
രാജ്യത്ത് ഈ വര്‍ഷത്തെ സ്വര്‍ണ ഡിമാന്‍ഡ് കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയിലേക്കെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (WCG). ഉത്സവാഘോഷങ്ങള്‍ നടക്കുന്ന ഡിസംബര്‍ പാദത്തില്‍ സ്വര്‍ണ വില റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുന്നത് ആളുകളെ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നതാണ് ഇതിനു കാരണം.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യയില്‍ 700-750 മെട്രിക് ടണ്‍ സ്വര്‍ണ വില്‍പ്പനയാണ് 2024ല്‍ പ്രതീക്ഷിന്നത്. കഴിഞ്ഞ വര്‍ഷം ഇത് 761 ടണ്‍ ആയിരുന്നു. 2020 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്‍പ്പനയാണിത്.
വര്‍ഷാവസാനത്തോടെയാണ് സാധാരണ രാജ്യത്ത് സ്വര്‍ണ വില്‍പ്പന ഉയരുന്നത്. ദീപാവലിയും ദസറയുമുള്‍പ്പെടെയുള്ള ഉത്സവാഘോഷങ്ങളും ധാരാളം വിവാഹങ്ങളും നടക്കുന്ന മാസങ്ങളാണിത്. എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ 9 ശതമാനം കുറച്ചതു മൂലം വിലയില്‍ വലിയ ഇടിവുണ്ടായതിനാല്‍ ഓഗസ്റ്റില്‍ തന്നെ അഡ്വാന്‍സായി പലരും സ്വര്‍ണം വാങ്ങിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിന്റെ ഇന്ത്യ വിഭാഗം മേധാവി സച്ചിന്‍ ജെയിന്‍ പറഞ്ഞു. വീണ്ടും വില ഇടിയുമോ എന്ന കാത്തിരിപ്പിലാണ് പലരും. ഇതുകൊണ്ട് ഉത്സവകാല ഡിമാന്‍ഡ് കുറയാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര സ്വര്‍ണ വില ഇന്ന് പവന് 59,520 രൂപയെന്ന റെക്കോഡിലാണ്. ഈ വര്‍ഷം ഇതു വരെ വിലയില്‍ 25 ശതമാനത്തിലധികം വര്‍ധനയാണുണ്ടായത്. അതേസമയം, ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ സ്വര്‍ണ ഉപഭോഗം 18 ശതമാനം ഉയര്‍ന്ന് 248.3 ടണ്‍ ആയി. നിക്ഷേപ ആവശ്യത്തിനായുള്ള സ്വര്‍ണം ഡിമാന്‍ഡില്‍ 41 ശതമാനവും ആഭരണ ഡിമാന്‍ഡില്‍ 10 ശതമാനവും ഉയര്‍ച്ചയുണ്ടായി.
Read DhanamOnline in English
Subscribe to Dhanam Magazine