ഉന്നം പിടിച്ചു പക്ഷെ...
ആർബിഐ ഗവർണർ ഊർജിത് പട്ടേലിന് ചൊവ്വാഴ്ച നിർണ്ണായക ദിനമായിരുന്നു. മുതിർന്ന കോൺഗ്രസ് എംപി വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള 31-അംഗ പാർലമെന്ററി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ നിരവധി ചോദ്യങ്ങൾക്കാണ് അദ്ദേഹം ഉത്തരം പറയേണ്ടി വന്നത്.
നോട്ട് നിരോധനം, ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി, കരുതൽ ധനശേഖരം തുടങ്ങി സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങൾ മുതൽ കേന്ദ്രവും റിസർവ് ബാങ്കും തമ്മിലുണ്ടായ ഉരസൽ വരെ ഒന്നൊന്നായി പട്ടേലിന് മുന്നിൽ നിരത്തിയായിരുന്നു കൂടിക്കാഴ്ച.
റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തിന് വേണ്ടി ശക്തിയായി വാദിച്ചപ്പോഴും, പട്ടേൽ കേന്ദ്ര സർക്കാരിനെ നേരിട്ട് കുറ്റപ്പെടുത്തുന്നതിൽ നിന്ന് ഒഴിഞ്ഞു മാറി. വിവാദപരമായ വിഷയങ്ങളിൽ തികച്ചും നയതന്ത്രപരമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗവർണർ പറഞ്ഞതും പറയാത്തതും
- ആർബിഐക്ക് സ്വയം ഭരണാധികാരം ഉറപ്പാക്കണം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്കും നിക്ഷേപകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇത് ആവശ്യമാണ്.
- ബാങ്കിനെതിരെ കേന്ദ്രസർക്കാർ സെക്ഷൻ 7 പ്രയോഗിക്കാനൊരുങ്ങിയതിനെ സംബന്ധിച്ച ചോദ്യത്തിൽ നിന്ന് ഒഴഞ്ഞുമാറി.
- ബേസിൽ 3 ചട്ടങ്ങൾ അനുസരിച്ചുള്ള ബാങ്കുകളുടെ ധനാനുപാതം നിലനിർത്തേണ്ടത് വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ അത്യാവശ്യമാണ്. G20 രാജ്യങ്ങൾ എടുത്ത തീരുമാനം അതിൽ അംഗമായ ഇന്ത്യ പാലിക്കേണ്ടതുണ്ട്.
- നോട്ട് അസാധുവാക്കൽ മൂലമുണ്ടായ പ്രശ്നങ്ങൾ കുറച്ച് കാലത്തേയ്ക്ക് സമ്പദ് വ്യവസ്ഥയെ ബാധിച്ചിരുന്നു.അതിനുശേഷം വായ്പ നൽകുന്നത് 15.5 ശതമാനം വർധിച്ചു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ വലിയ വളർച്ച കൈവരിച്ചു. മാത്രമല്ല നാണയപ്പെരുപ്പം 4 ശതമാനത്തിന് താഴെയെത്തുകയും ചെയ്തു.
- രാജ്യത്തിൻറെ സാമ്പത്തിക നില ഇനിയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള എണ്ണ വിലയിലുണ്ടായിരിക്കുന്ന ഇടിവ് ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്.
ചില ചോദ്യങ്ങൾക്ക് രണ്ടാഴ്ചക്കകം മറുപടി എഴുതിനൽകും. ആ ചോദ്യങ്ങൾ ഇവയാണ്.
- ആർബിഐക്ക് ആവശ്യത്തിലധികം കരുതൽ ശേഖരം ഉണ്ടോ?
- അധിക കരുതൽ ശേഖരം ഉണ്ടെങ്കിൽത്തന്നെ അത് സർക്കാരിന് കൈമാറാൻ
- ആർബിഐ ബാധ്യസ്ഥരാണോ?
- ആവശ്യമായ കരുതൽ ധനത്തിന്റെ അളവെത്ര?
- ഇപ്പോഴത്തെ നടപടികൾ കിട്ടാക്കടം പരിഹരിക്കാൻ പോന്നതാണോ?
- പിസിഎ (പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ) ചട്ടങ്ങൾ എന്ത്രമാത്രം ഗുണം ചെയ്യുന്നുണ്ട്?
മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിംഗും കമ്മിറ്റിയിൽ അംഗമായിരുന്നു.