ഉർജിത് പട്ടേൽ എന്ന നിശബ്ദനായ പോരാളി  

ഇന്ത്യയുടെ ഇതുവരെയുള്ള സാമ്പത്തിക ചരിത്രത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട അല്ലെങ്കിൽ വിവാദങ്ങൾ നേരിട്ട ആർബിഐ ഗവർണർ എന്ന പേര് ഉർജിത് പട്ടേലിന് സ്വന്തമാണെന്ന് പറയാം. നോട്ട് നിരോധനം മുതൽ സ്വന്തം രാജിവരെ എത്തിനിൽക്കുന്നു വിവാദങ്ങൾ.

ഇത്രയധികം പ്രക്ഷുബ്‌ധമായ സാഹചര്യങ്ങളിൽ കൂടി കടന്നുപോയിട്ടും ആരെയും വിമർശിക്കാതെ നയതന്ത്രപരമായി മാത്രം പ്രതികരണങ്ങൾ നടത്തി താൻ തികച്ചും ഒരു പ്രൊഫഷണൽ ആണെന്ന് തെളിയിക്കാൻ പട്ടേലിന് കഴിഞ്ഞു. നോട്ട് നിരോധനം, സ്ഥിരതയില്ലാത്ത ഓഹരിവിപണി, ജിഡിപി വളർച്ചയിലെ ഇടിവ്, കുതിച്ചുയർന്ന നാണയപ്പെരുപ്പ നിരക്ക്, നിരന്തരം തകരുന്ന രൂപ തുടങ്ങി നിരവധി വെല്ലുവിളികളാണ് ഗവർണർ പദവി ഏറ്റെടുത്ത ഉടനെ പട്ടേലിന് നേരിടേണ്ടി വന്നത്.

ഇന്ത്യയുടെ 24 മത്തെ ആർബിഐ ഗവർണർ ആയ പട്ടേലിന് കീഴിൽ വളരെ നിർണ്ണായകമായ തീരുമാനങ്ങൾക്ക് ആർബിഐ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയേതൊക്കെയാണെന്ന് പരിശോധിക്കാം.

നോട്ട് നിരോധനം

സർക്കാരിന്റെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരങ്ങളായിരുന്ന നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കുമ്പോൾ റിസർവ് ബാങ്കിന്റെ അമരത്ത് പട്ടേൽ ആയിരുന്നു. ഒറ്റയടിക്ക് രാജ്യത്തെ 86 ശതമാനം നോട്ടുകളും അസാധുവായ നോട്ട് നിരോധനം ഈ നൂറ്റാണ്ടിലെത്തന്നെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരമായിരുന്നു. ആർബിഐയെ സംബന്ധിച്ചിടത്തോളം ഒറ്റ രാത്രികൊണ്ട് നടപ്പാക്കിയ തീരുമാനം വലിയ വെല്ലുവിളികളാണ് ഉയർത്തിയത്.

ചരക്കു സേവന നികുതി

മോദി സർക്കാരിന്റെ രണ്ടാമത്തെ വലിയ സാമ്പത്തിക പരിഷ്കരമായിരുന്നു ചരക്കു സേവന നികുതി അഥവാ ജിഎസ്ടി. രാജ്യത്തെ മുഴുവൻ ഒറ്റനികുതി സംവിധാനത്തിന് കീഴിൽ കൊണ്ടുവന്ന ജിഎസ്ടി നിരവധി മാറ്റങ്ങളാണ് സമ്പദ് ഘടനയിൽ കൊണ്ടുവന്നത്. ജിഎസ്ടി മൂലം ദോഷമനുഭവിക്കുന്നത് ചെറുകിട ബിസിനസുകലാണെന്ന് ആർബിഐ ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മോണേറ്ററി പോളിസി കമ്മിറ്റി

മുൻ ഗവർണർ രഘുറാം രാജൻ മുൻകൈയെടുത്ത് രൂപീകരിച്ച ആർബിഐയുടെ മോണേറ്ററി പോളിസി കമ്മിറ്റി നയിക്കാൻ അവസരം കിട്ടിയത് പട്ടേലിനായിരുന്നു. അങ്ങനെ ഇന്ത്യയുടെ ആദ്യ മോണേറ്ററി പോളിസി കമ്മിറ്റിയുടെ അധ്യക്ഷനായ ആർബിഐ ഗവർണർ എന്ന പട്ടം പട്ടേലിന് സ്വന്തം. രാജൻ ഗവർണറായിയുന്നപ്പോൾ ഒരു മോണേറ്ററി പോളിസി ഫ്രെയിംവർക്ക് പുനഃപരിശോധിക്കാൻ രൂപീകരിച്ച സമിതിയുടെ തലവൻ അന്ന് ഡെപ്യൂട്ടി ഗവർണർ ആയിരുന്ന പട്ടേൽ ആയിരുന്നു.

ഇൻഫ്‌ളേഷൻ ടാർജറ്റിങ്

വികസിത രാജ്യങ്ങളിൽ നിലവിലുള്ളതാണ് ഇൻഫ്‌ളേഷൻ ടാർജറ്റിങ് എന്ന സംവിധാനം. നാണയപ്പെരുപ്പ നിരക്ക് മുൻനിശ്ചയിച്ച പരിധിയിൽ നിലനിർത്തുക എന്നതാണ് ഇൻഫ്‌ളേഷൻ ടാർജറ്റിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. നാണയപ്പെരുപ്പ നിരക്ക് ടാർജറ്റിൽ നിലനിർത്തേണ്ടത് കേന്ദ്ര ബാങ്കിന്റെ ചുമതലയാണ്.

ബാങ്കിംഗ് പരിഷ്‌കാരങ്ങൾ

ഇന്ത്യയുടെ ബാങ്കിംഗ് മേഖല മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ സമയം പട്ടേൽ ഭരണകാലമായിരുന്നു. ഒന്നിന് പിറകെ ഒന്നായി വമ്പൻമാരുടെ ബാങ്ക് തട്ടിപ്പുകൾ, കിട്ടാക്കടം, ലിക്വിഡിറ്റി പ്രതിസന്ധി എന്നിങ്ങനെ നീളുന്നു പ്രശ്നങ്ങൾ. സർക്കാരിൽ നിന്നുള്ള ചില എതിർപ്പുകൾ പരിഗണിക്കാതെ രാജൻ തുടങ്ങിവെച്ച ബാങ്കിംഗ് ക്ലീൻ അപ്പ് പദ്ധതി പട്ടേൽ വിജയകരമായി മുന്നോട്ട് കൊണ്ടുപോയി. കിട്ടാക്കടം കുമിഞ്ഞു കൂടിയ പതിനൊന്ന് ബാങ്കുകളെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (പിസിഎ) ചട്ടങ്ങൾക്ക് കീഴിൽ കൊണ്ടുവന്നു. ബേസിൽ 3 ചട്ടങ്ങൾ അനുസരിച്ച് ബാങ്കുകൾ മൂലധന പര്യാപ്‌ത നേടുന്നതിന് ഒരു വർഷം അധികം സമയം ബാങ്കുകൾക്ക് അനുവദിച്ചു.

ഐഎൽ&എഫ്എസ് തുടങ്ങിവച്ച ലിക്വിഡിറ്റി, എൻബിഎഫ്‌സി പ്രതിസന്ധി എന്നിവ ആർബിഐയ്ക്ക് നേരത്തേ ഒഴിവാക്കാമായിരുന്നവയാണെന്ന ആരോപണങ്ങളും അദ്ദേഹം ഏറ്റെടുക്കേണ്ടി വന്നു.

പലിശ നിശ്ചയിക്കുന്നതിന് പുതിയ സംവിധാനം

ബാങ്കുകൾ വായ്പ പലിശ നിശ്ചയിക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തണമെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. നിലവിലെ എല്ലാ ഫ്‌ളോട്ടിങ് ലോൺ നിരക്കുകളും ബാഹ്യ ബെഞ്ച്മാർക്കുകളുമായി ബന്ധിപ്പിച്ചാണ് ഇത് നടപ്പിലാക്കുക. പലിശ നിശ്ചയിക്കുന്നതിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ ഇതുവഴി സാധിക്കും. 2019 ഏപ്രിലോടെ ഇത് നിലവിൽ വരും. റിപോ നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ മാനദണ്ഡം നടപ്പാക്കുക.

സർക്കാരുമായുള്ള ഭിന്നത

സർക്കാരും ആർബിഐയും നേർക്കുനേർ വന്നത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഒരു ഘട്ടത്തിൽ സർക്കാർ ആർബിഐക്കെതിരെ സെക്ഷൻ 7 പ്രയോഗിക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നു.

ആർബിഐയുടെ അധിക കരുതൽ ധനം സർക്കാരിന് കൈമാറുക, പിസിഎ ചട്ടങ്ങളിൽ ഇളവ് വരുത്തുക തുടങ്ങിയ ചിലകാര്യങ്ങളിൽ ഇരുകൂട്ടരും തമ്മിൽ രൂക്ഷമായ ഭിന്നത പുറത്തുവന്നു. ആർബിഐയുടെ പരമാധികാരത്തിൽ സർക്കാർ കൈകടത്തുവാൻ ശ്രമിക്കുകയാണെന്ന വിവാദവും ഇതിനിടയിൽ ചർച്ചയായി.

എന്നാൽ, പാർലമെൻററി കമ്മിറ്റിക്ക് മുൻപിൽ നോട്ട് നിരോധനം മുതൽ ബാങ്കിംഗ് റെഗുലേഷൻ വരെയുള്ള നടപടികൾക്ക് ചോദ്യങ്ങൾ നേരിടേണ്ടി വന്നപ്പോൾ വളരെ നയതന്ത്രപരമായാണ് അദ്ദേഹം മറുപടികൾ നൽകിയത്.

കാലാവധി തീരാൻ 10 മാസം ബാക്കി നിൽക്കെയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാണ് തന്റെ രാജിയെന്നാണ് പട്ടേൽ അറിയിച്ചിരിക്കുന്നത്. രഘുറാം രാജന്റെ ഒഴിവില്‍ 2016 സെപ്റ്റംബറിലാണ്, ഡപ്യൂട്ടി ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it