകയുള്ളൂ. പ്രത്യേകിച്ച് മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്ത് വിഷയങ്ങളിലെ പാണ്ഡിത്യത്തിലുപരിയായി നൈപുണ്യ വികസനം (സ്‌കില്‍ ഡെവലപ്‌മെന്റ്), വ്യക്തിത്വ വികസനം, ജീവനകല (ലൈഫ് സ്‌കില്‍) എന്നിവ അതീവ പ്രാധാന്യമുള്ളവയാണ്. എഡ്യൂടെക് സംരംഭങ്ങള്‍ എല്ലാം തന്നെ ഇത്തരത്തില്‍ കണ്ടറിഞ്ഞ് മാറ്റങ്ങള്‍ അനിവാര്യമെങ്കില്‍ അത് വരുത്തണം.

അവസരങ്ങളിലേക്ക് മിഴിതുറക്കാം

ഈ പ്രതിസന്ധി കാലഘട്ടം പുതിയ പല അവസരങ്ങള്‍കൂടിയാണ് നമുക്കുമുന്നില്‍ തുറന്നിടുന്നത്. എല്ലാ ബിസിനസ് മേഖലകളിലും സമൂലമായ മാറ്റങ്ങള്‍ വരും. നവീന സാങ്കേതികവിദ്യയെ ഒഴിവാക്കിക്കൊണ്ട് ആര്‍ക്കും മുന്നോട്ടുപോകാനാകില്ല. കാരണം എല്ലാം സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിരിക്കും. വരും നാളുകളില്‍ ബിസിനസ് സാധ്യതകളുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന മേഖലകള്‍ താഴെപ്പറയുന്നു:

$ കമ്പ്യൂട്ടര്‍, മൊബീല്‍ ടെക്‌നോളജി, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകള്‍ വളരും. ഈ രംഗത്ത് ക്രിയാത്മകമായ സംരംഭങ്ങള്‍ക്ക് സാധ്യതകളുണ്ട്.
$ യാത്ര ചെയ്യുന്നത് ആളുകള്‍ പരമാവധി കുറയ്ക്കും എന്നതിനാല്‍ ഓണ്‍ലൈന്‍ ഗ്രൂപ്പ് മീറ്റിംഗ് ഹബുകള്‍ക്ക് ഡിമാന്റ് കൂടും.
$ ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന പുതുമയുള്ള എഡ്യൂടെക് സംരംഭങ്ങള്‍ക്ക് സാധ്യതകളുണ്ട്. ക്ലാസ് മുറിയിലെ അധ്യയനത്തിന്റെ അനുഭവം ഓണ്‍ലൈനിലൂടെ പകരാന്‍ സാധിക്കണം.
$ ചെലവു കുറഞ്ഞതും കൂടുതല്‍ ഫലപ്രാപ്തിയുള്ളതുമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് ഇനിയും ഡിമാന്റുണ്ടാകും.
$ നൂതന ക്ലീനിങ് ടെക്നോളജി സൊലൂഷനുകള്‍ക്കും അത് സംബന്ധമായ മേഖലകള്‍ക്കും ഡിമാന്റുണ്ടാകും.
$ വര്‍ക് ഫ്രം ഹോം വ്യാപകമായതോടെ സൈബര്‍ സെക്യൂരിറ്റി രംഗത്ത് അവസരങ്ങള്‍ കൂടും.
$ കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ശാസ്ത്രീയമായ കൃഷിരീതികള്‍ അവലംബിക്കുന്ന സംരംഭം കെട്ടിപ്പടുക്കാവുന്നതാണ്. ഫാമിംഗ് രംഗത്തും അവസരങ്ങളുണ്ട്.
$ പുതിയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഡിസൈനുകള്‍ ഒരുക്കേണ്ടിവരും എന്നതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ക്കിടെക്ചര്‍ മേഖലയ്ക്കും അവസരങ്ങളുണ്ട്. ഉദാഹരണത്തിന് വീടുകളില്‍ ഓഫീസ് മുറി ഒരുക്കേണ്ടിവരും, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്കായി മുറി സൗണ്ട് പ്രൂഫിംഗ് നടത്തേണ്ടിവരും... ക്രിയാത്മകമായി ചിന്തിച്ചാല്‍ ഇത്തരം നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാകും.

നവസംരംഭകര്‍ ഏറെ കരുതലോടെ നീങ്ങേണ്ട സമയമാണിത്. ഏതൊരു സംരംഭവും നന്നായി പഠിച്ചിട്ടേ തുടങ്ങാവൂ. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള മനോഭാവവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഈ രാജ്യത്ത് എല്ലാവര്‍ക്കും ജീവിക്കാനുള്ള സാഹചര്യമുണ്ടാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it