Begin typing your search above and press return to search.
എട്ട് വര്‍ഷം കൊണ്ട് നിര്‍മാണച്ചെലവില്‍ 11 കോടിയുടെ വര്‍ധന, വിവാദത്തിലൊഴുകി കൊച്ചിയിലെ മൂന്നാം റോ-റോ
കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസല്‍ നിര്‍മാണം പ്രതിസന്ധിയില്‍. നിര്‍മാണം പൂര്‍ത്തിയാക്കാനായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 15 കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടത് വിവാദത്തിനിടയാക്കിയിരിക്കുകയാണ്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തന്നെയാണ് ആദ്യ രണ്ട് റോ-റോയും കൊച്ചി നഗരസഭയ്ക്ക് വേണ്ടി നിര്‍മിച്ചത്. 2016ല്‍ 7.6 കോടിരൂപയ്ക്കായിരുന്നു രണ്ട് റോ റോ വെസലുകള്‍ നിര്‍മിച്ചത്. അതായത് ഒരു വെസലിന് 3.8 കോടി രൂപ. ഏറ്റവും ചുരുങ്ങിയ ചെലവില്‍ വെസല്‍ നിര്‍മിച്ചു നല്‍കുന്നതില്‍ പേരെടുത്തിട്ടുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എട്ട് വര്‍ഷം കൊണ്ട് വില നാല് മടങ്ങ് ഉയര്‍ത്തിയതാണ് വിമര്‍ശനത്തിന് കാരണം.
ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വില നാല് മടങ്ങ് കൂടിയതിനെ കുറിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷറഫും പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (CSL) സി.ഇ.ഒയ്ക്ക് കത്തെഴുതിയിട്ടുണ്ട്. സി.എം.എഫ്.എല്‍ ഫണ്ടുപയോഗിച്ചാണ് കോര്‍പ്പറേഷന്‍ മൂന്നാമത്തെ റോ-റോ വെസല്‍ വാങ്ങാനൊരുങ്ങുന്നത്. എന്നാല്‍ സി.എം.എഫ്.എല്‍ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.
നിലവില്‍ ഇത് സംബന്ധിച്ച കരാര്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നല്‍കിയിട്ടില്ലെന്നും ടെണ്ടര്‍ വിളിച്ച് കുറഞ്ഞ ചെലവില്‍ റോ-റോ നിര്‍മിക്കാന്‍ പറ്റുന്നവരെ കണ്ടെത്തണമെന്നുമാണ് ആവശ്യമുയരുന്നത്.
2024 ഫെബ്രുവരിയില്‍ നിര്‍മാണം തുടങ്ങി 2025 ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി ധാരണപത്രം ഒപ്പുവച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വെസല്‍ നീറ്റിലിറങ്ങണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
നിലവിലുള്ള റോ-റോ വെസലുകള്‍ അടിക്കടി തകരാറിലാകുന്നതിനാല്‍ യാത്രക്കാരുടെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പുകള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് പുതിയ വെസല്‍ വാങ്ങാന്‍ നഗരസഭ തീരുമാനിച്ചത്. മൂന്നാമത്തെ റോ-റോ കൂടി വരുന്നതോടെ എന്തെങ്കിലും തകരാറുകള്‍ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് പ്രയാസം ഇല്ലാതെ മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളില്‍ നിന്നും വൈപ്പിനിലേക്കും എറണാകുളത്തേക്കും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും. എന്നാല്‍ നിലവില്‍ സര്‍വീസ് നടത്തുന്ന രണ്ട് റോ-റോ സര്‍വീസുകളും നഗരസഭയ്ക്ക് വരുമാനത്തേക്കാള്‍ നഷ്ടമാണെന്നാണ് കണക്കുകള്‍ കണിക്കുന്നത്.
Next Story
Videos