ഇന്ത്യയുടെ ബിസിനസ് വളര്‍ച്ചാ വീണ്ടെടുപ്പ് ഏറെ വൈകുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ്
ഇന്ത്യയിലെ ബിസിനസ് ലോകം പുരോഗതിയുടെ നാളുകളിലേക്കു തിരിച്ചെത്താന്‍ മുമ്പു കണക്കാക്കിയതിലേറെ കാലതാമസം വരുമെന്ന് ആഗോള പ്രവചന ഏജന്‍സിയായ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ്. കോവിഡ് പ്രതിസന്ധിയില്‍ നിന്നു കരകയറാനുള്ള നീക്കത്തില്‍ നേരിയ ആത്മവിശ്വാസം കൈവരിക്കാന്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വീണ്ടും താഴുമെന്നാണു നിരീക്ഷണം. വൈറസ് ബാധയ്ക്ക് മുമ്പുള്ള വളര്‍ച്ചാ നിലവാരത്തിലേക്കെത്താന്‍ ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്ന രാജ്യമായിരിക്കും ഇന്ത്യയെന്നും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതിനകം ചില നല്ല ഫലങ്ങളുണ്ടാക്കിയിരുന്നെന്ന് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം മഹാമാരി നിയന്ത്രിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ വ്യാപകമായി പാളുന്നത് ദോഷകരമാകും.ജൂണ്‍ അവസാനം മുതല്‍ രാജ്യത്തുടനീളം പുതിയ വൈറസ് ഹോട്ട്സ്‌പോട്ടുകള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. ഡല്‍ഹി ഒഴികെ ഒരു പ്രധാന പ്രദേശത്തും വൈറസിനെ പ്രതിരോധിക്കുന്നതില്‍ ശ്രദ്ധേയമായ വിജയം ഉണ്ടായിട്ടില്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി.റോഡ് തടസ്സങ്ങള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ അടുത്തൊന്നും ഒഴിവാക്കാനാകില്ല. അതിനാല്‍, ഈ പാദത്തില്‍ തന്നെ ജിഡിപി വളര്‍ച്ചാ നിരക്കിന്റെ താളപ്പിഴ കൂടുതലാകും.
വിവിധ ആഗോള, ആഭ്യന്തര ഏജന്‍സികള്‍ ഈ വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനങ്ങള്‍ മൈനസ് 3.2 ശതമാനം മുതല്‍ മൈനസ് 9.5 ശതമാനം വരെ കുത്തനെ ചുരുക്കി നിര്‍ത്തിയിരിക്കുന്നതിനിടെയാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് കൂടുതല്‍ വിപത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നത്. 2019-20 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.2 ശതമാനമായിരുന്നു. എന്തായാലും, പരമാവധി സാമ്പത്തിക നാശനഷ്ടമുണ്ടാക്കിയ രാജ്യവ്യാപക ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തോളം പ്രത്യാഘാതം ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഇനി പ്രതീക്ഷിക്കുന്നില്ല. നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വീണ്ടും അടച്ചുപൂട്ടാനുള്ള സാധ്യത ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ കുറവാണ്. ഇത് ആഭ്യന്തര വിപണിയിലെ തളര്‍ച്ചയെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ സഹായകമാകുമെന്നാണു പ്രതീക്ഷ.
പുരോഗതിയുടെ വീണ്ടെടുപ്പ് വൈകുമെന്നുള്ള നിരീക്ഷണത്തോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സാമ്പത്തിക പാക്കേജുകള്‍ ഉണ്ടാകുമെന്ന സൂചന ഇതിനിടെ ശക്തമാകുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ധന, വാണിജ്യ വകുപ്പുകളിലെ മുതിര്‍ന്ന 50 ഉദ്യോഗസ്ഥരുമായി കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ ഇടപെടലുകളും പദ്ധതികളും ആവിഷ്‌കരിക്കേണ്ടതിന്റെ സാധ്യതകളാണു ചര്‍ച്ച ചെയ്തത്. ആവശ്യമെങ്കില്‍ കൂടുതല്‍ പാക്കേജുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. കോവിഡിന്റെ കൂടി പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ത്വരിത മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നേരത്തേ സാമ്പത്തിക ഉപദേശക കൗണ്‍സില്‍, ധനമന്ത്രാലയത്തിലെയും നിതി ആയോഗിലെയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാക്കള്‍ എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline