നിങ്ങള്‍ ശ്രദ്ധിച്ചോ; കോവിഡ് ബിസിനസുകളോട് ചെയ്യുന്ന ഈ എട്ട് നല്ലകാര്യങ്ങള്‍
കോവിഡ് ബിസിനസുകളോടും സംരംഭകരോടും ക്രൂരമായി മാത്രമാണോ പെരുമാറുന്നത്? ഈ ലോക്ക്ഡൗണും മാനവരാശി ഇതുവരെ അനുഭവിക്കാത്ത വിധത്തിലുള്ള പ്രതിസന്ധികളും നല്ല കാര്യങ്ങള്‍ വല്ലതും ചെയ്തിട്ടുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. മാനവരാശിയുടെ ചരിത്രത്തില്‍ പ്രതിസന്ധികള്‍ പലതുണ്ടായിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍, ലോക മഹായുദ്ധങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍ ... അങ്ങനെ പലതും. അവയെല്ലാം മറികടക്കുമ്പോള്‍ ലോകം കുറേക്കൂടി മികച്ചതായിട്ടേയുള്ളൂ. ഈ കോവിഡ് കാലവും അതുപോലെ ചില നല്ല കാര്യങ്ങള്‍ ശേഷിപ്പിക്കും. ഇതാ അത്തരത്തിലുള്ള എട്ട് കാര്യങ്ങള്‍ വിശദീകരിക്കുന്നു പ്രമുഖ ഗ്രോത്ത് കണ്‍സള്‍ട്ടന്റ് ഫെലിക്‌സ് കെ. എ.
1. തിരക്കുകളൊഴിഞ്ഞു, ചിന്തിച്ചു; പഠിച്ചു
കോവിഡ് വ്യാപനക്കാലത്തിന് മുമ്പ് ബിസിനസുകാരെ നിങ്ങള്‍ എങ്ങനെയായിരുന്നു? അക്ഷരാര്‍ത്ഥത്തില്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് ഒരുതരം ഫയര്‍ഫൈറ്റിംഗ് ആയിരുന്നില്ലേ? നമുക്ക് മുന്നിലെ കാര്യങ്ങളെ അടിയന്തിരമായി ചെയ്യേണ്ടത്, സുപ്രധാനമായി ചെയ്യേണ്ടത് എന്നിങ്ങനെ രണ്ടായി തിരിക്കാം. കോവിഡിന് മുമ്പ് സുപ്രധാനമായി നാം ബിസിനസ്സില്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ പോലും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ക്കിടയില്‍ പെട്ട് മാറ്റി വെക്കപ്പെടുകയായിരുന്നു.
എന്തൊരു തിരക്കായിരുന്നു നമുക്ക്. ഇതിനിടെ സ്വന്തം ബിസിനസിന്റെ ഓരോ വശവും കൃത്യമായി പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിച്ചിരുന്നോ? ലോക്ക്ഡൗണിനെ തുടര്‍ന്ന് നാം തിരക്കുകള്‍ ഒഴിഞ്ഞ് തനിച്ചിരിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ ഏറെ ചിന്തിക്കാന്‍ സാധിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ വരെ കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാനുള്ള അവസരം കിട്ടി. എത്രയോ മികച്ച വെബിനാറുകള്‍ സൗജന്യമായി സംബന്ധിച്ചു. ഇതില്‍ നിന്നെല്ലാം അമൂല്യമായ എത്രയോ അറിവുകള്‍ നേടി. എല്ലാം ഒരു പുനര്‍ വിചിന്തനത്തിന് വിധേയമാക്കാന്‍ സാധിച്ചു. സ്വന്തം പ്രവര്‍ത്തന ശൈലി മുതല്‍ ബിസിനസിന്റെ പ്രസക്തി വരെ നിശിതമായ വിശകലനത്തിന് പലരും വിധേയമാക്കി. തെറ്റുകള്‍ തിരിച്ചറിയാനും തിരുത്താനുമുള്ള അവസരം ലഭിച്ചു. ഇതൊരു നല്ല കാര്യമല്ലേ? ഈ തിരിച്ചറിവ് മതി, ഈ ചിന്തകള്‍ മതി, ഈ പുതിയ അറിവുകള്‍ മതി കോവിഡിന് ശേഷമുള്ള കാലത്ത് ബിസിനസ് നടത്തിപ്പ് കുറേക്കൂടി മികച്ച രീതിയിലാക്കാന്‍.
2. പാഴ്‌ചെലവുകള്‍ തിരിച്ചറിഞ്ഞു, ചെലവ് കുറഞ്ഞു
ലോക്ക്ഡൗണ്‍ കാലത്തിനുമുമ്പ് നാം ചെയ്തിരുന്ന പല കാര്യങ്ങളും അനാവശ്യമായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നില്ലേ? നമ്മുടെ കൈയില്‍ പണം കൂടുമ്പോള്‍ നമ്മുടെ ആവശ്യങ്ങളും കൂടും. അതാണ് തത്വം. പക്ഷേ, കോവിഡ് കാലത്തിന് മുമ്പ് ചില കാര്യങ്ങള്‍ അനാവശ്യമാണെന്ന് നമ്മളോട് ആരെങ്കിലും പറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാന്‍ നമുക്ക് പറ്റുമായിരുന്നില്ല. നമ്മളെ സംബന്ധിച്ചിടത്തോളം അത് അനിവാര്യമായ കാര്യമായിരുന്നു. ഒരു മാസം ഒരു ലക്ഷം രൂപ ലഭിച്ചാലും ജിവിക്കാന്‍ തികയാതിരുന്നവര്‍ ഇപ്പോള്‍ 20,000 രൂപയ്ക്ക് സുഖമായി കഴിയുന്നു. ബിസിനസുകളിലും ഇത് നടക്കുന്നുണ്ട്. അനാവശ്യമായ യാത്രകള്‍ക്കുള്ള ചെലവില്ല. എന്നാല്‍ മീറ്റിംഗുകള്‍ നടക്കുന്നുണ്ട്. ബിസിനസ് ചര്‍ച്ചകള്‍ നടക്കുന്നു. സമയവും പണവും നന്നായി മാനേജ് ചെയ്യുന്നു. ഇത് കോവിഡ് സമ്മാനിച്ച നല്ല മറ്റൊരു കാര്യമല്ലേ?
3. Do more with less
കോവിഡ് ബിസിനസുകളോട് ചെയ്ത ഏറ്റവും സുന്ദരമായ കാര്യങ്ങളില്‍ ഒന്ന് ഇതാണ്. അടുത്തിടെ ഞാന്‍ രാജ്യത്തെ ഒരു പ്രമുഖ റീറ്റെയ്ല്‍ ശൃംഖലയുടെ കേരള മേധാവിയുമായി സംസാരിച്ചു. അവരുടെ സ്റ്റോറുകളെല്ലാം 50 ശതമാനം മാത്രം ജീവനക്കാരെ വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേ സമയം ആ സ്‌റ്റോറുകളുടെ വില്‍പ്പന 70 -75 ശതമാനമാണ്. അതായത് പകുതി ജീവക്കാരെ കൊണ്ട് തന്നെ 75 ശതമാനം പ്രവര്‍ത്തന ക്ഷമത കൈവരിക്കാനായി.
മറ്റൊരു ഉദാഹരണം കൂടി പറയാം. ഞാന്‍ നേരിട്ടറിയുന്നതാണ്. 150 ഓളം ജീവനക്കാരുണ്ടായിരുന്ന പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി 50 ടണ്ണായിരുന്നു. ലോക്ക്ഡൗണും നിയന്ത്രണങ്ങളും മൂലം നിലവില്‍ 40 ജീവനക്കാരാണുള്ളത്. ഉല്‍പ്പാദന ശേഷി 30 ടണ്ണും. അതായത് മൂന്നിലൊന്ന് ജീവനക്കാരെ വെച്ച് 60 ശതമാനം ഉല്‍പ്പാദനക്ഷമത കൈവരിച്ചിരിക്കുന്നു.
ഇത്തരത്തില്‍ മാറാത്തവര്‍ക്ക് ഇനി പിടിച്ചുനില്‍ക്കാനാവില്ല. ഏറ്റവും കുറഞ്ഞ വിഭവ സമ്പത്തുകൊണ്ട് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനക്ഷമത കൈവരിക്കണം. ചില ബിസിനസുകള്‍ ഇപ്പോള്‍ ചെയ്തതും ഇനി എല്ലാ ബിസിനസുകളും ചെയ്യേണ്ടതും അതാണ്.
എന്തുകൊണ്ട് ഇത് ബിസിനസുകള്‍ സ്വീകരിക്കണം? ഏത് പ്രതിസന്ധി ഘട്ടങ്ങള്‍ കഴിഞ്ഞാലും അതില്‍ നിന്ന് പലതലത്തിലുള്ള കരകയറലുകള്‍ ഉണ്ടാകാം. ഇംഗ്ലീഷ് അക്ഷരമാലയിലെ V, U, L, W എന്നിവ കൊണ്ടാണ് ബിസിനസ് റിക്കവറികളെ പൊതുവേ വ്യാഖാനിക്കുക.
V ഷേപ്പിലെ റിക്കവറി എന്നാല്‍ ഒരു പ്രശ്‌നത്തെ തുടര്‍ന്ന് കുത്തനെ താഴെ പോയ ബിസിനസുകള്‍ അതുപോലെ തന്നെ കുതിച്ചുകയറുന്നതാണ്. കോവിഡ് കാലത്തിനുശേഷം സമാനമായ റിക്കവറി നിങ്ങളുടെ ബിസിനസില്‍ വരണമെങ്കില്‍ ഏറ്റവും പരിമിതമായ വിഭവ സമ്പത്തുകൊണ്ട് പരമാവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കണം. കോവിഡ് കാലം നിങ്ങളെ അതിന് പ്രാപ്തമാക്കിയിട്ടുണ്ട്. അത് തുടര്‍ന്നാല്‍ മാത്രം മതി.
4. ഓരോ പൈസയുടെയും വരവുപോക്കറിയുന്നു, ക്യാഷ് ഫ്‌ളോ മാനേജ്‌മെന്റ് മെച്ചമാകും
ലോക്ക്ഡൗണ്‍ കാലത്ത് ബിസിനസുകള്‍ക്ക് വരവില്ലായിരുന്നു. എന്നാല്‍ ചെലവുകള്‍ ഉണ്ടായിരുന്നു താനും. കോവിഡിന് മുമ്പ് പലരും 15ഉം 20 ഉം ശതമാനം ലാഭമാര്‍ജിന്‍ ഇട്ട് ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ക്രെഡിറ്റില്‍ നല്‍കുകയായിരുന്നു പതിവ്. അതായത് 40, 60 ദിവസത്തിനു ശേഷം പണം മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചുവരും. ഈ പണം തിരിച്ചുവന്നില്ലെങ്കില്‍ ബിസിനസിന് തിരിച്ചടിയുമാകും.
കോവിഡ് വന്നതോടെ പലരും കടം കൊടുക്കല്‍ നിര്‍ത്തി. ലാഭമാര്‍ജിന്‍ കുറഞ്ഞാലവും റൊക്കം പണം വാങ്ങി ഉല്‍പ്പന്നവും സേവനവും കൊടുക്കുന്നതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞു.
വരവില്ലാതെ ചെലവുമാത്രം ഉണ്ടായതുകൊണ്ട് സംരംഭകരുടെ പ്രവര്‍ത്തന മൂലധനം വലിയ തോതില്‍ ഒഴുകി പോയിട്ടുണ്ട്. സാധാരണ ഈ ഘട്ടത്തില്‍ ഏവരും ബാങ്ക് വായ്പകളെ കുറിച്ച് ചിന്തിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പലരും അതിനെ കുറിച്ചും ചിന്തിക്കുന്നില്ല. ബാങ്ക് വായ്പ ഇല്ലാതെ എങ്ങനെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാമെന്നാണ് നോക്കുന്നത്.
എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്? ഏത് വായ്പയ്ക്കും ഒരു കോസ്റ്റുണ്ട്. ബാങ്ക് വായ്പയുടെ പലിശ എന്ത് പ്രതിസന്ധി വന്നാലും കുറയ്ക്കാനോ ഒഴിവാക്കാനോ നമുക്ക് പറ്റുന്നില്ല. പക്ഷേ നമുക്ക് മറ്റ് ചില ചെലവുകള്‍, അതായത് ജീവനക്കാരുടെ വേതനം, വാടക എന്നിവയെല്ലാം പരസ്പര ചര്‍ച്ചകളിലൂടെ കുറയ്ക്കാന്‍ പറ്റും.
ബാങ്ക് വായ്പയില്ലാതെ നല്ല രീതിയില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നവര്‍ മുന്‍പും നമുക്കിടയിലുണ്ടായിരുന്നു. പക്ഷേ അത്തരം ശൈലികള്‍ ഏവരും ഉപയോഗിച്ചിരുന്നില്ല.
വിപണിയില്‍ നിന്ന് കടം തിരിച്ചു കിട്ടാതിരിക്കുമ്പോഴും സ്‌റ്റോക്ക്, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവ കെട്ടികിടക്കുമ്പോഴുമാണ് പ്രവര്‍ത്തന മൂലധനം ബ്ലോക്കാവുന്നത്. ഈ സാഹചര്യമൊഴിവാക്കാന്‍ ഗൗരവമായ ചിന്തകളും നീക്കങ്ങളും സംരംഭകര്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.
അടുത്തിടെ ദേശീയതലത്തിലെ ഒരു ഇന്‍ഡസ്ട്രിയല്‍ ഗുഡ്‌സ് കമ്പനി രാജ്യവ്യാപകമായുള്ള ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി, അവരുടെ സ്റ്റോക്കുകളെ കുറിച്ച് വിശകലനം നടത്തി. ചില ഡീലര്‍മാരുടെ കൈയില്‍ വില്‍ക്കാതെ കെട്ടിക്കിടക്കുന്നവ മറ്റുള്ളവരുടെ കൈയില്‍ വില്‍ക്കാനുണ്ടാവില്ല. കമ്പനിയുടെ എല്ലാ ഡീലര്‍മാരുടെയും സ്‌റ്റോക്കുകള്‍ വിപണിയുടെ ആവശ്യത്തിനനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം ചെയ്തു. ഇതോടെ എല്ലാവരുടെയും കൈയിലെ നോണ്‍ മൂവിംഗ് ഐറ്റങ്ങള്‍ കുറഞ്ഞു. ഇത്തരത്തിലുള്ള നൂതനമായ രീതികള്‍ ഇനി ബിസിനസുകള്‍ സ്വീകരിക്കും. കാഷ് റൊട്ടേഷന്‍ മെച്ചപ്പെടുത്താനുള്ള വഴികള്‍ കണ്ടെത്തും.
ബിസിനസ് നടത്തിപ്പിനെ കടത്തെ ആശ്രയിക്കുന്ന രീതി കുറയ്ക്കും. ഇതെല്ലാം ബിസിനസുകളുടെ കാഷ് മാനേജ്‌മെന്റ് മെച്ചമാക്കും.
5. കോസ്റ്റിംഗ്: ഏവരും ഗൗരവമായി ചിന്തിക്കുന്നു, നടപ്പാക്കുന്നു
നാം നേരത്തെ ചൂണ്ടിക്കാട്ടിയ Do more with less ന്റെ ഭാഗം തന്നെയാണ് ഇക്കാര്യം. മുമ്പ് ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ കോസ്റ്റിംഗിനെ കുറിച്ചൊന്നും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഗൗരവമായി ചിന്തിച്ചിരുന്നില്ല. എന്ത് വിറ്റാലാണ് കൂടുതല്‍ ലാഭം കിട്ടുകയെന്നൊന്നും ആഴത്തില്‍ ചിന്തിക്കാന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉല്‍പ്പാദന ചെലവ് പരമാവധി കുറച്ച് ബിസിനസിന്റെ ശേഷി വിനിയോഗം പരമാവധി നടത്തി മുന്നോട്ടുപോകാന്‍ സവിശേഷ ശ്രദ്ധ തന്നെ ബിസിനസുകാര്‍ കൊടുക്കുന്നു.
സംരംഭങ്ങളുടെ ഫിക്‌സഡ് കോസ്റ്റ് കുറയ്ക്കുകയും ഗ്രോസ് മാര്‍ജിന്‍ കൂടുകയും ചെയ്താല്‍ മാത്രമേ ഇനി മുന്നോട്ടുപോകാനാകൂ. ഫിക്‌സഡ് കോസ്റ്റിലെ ഘടകമായ, ബാങ്ക് വായപകളിലെ പലിശ പോലുള്ളവയെ മാത്രമേ കുറയ്ക്കാന്‍ സാധിക്കാതെ വരികയുള്ളൂ.
ജീവനക്കാരുടെ വേതനം, വാടക തുടങ്ങി സംരംഭകന്‍ കണ്‍മുന്നില്‍ കാണുന്ന ചെലവുകളില്‍ പലതും ഒരു തീരുമാനമെടുത്താല്‍ കുറയ്ക്കാന്‍ പറ്റും. എന്നാല്‍ ഇതുകൊണ്ട് മാത്രം കാര്യമില്ല. ബിസിനസുകളുടെ ഗ്രോസ് മാര്‍ജിന്‍ കൂടണം. അതിന് ബിസിനസുകളുടെ കാര്യക്ഷമത വര്‍ധിക്കണം. വേസ്‌റ്റേജ് കുറയണം. മികച്ച ലാഭം കിട്ടുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധയൂന്നണം. ജീവനക്കാരുടെ കാര്യക്ഷമത കൂടണം.
സംരംഭകര്‍ കോസ്റ്റിംഗിനും ഫലപ്രദമായ പ്രവര്‍ത്തനശൈലിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതോടെ ആ രംഗത്ത് കൂടുതല്‍ മുന്നേറാനും പറ്റും. ഇത് ബിസിനസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. ബിസിനസുകളെ മത്സരാധിഷ്ഠിതമാക്കും. ബിസിനസുകളുടെ നടത്തിപ്പ് രീതിയില്‍ തന്നെ മികച്ച മാറ്റവും ഇതുണ്ടാക്കും.
6. വരാനിടയുള്ള റിസ്‌കുകളെ മുന്‍കൂട്ടി കാണുന്നു, മുന്‍കരുതല്‍ സ്വീകരിക്കുന്നു
കോവിഡ് കാലത്തിനു മുമ്പ്, രാജ്യത്തെ പ്രമുഖ കമ്പനികള്‍, പ്രധാനമായും ഐ റ്റി കമ്പനികള്‍, ബിസിപി പ്ലാനുകള്‍ തയ്യാറാക്കി വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ അത് മോക്ക് ഡ്രില്‍ നടത്തി നോക്കുമായിരുന്നു. അതായത് കൊച്ചിയിലെ ഒരു കേന്ദ്രത്തില്‍ അപ്രതീക്ഷിതമായെന്തെങ്കിലും സംഭവിച്ചാല്‍ പൂനെയിലെ കേന്ദ്രത്തിലെ ഒരു പ്രത്യേക വിഭാഗം അതെങ്ങനെ ഏറ്റെടുക്കും എന്നൊക്കെയുള്ള ബിസിനസ് കണ്‍ടിന്യുവിറ്റി പ്ലാന്‍ (ബിസിപി) ആവിഷ്‌കരിച്ച് വെച്ചിരിക്കും. പരീക്ഷിച്ചും നോക്കും.
ഇപ്പോള്‍ മോക്ക് ഡ്രില്‍ ഒന്നുമില്ലാതെ തന്നെ ബിസിപി പലരും നടപ്പാക്കി കഴിഞ്ഞു. ഇപ്പോള്‍ തന്നെ കേരളത്തിലെ സംരംഭകര്‍ അടുത്ത പ്രളയം വരുമ്പോള്‍ എന്തുചെയ്യുമെന്ന് ചിന്തിച്ചു പദ്ധതികള്‍ നടപ്പാക്കുന്നു. ഒരു വെയര്‍ഹൗസ് തെരഞ്ഞെടുക്കുമ്പോള്‍ തന്നെ നൂറുകണക്കിന് റിസ്‌കുകള്‍ മുന്നില്‍ വെച്ച് വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നു.
മുന്‍പ് വന്‍കിട കോര്‍പ്പറേറ്റുകളുടെ ബിസിനസ് ശൈലിയുടെ ഭാഗമായിരുന്ന ഇക്കാര്യങ്ങള്‍ ചെറുകിട, ഇടത്തരം ബിസിനസുകള്‍ പോലും സ്വീകരിക്കുന്നത് നല്ല മാറ്റം തന്നെയാണ്. ഏത് പ്രതിസന്ധിയിലും ബിസിനസുകള്‍ ഉലയാതിരിക്കാന്‍ ഇത് കാരണമാകും.
7. ബന്ധങ്ങള്‍ സുദൃഢമായി, പുതിയ അറിവുകള്‍ ലഭിക്കുന്നു, ആവശ്യങ്ങള്‍ അറിയുന്നു
ലോക്ക്ഡൗണ്‍ കാലത്ത് ബിസിനസുകാര്‍ തങ്ങളുടെ ഇടപാടുകാര്‍, ജീവനക്കാര്‍, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങി ബിസിനസ് ജീവിതത്തിലും വ്യക്തി ജീവിതത്തിലും അടുത്ത് നില്‍ക്കുന്ന ഏവരെയും വിളിക്കാനും സംസാരിക്കാനും തുടങ്ങി. ഞാനറിയുന്ന ഒരു സംരംഭകന്‍ തന്റെ 30 ഓളം വെന്‍ഡര്‍മാരെ ഈ നാളുകളില്‍ വിളിച്ചു. അവരുമായി വിശദമായി സംസാരിച്ചു. ഈ വെന്‍ഡര്‍മാരുടെ അനുഭവങ്ങള്‍, അവരുടെ അറിവുകള്‍ എന്നിവയെല്ലാം ഇത്തരം സംഭാഷങ്ങളിലൂടെ അദ്ദേഹമറിഞ്ഞു. മറ്റ് ബിസിനസുകളില്‍ എന്ത് നടക്കുന്നു? എന്തൊക്കെയാണ് മാറ്റങ്ങള്‍? ഇവ അറിയാന്‍ ഇത്തരം സംസാരങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്.
മാത്രമല്ല, പല ബിസിനസുകാരും ജീവനക്കാരുമായും കൂടുതല്‍ അടുത്തു. ഒരു ബിസിനസിനെ സംബന്ധിച്ചിടത്തോളം ഇത്തരം സൃദൃഢ ബന്ധങ്ങള്‍ ഏറെ ഗുണം ചെയ്യും.
കസ്റ്റമേഴ്‌സുമായി സംസാരിക്കാന്‍ കൂടുതല്‍ സാധിച്ചത് അവരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ അറിയാന്‍ ബിസിനസുകാരെ സഹായിക്കുന്നുണ്ട്. ഒരു ഇടപാടുകാരന്‍ എന്തുകൊണ്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ / സേവനങ്ങള്‍ തെരഞ്ഞെടുക്കുന്നു? എന്തൊക്കെയാണ് അവരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍? ഇതൊക്കെ ലോക്ക്ഡൗണ്‍ കാലത്തെ സംസാരങ്ങളില്‍ നിന്ന് മനസിലാക്കാന്‍ പലര്‍ക്കും സാധിച്ചിട്ടുണ്ട്.
8. സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട സ്വീകാര്യത
ലോക്ക്ഡൗണ്‍ കാലത്ത് വലുപ്പ ചെറുപ്പ ഭേദമില്ലാതെ, ബിസിനസുകളുടെ സ്വഭാവഭേദമില്ലാതെ ഏതാണ്ടെല്ലാവരും തന്നെ ബിസിനസ് നടത്തിപ്പിന് സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ തുടങ്ങി. വര്‍ക്ക് ഫ്രം ഹോം വന്നു. സൂം വഴീ മീറ്റിംഗുകള്‍ നടത്തി. പുതിയ പുതിയ കൊളാബൊറേറ്റിംഗ് ടൂളുകള്‍ ബിസിനസുകള്‍ സ്വീകരിക്കാന്‍ തുടങ്ങി.
കേരളത്തിലെ ഒരു സംരംഭം അവരുടെ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോം വെറും അഞ്ചുദിവസം കൊണ്ടാണ് വികസിപ്പിച്ചെടുത്ത് സജ്ജമാക്കിയത്. ഓണ്‍ലൈന്‍, ഇ കോമേഴ്‌സ് രീതികളില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് കമ്പനികളുടെ കോസ്റ്റ് കുറയ്ക്കാനും പ്രവര്‍ത്തനക്ഷമത കൂട്ടാനും സഹായിച്ചു.
ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയകള്‍ക്ക് നേരെ മുഖം തിരിച്ചുനിന്നവര്‍ പോലും സാഹചര്യങ്ങള്‍ കൊണ്ട് അവയെല്ലാം പഠിക്കാനും സ്വന്തം ബിസിനസില്‍ പകര്‍ത്താനും ശ്രമിക്കുന്നു. അതുകൊണ്ടുള്ള മെച്ചം അവര്‍ തിരിച്ചറിയാനും തുടങ്ങി.
നൂതന സാങ്കേതിക വിദ്യകള്‍ ഇങ്ങനെ മെച്ചപ്പെട്ട രീതിയില്‍ ബിസിനസുകള്‍ സ്വീകരിക്കുന്നത് എക്കാലത്തും ഗുണകരമാകുന്ന കാര്യങ്ങള്‍ തന്നെയാണ്.
(കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി ബിസിനസുകള്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്ന ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഫോണ്‍: 93499 55461 ഇ മെയ്ല്‍: felix.ka@gmail.com)