കേരളത്തിന് നേട്ടമുണ്ടാക്കാം ലാറ്റെക്‌സ് ഉല്‍പ്പന്നങ്ങളിലൂടെ

റബറിന്റെ വിലയിടിവും കര്‍ഷകരുടെ പ്രശ്നങ്ങളും വളരെ നാളുകളായി കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം ആണ്. ഒരു കമോഡിറ്റി എന്ന നിലയില്‍ റബറിന്റെ വിലയില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകും എന്നത് അംഗീകരിക്കേണ്ട വസ്തുതയാണ്. എന്നാല്‍ ആയിരക്കണക്കിന് കര്‍ഷകരുടെ ജീവിത മാര്‍ഗമായ റബ്ബറിന് എങ്ങനെ നഷ്ടം വരാത്ത കമ്പോള വില ലഭ്യമാക്കാം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഒരു വഴി റബ്ബറിന്റെ ഉപഭോഗം വര്‍ധിപ്പിക്കുക ആണ്.

റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിച്ച് വില ഉയര്‍ത്താം എന്ന ഒരേ വീക്ഷണത്തില്‍ മാത്രം ഊന്നിയാണ് എപ്പോഴും സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തത്. എന്നാല്‍ അതിനു പരിമിതികള്‍ ഉണ്ടെന്ന് ഇതിനകം മനസിലാക്കി കഴിഞ്ഞു. റബ്ബറിന്റെ പ്രധാന ഉപഭോക്താക്കള്‍ ടയര്‍ വ്യവസായങ്ങളാണ്. അതുപോലെ തന്നെ പ്രധാനമാണ് ലാറ്റെക്സ് ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങളിലും യന്തങ്ങളിലും മറ്റും ഉപയോഗിക്കുന്ന റബ്ബര്‍ ഘടകങ്ങള്‍ എന്നിവ. കൈയുറകള്‍, നൂലുകള്‍, ബലൂണ്‍, ഗര്‍ഭനിരോധന ഉറകള്‍, കത്തീറ്റര്‍ തുടങ്ങിയവയാണ് പ്രധാന ലാറ്റെക്സ് ഉല്‍പ്പന്നങ്ങള്‍. ഇന്ന് ഇന്ത്യയില്‍ ഈ വ്യവസായങ്ങളുടെ നില അത്ര ശുഭകരമല്ല.

കാരണങ്ങള്‍ പലത്

നമ്മുടെ ഉല്‍പ്പാദന ചെലവ് കൂടുതലായതിനാല്‍ വിദേശ ഉല്‍പ്പന്നങ്ങളുമായി വിലയില്‍ മല്‍സരിക്കാന്‍ പറ്റുന്നില്ല. തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ കുറഞ്ഞ റബ്ബര്‍ വില കാരണം, മേല്‍പ്പറഞ്ഞ ഉല്‍പ്പന്നങ്ങളെല്ലാം വളരെ കുറഞ്ഞ വിലയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാകുന്നുണ്ട്. ലാറ്റെക്സ്/റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ കുറഞ്ഞ കസ്റ്റംസ് തീരുവയാണ് ഇവിടെ നിലവിലുള്ളത്. ഇങ്ങനെ വില കുറച്ചു വരുന്ന റബര്‍ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ ആഭ്യന്തര വിപണിയില്‍ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്.

വന്‍ തോതില്‍ റബര്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടുമ്പോള്‍ ആനുപാതികമായി ആഭ്യന്തര റബറിന്റെ ഉപയോഗം കുറയുന്നു. ഇതു റബറിന്റെ വില താഴ്ത്തിനിര്‍ത്തുന്നതില്‍ ഗണ്യമായ പങ്കു വഹിക്കുന്നു. ഇതൊന്നും കണക്കിലെടുക്കാതെ റബറിന്റെ ഇറക്കുമതി നിരോധിക്കുന്നതു കൊണ്ടുമാത്രം വില ഉയര്‍ത്താനാകില്ല. കൂടാതെ, ആസിയാന്‍ രാജ്യങ്ങളുമായുള്ള നമ്മുടെ സ്വതന്ത്ര വ്യാപാര കരാറും റബര്‍ മേഖലയെ പ്രതികൂലമായി ബാധിച്ചു. ഇത് റബര്‍ ഉല്‍പ്പന്നങ്ങള്‍ വന്‍ തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്നതിനു സഹായകമായി. ഉദാഹരണത്തിന്, ഇന്ത്യയ്ക്കാവശ്യമുള്ള കൈയുറകളുടെ 75 ശതമാനം ഇന്ന് ഇറക്കുമതി ചെയ്യപ്പെടുകയാണ്.

ഇവിടെയുള്ള 80% ശതമാനം ബലൂണ്‍ നിര്‍മാതാക്കളും തങ്ങളുടെ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടി കഴിഞ്ഞു. മറ്റു ലാറ്റെക്സ്/റബര്‍ ഉല്‍പ്പന്നങ്ങളുടെ കാര്യവും ഇതു തന്നെയാണ്. ഈയിടെ പുറത്തുവന്ന ഒരു കണക്ക് അനുസരിച്ച്, ഇന്ത്യയില്‍ ഏതാണ്ട് 40% ടയര്‍-ഇതര വ്യവസായങ്ങള്‍ പൂട്ടിക്കഴിഞ്ഞു. ബാക്കിയുള്ളവയില്‍ പലതും പൂട്ടലിന്റെ വക്കിലാണ്. ഉപഭോഗ രാജ്യങ്ങളുടെ ഇടയില്‍ റബര്‍ വ്യവസായങ്ങളുടെ അസംസ്‌കൃത വസ്തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചുങ്കം ചുമത്തുകയും, റബര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കുറവ് ഇറക്കുമതി ചുങ്കം ചാര്‍ത്തുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

നമ്മുടെ രാജ്യത്ത് റബറിന്റെ ആളോഹരി ഉപഭോഗം വെറും ഒരു കിലോഗ്രാമിനു മുകളില്‍ മാത്രമാണ്. വികസിത രാജ്യങ്ങളിലെ 12 കിലോയുമായോ ചൈനയിലെ അഞ്ചു കിലോയുമായോ താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ കുറവാണ്. റബറിന്റെ ആളോഹരി ഉപഭോഗം ഇപ്പോഴത്തേതില്‍ നിന്ന് ഇരട്ടി ആക്കിയാല്‍ വന്‍ ഉണര്‍വ് ഉണ്ടാക്കാം. അതിന് ഇവിടുത്തെ ഉല്‍പ്പാദന മേഖല ഉണരണം.

ലോകത്തെ ലാറ്റെക്സ് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മാറിക്കഴിഞ്ഞു. എന്നാല്‍ ഈ സാഹചര്യം മുതലെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. മലേഷ്യ, തായ്ലന്റ്, ഇന്‍ഡോനേഷ്യ, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ധാരാളം വിദേശ നിക്ഷേപങ്ങള്‍ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഇവിടെയെല്ലാം ഭാരതത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

തൊഴിലവസരങ്ങള്‍ ധാരാളം

കുറഞ്ഞ നിക്ഷേപത്തിന് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാം എന്നതാണ് ലാറ്റെക്സ്/ടയര്‍ ഇതര റബര്‍ ഉല്‍പ്പന്നവ്യവസായത്തിന്റെ ഒരു പ്രത്യേകത. 130 കോടി ജനസംഖ്യ ഉള്ള നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്ന കൈയുറകളില്‍ ബഹുഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയില്‍ കൈയുറകള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലോകനിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഉല്‍പ്പാദന ശേഷി വളരെ കുറവാണ്.

ലോകത്തിലെ ഏറ്റവും വലിയ കൈയുറ നിര്‍മാണ കമ്പനിക്ക് ഏതാണ്ട് 5000 കോടിയോളം രൂപ വിറ്റുവരവ് ഉള്ളപ്പോള്‍, നമ്മുടെ കമ്പനികള്‍ക്ക് ശരാശരി 100 കോടിയുടെ താഴെ മാത്രമാണ് വിറ്റുവരവ്. ഇതു ഉല്‍പ്പാദന ചെലവു കുറക്കുന്നതിനും ലോകവിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനും നമ്മെ സഹായിക്കുന്നില്ല. ഇന്ന് ആഗോള കൈയുറ ഉല്‍പ്പാദനത്തിന്റെ 88 ശതമാനവും മലേഷ്യ, തായ്ലന്റ് എന്നീ രണ്ടു രാജ്യങ്ങളിലാണ്. ഇത് വലിയ സാധ്യതയായി നാം കാണണം.

എന്നാല്‍, ലാറ്റെക്സ്/ടയര്‍ ഇതര റബര്‍ ഉല്‍പ്പന്ന നിര്‍മാതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലേക്കു വിലപ്പെട്ട സംഭാവന നല്‍കുന്നതിന് തടസമാണ്. റബര്‍ കൃഷിക്കാരും വ്യവസായികളും ഒരേ പോലെ നിലനില്‍പ്പിനു പാടുപെടുന്ന ഈ സ്ഥിതിമാറാന്‍ എന്താണ് പ്രതിവിധി?

ഉപയോഗം കൂട്ടുക

റബറിന്റെ ഉപയോഗം കൂട്ടുക. ഇന്ന് പല ലാറ്റെക്സ് ഉല്‍പ്പന്നങ്ങളും പൂജ്യം കസ്റ്റംസ് തീരുവയില്‍ ഇറക്കുമതി ചെയ്യാം. ഇതിന് പ്രതിവിധിയായി, ലോക വ്യാപാര സംഘടനയുടെ ചട്ടക്കൂടില്‍ നിന്നു കൊണ്ട് ലാറ്റെക്സ്/റബര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് സംരക്ഷണ ചുങ്കം ഏര്‍പ്പെടുത്തുക.

ഈയിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കാരണം സ്റ്റീല്‍ കമ്പനികള്‍ വന്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുപോലെയുള്ള സംരക്ഷണ ചുങ്കം ചുമത്തിയിരുന്നു. ഇങ്ങനെ ഇറക്കുമതി നിയന്ത്രിച്ചാല്‍ ഇവിടെയുള്ള വ്യവസായങ്ങളുടെ സ്ഥാപിത ശേഷി കൂടുതല്‍ ഉപയോഗപ്പെടുത്തി റബ്ബറിന്റെ ഉപയോഗം കൂട്ടാം.

ഇന്ത്യയെ ലാറ്റെക്സ് ഉല്‍പ്പന്നങ്ങളുടെ ലോക തലസ്ഥാനമാക്കി മാറ്റുക. ഇന്നു ലാറ്റെക്സ് ഉല്‍പ്പന്നങ്ങളുടെ പ്രധാന ഉല്‍പ്പാദകരായ മലേഷ്യക്കും തായ്ലന്റിനും പുറമേ ഇന്‍ഡോനേഷ്യ, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ രംഗത്തു വന്‍നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമം നടത്തുകയാണ്. മലേഷ്യ പോലുള്ള രാജ്യങ്ങളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. എന്നാല്‍, ചെലവു കുറഞ്ഞ മനുഷ്യശക്തി നമുക്ക് ഒരു അനുകൂല ഘടകമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിചാരിച്ചാല്‍ ഈ രംഗത്തു നമുക്ക് വന്‍ നിക്ഷേപം കൊണ്ടുവരാന്‍ സാധിക്കും.

ഇന്ത്യ ഈ രംഗത്ത് മുന്നിലെത്തുമ്പോള്‍, രാജ്യത്തെ റബറിന്റെ തലസ്ഥാനമായ കേരളത്തിനും ലോക ശക്തിയായി വളരാനുള്ള സാധ്യതയാണത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പരിപാടികള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ ലാറ്റെക്സ് വ്യവസായങ്ങള്‍ക്കാകും. റബര്‍ കൃഷി വ്യാപകമായുള്ള കണ്ണുര്‍, കാസര്‍കോഡ് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ ഭൂമി കണ്ടെത്തിയാല്‍ വടക്കന്‍ കേരളത്തിലും വികസനവും തൊഴിലവസരങ്ങളും കൊണ്ടുവരാനും അവയുടെ പിന്നോക്കാവസ്ഥ മാറ്റുവാനും കഴിയും.

സംസ്ഥാന വ്യവസായ വകുപ്പ് മുന്‍കൈയെടുത്തു റബര്‍ ബോര്‍ഡ്, നിക്ഷേപകര്‍ തുടങ്ങിയവരുമായി സഹകരിച്ചു ഈ വഴിക്ക് നീങ്ങിയാല്‍ റബര്‍ കര്‍ഷകര്‍ക്ക് തീര്‍ച്ചയായും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനം ലഭിക്കും. റബര്‍ കര്‍ഷകരും വ്യവസായികളും സര്‍ക്കാരുകളുമായി ഒരുമിച്ചു സഹകരിച്ചു പ്രശ്നത്തിന് പ്രതിവിധി കാണുകയാണ് വേണ്ടത്.

ലേഖകന്‍: ജി. കൃഷ്ണ കുമാര്‍ (ധനം മാഗസിനില്‍ 2016 നവംബര്‍ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു വന്ന ലേഖനം)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it