പ്രവചനങ്ങൾ തെറ്റിച്ച് ആർബിഐ; രൂപയുടെ മൂല്യം 74 കടന്നു 

റിസർവ് ബാങ്ക് തുടർച്ചയായ മൂന്നാം തവണയും പലിശ നിരക്കുയർത്തുമെന്ന പ്രവചനങ്ങൾ തെറ്റി. ഇന്നലെ അവസാനിച്ച നയാവലോകന യോഗത്തിൽ പലിശ നിരക്കിൽ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നാണ് സമിതി തീരുമാനിച്ചത്.

രൂപയുടെ മൂല്യത്തകർച്ചയ്ക്ക് തടയിടാൻ ആർബിഐ ഇടപെടുമെന്ന വിപണിയുടെ പ്രതീക്ഷക്ക് തിരിച്ചടിയായി പുതിയ തീരുമാനം. ഇതോടെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു ഡോളറിന് 74.2237 എന്ന നിലയിലെത്തി. സെൻസെക്സ് ഒരു ഘട്ടത്തിൽ 1000 പോയ്ന്റ് വരെ താഴ്ന്നു.

ആർബിഐയുടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനത്തിലും തുടരും. 2014 ഓഗസ്റ്റിനു ശേഷം പലിശനിരക്ക് ആദ്യമായി വർധിപ്പിച്ചത് കഴിഞ്ഞ ജൂണിലായിരുന്നു. അതിന് ശേഷം പിന്നീട് ഓഗസ്റ്റിലും പലിശ നിരക്ക് കൂട്ടിയിരുന്നു.

രൂപയുടെ മൂല്യം നിയന്ത്രിക്കുക എന്നത് ആർബിഐയുടെ ഉത്തരവാദിത്തമല്ലെന്നും അത് നിശ്ചയിക്കുന്നത് ബാഹ്യ ഡിമാൻഡ്, സപ്ലൈ എന്നീ ഘടകങ്ങളാണെന്ന് എന്നും ആർബിഐ ഗവർണർ ഉർജിത് പട്ടേൽ പറഞ്ഞു. വിപണിയിലെ അസ്ഥിരത ഇല്ലാതാക്കുക, നാണയപ്പെരുപ്പം നിയന്ത്രിക്കുക എന്നിങ്ങനെയാണ് ആർബിഐയുടെ പ്രധാന ലക്ഷ്യങ്ങൾ.

ക്രൂഡ് ഓയില്‍ വില ഉയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് പണപ്പെരുപ്പം ഉയരാൻ ഇടയാക്കും. ഓഗസ്റ്റിലെ നാണയപ്പെരുപ്പത്തോത് 3.69 ശതമാനം ആയിരുന്നു. ജൂലായില്‍ 4.17 ശതമാനവും.

നടപ്പു സാമ്പത്തിക വർഷം രണ്ടാം പകുതിയിൽ നാണ്യപ്പെരുപ്പം 3.9–4.5 ശതമാനത്തിൽ എത്തുമെന്ന് ആർബിഐ കണക്കാക്കുന്നു. ഭക്ഷ്യ ഉൽപന്ന വില കുറയുമെന്നതാണു ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ–സെപ്റ്റംബറിൽ നാണ്യപ്പെരുപ്പം 4 ശതമാനവും ഒക്ടോബർ–മാർച്ചിൽ 3.9–4.5 ശതമാനവും ആകും.

നടപ്പു സാമ്പത്തിക വർഷം ജിഡിപി 7.4 ശതമാനം വളർച്ച നേടുമെന്നു ആർബിഐ കണക്കാക്കുന്നു. അടുത്ത സാമ്പത്തിക വർഷം 7.6 വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷം ജിഡിപി വളർച്ച 6.7 ശതമാനമായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it