രൂപയുടെ തകർച്ച ഇന്ത്യയുടെ അതിവേഗ വളർച്ചയ്ക്ക് തടയിടും

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച ആരെയും മോഹിപ്പിക്കുന്നതാണ്. ഏപ്രിൽ– ജൂൺ ത്രൈമാസത്തിലെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) 8.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതായത് രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക്. അതോടൊപ്പം, ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പേരും ഇന്ത്യ നിലനിർത്തി.

വരും മാസങ്ങളിൽ ഈ വളർച്ചാ നിരക്ക് നിലനിർത്തണമെങ്കിൽ ഇന്ത്യയ്ക്ക് നിരവധി പ്രതിബന്ധങ്ങൾ മറികടക്കേണ്ടി വരും. അതിലൊന്ന് രൂപയുടെ തുടർച്ചയായ മൂല്യത്തകർച്ച തന്നെയാണ്. ഒരു വർഷത്തിനിടെ 11 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസി എന്ന പേരും രൂപയ്ക്ക് ലഭിച്ചു. നിലവിൽ ഡോളറിന് ഏകദേശം 71 രൂപ എന്ന നിലയിലാണ് മൂല്യം.

ഇതിനിടയിൽ ആഗോള എണ്ണ വിലയിലുണ്ടായ വർദ്ധനവ് വലിയ തിരിച്ചടിയായി.

രൂപയുടെ തകർച്ചയും, എണ്ണ വിലയിലെ കുതിപ്പും, പലിശ നിരക്കുകളിലുണ്ടാകുന്ന വർധനവും ജിഡിപി വളർച്ചാനിരക്ക് കുറക്കാനാണ് സാധ്യതയെന്ന് കെയർ റേറ്റിംഗ്‌സ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. മാത്രമല്ല, വ്യാപാരക്കമ്മിയിലെ വർധനവും, ആഗോള വ്യാപാര മേഖലയിലെ അനിശ്ചിതത്വവും ഈ അവസ്ഥക്ക് ആക്കം കൂട്ടും. അടുത്ത പാദങ്ങളിൽ, ജിഡിപി വളർച്ചാ നിരക്ക് കുറയാനാണ് സാധ്യതയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ക്രൂഡ് ഓയിലിന്റെ വിലയിലെ കുതിപ്പും രൂപയുടെ തകർച്ചയും കൂടിയായപ്പോൾ ആഭ്യന്തര വിപണിയിലെ ഇന്ധന വില എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. ഇത് സാധാരണക്കാരന്റെ ക്രയശേഷിയെ പ്രതികൂലമായി ബാധിക്കും. ഉപഭോഗ വളർച്ചയെ ആശ്രയിച്ച് മുന്നേറുന്ന നമ്മുടെ സമ്പദ് വ്യവസ്ഥ ഇതോടെ പിന്നോട്ടടിക്കുമെന്നതിൽ ഒരു സംശയവുമില്ല.

ഇന്ധന വില ഉയരുന്നത് വീണ്ടും നാണയപ്പെരുപ്പം വർധിക്കാൻ ഇടയാക്കുകയും അത് ആർബിഐയെ വീണ്ടും പലിശ നിരക്ക് ഉയർത്താൻ പ്രേരിപ്പിക്കുകയും ചെയ്യും.

ഉയരുന്ന ഗതാഗതച്ചെലവ് മൂലം സ്ഥാപങ്ങളുടെയും ഫാക്ടറികളുടെയും ഇൻപുട് കോസ്റ്റുകൾ ഉയരും. അസംസ്‌കൃത വസ്തുക്കളുടെയും വില ഉയരും. ആയിരക്കണക്കിന് പേരുടെ തൊഴിലിനേയും വരുമാനത്തെയും ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇതുമൂലം വന്നു ചേരുക.

എന്നിരുന്നാലും വരുന്ന തെരഞ്ഞെടുപ്പ് കാലത്തിന് മുന്നോടിയായി സർക്കാറിന്റെ പണം ചെലവിടൽ വൻതോതിൽ വർധിക്കാൻ സാധ്യതയുണ്ട്. ഇത് എന്തുകൊണ്ടും സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Next Story

Videos

Share it