ജിഎസ്ടിയിലെ അധിക ബാധ്യത ഒഴിവാക്കാം, കട തുറക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

കടുത്ത ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവ് ലഭിച്ച് കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ബിസിനസ് സമൂഹം. ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞാണ് കിടന്നിരുന്നത്.

ഇനി അവ തുറക്കുമ്പോള്‍ കുറേയേറെ ഉല്‍പ്പന്നങ്ങളുടെ ഉപയോഗ കാലാവധി കഴിഞ്ഞിരിക്കും. ചിലപ്പോള്‍ കുറേയേറെ സ്‌റ്റോക്കുകള്‍ നശിച്ചു പോയിട്ടുണ്ടാകും. ചിലപ്പോള്‍ മോഷണം പോയിക്കാണും.

ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കടയുടമയാണെങ്കില്‍ ഇവയെല്ലാം നശിച്ചു അല്ലെങ്കില്‍ മോഷണം പോയി എന്നെല്ലാം രേഖകളിലെഴുതി, എഴുതി തള്ളുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. നിങ്ങള്‍ ജിഎസ്ടി പരിധിയിലുള്ള ബിസിനസുകാരനാണോ? ഈ സ്‌റ്റോക്കുകളുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്തിട്ടുണ്ടോ? എങ്കില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ തുക നിങ്ങള്‍ അടുത്ത ജിഎസ്ടി റിട്ടേണിനൊപ്പം തിരിച്ചടയക്കേണ്ടി വരും. എങ്ങനെ എന്നല്ലേ?

43,000 രൂപ അടയ്ക്കണോ, അതോ 180 രൂപയില്‍ ഒതുക്കണോ?

ജിഎസ്ടി നിയമത്തില്‍ 17 (5) h വ്യവസ്ഥ പ്രകാരം, ഒരു ബിസിനസുകാരന്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് എടുത്ത വസ്തു കച്ചവടം ചെയ്യാതെ എഴുതി തള്ളിയാല്‍, അതായത് നശിച്ചുപോയെന്നോ നഷ്ടപ്പെട്ടു പോയെന്നോ മറ്റോ കാരണത്താല്‍, അതിന് എടുത്ത ഇന്‍പുട്ട് ടാക്‌സ് പലിശ സഹിതം അടുത്ത റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ തിരിച്ചടയ്ക്കണം.

അതായത്, പത്തുലക്ഷം രൂപയുടെ പര്‍ച്ചേസ് നടത്തിയ വ്യാപാരി അതിനുള്ള ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്തിട്ടുണ്ടാകും. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ടു ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ നശിച്ചുപോവുകയോ മറ്റോ ചെയ്തു കാണും. കാലാവധി കഴിഞ്ഞ ഭക്ഷ്യോല്‍പ്പന്നങ്ങളാണെങ്കില്‍ അതത് കമ്പനികള്‍ തന്നെ ചിലപ്പോള്‍ തിരിച്ചെടുത്തേക്കും.

എന്നാല്‍ ഇതിന് ഒരു ജിഎസ്ടി ബാധ്യതയുണ്ട്. ഈ രണ്ടുലക്ഷം രൂപയ്ക്കും ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് എടുത്തതാണ്. നശിച്ചുപോയി എന്ന് രേഖകളില്‍ കാണിച്ചാല്‍ ഈ രണ്ടുലക്ഷം രൂപയുടെ 18 ശതമാനം നിരക്കിലും നികുതിയും അടുത്ത ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്ന തിയതി വരെയുള്ള ദിവസത്തെ പലിശയും അടക്കേണ്ടി വരും. അത് ഏകദേശം 43,000 രൂപയോളം വരും.

എന്നാല്‍, ഈ നശിച്ച ഉല്‍പ്പന്നങ്ങള്‍ നാമമാത്രമായ തുകയ്ക്ക് വ്യാപാരിക്ക് വില്‍ക്കാം. ജിഎസ്ടി നിയമത്തില്‍ ഒരിടത്തും രണ്ടുലക്ഷം രൂപയുടെ ഉല്‍പ്പന്നം അതിലും കുറഞ്ഞ തുകയ്ക്ക് വില്‍ക്കാന്‍ പാടില്ലെന്ന് എവിടെയും എഴുതി വെച്ചിട്ടില്ല. സ്‌ക്രാപ്പായി വില്‍ക്കുമ്പോള്‍ ആയിരം രൂപ ലഭിച്ചെന്നിരിക്കും. അതിനുള്ള നികുതി ബാധ്യതയേ വ്യാപാരിക്ക് വരൂ. അതായത് 180 രൂപയോ മറ്റോ. 43,000 രൂപ കൊടുക്കേണ്ട സ്ഥാനത്ത് ഒന്നു ശ്രദ്ധിച്ചാല്‍ 180 രൂപ നല്‍കിയാല്‍ മതി. പക്ഷേ, എല്ലാം നിയമാനുസൃതമാകണമെന്നു മാത്രം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള കോവിഡ് കാലത്ത് പ്രൊഫഷണലുകളുടെ സേവനം ഉപയോഗപ്പെടുത്തി ജിഎസ്ടി സംബന്ധമായ ബാധ്യതകളറിഞ്ഞ് അതിന്റെ പരിഹാര മാര്‍ഗങ്ങള്‍ തേടുകയാണ് ബിസിനസുകാര്‍ ചെയ്യേണ്ടത്.

ഇ വെ ബില്‍ നിര്‍ബന്ധമായും കരുതുക

സംസ്ഥാനത്തിനകത്തും അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനും ഇ വെ ബില്‍ നിര്‍ബന്ധമാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പല ചരക്കുകളും ബില്ലില്‍ നിഷ്‌കര്‍ഷിച്ച തീയതിക്കുള്ളില്‍ എത്തേണ്ടിടത്ത് എത്തിക്കാണില്ല. ഏപ്രില്‍ 30 വരെ ഇക്കാര്യത്തില്‍ ഡീംഡ് അനുമതിയുണ്ട്. കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും എല്ലാം പശ്ചാത്തലത്തില്‍ ഇ വെ ബില്ലിന്റെ കാര്യത്തില്‍ ബിസിനസുകാര്‍ വീഴ്ച വരുത്തരുത്.

ക്രെഡിറ്റേഴ്‌സിന് പണം കൊടുത്തില്ലേ? എങ്കില്‍ അധിക ബാധ്യത വരാനിടയുണ്ട്

ഒരു അസസി ഒരു ലക്ഷം രൂപയുടെ ഉല്‍പ്പന്നമോ സേവനമോ ഒരാളില്‍ നിന്ന് നേടി, അതിന്റെ ജിഎസ്ടി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്തുവെന്നിരിക്കട്ടേ. ഈ ഒരു ലക്ഷം രൂപ 180 ദിവസത്തിനുള്ളില്‍ ക്രെഡിറ്റേഴ്‌സിന് നല്‍കിയിരിക്കണം.

ലോക്ക്ഡൗണും കോവിഡും ഒക്കെ കാരണം, ഇന്‍പുട്ട് എടുത്ത തുകയാണെങ്കിലും ക്രെഡിറ്റേഴ്‌സിന്റെ ബില്‍ അടച്ചുതീര്‍ക്കാന്‍ അസസിക്ക് സാധിക്കണമെന്നില്ല. അങ്ങനെ വന്നാല്‍ അടുത്ത ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍, ഇന്‍പുട്ട് ടാക്‌സും പലിശയും തിരിച്ചടയ്‌ക്കേണ്ടി വരും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിസിനസുകാരന് ഇത് അധിക ബാധ്യതയാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇക്കാര്യത്തില്‍ ഇളവ് ഇതുവരെ ലഭിച്ചിട്ടുമില്ല. അതുകൊണ്ട് ബിസിനസ് സമൂഹം ഇക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടണം.

(ലേഖകന്‍ നിയമ, സാമ്പത്തിക വിഷയങ്ങളിലെ ഫാക്കല്‍റ്റിയും ഉപദേശകനും ഹൈക്കോടതിയിലെ അഭിഭാഷകനുമാണ്. ഫോണ്‍: 98950 69926)

Adv. K.S. Hariharan
Adv. K.S. Hariharan  

കേരളത്തിനകത്തും പുറത്തുമായി നടത്തപ്പെടുന്ന ധാരാളം നിയമ സംബന്ധിയായ ട്രെയിനിംഗ് പ്രോഗ്രാമുകളിൽ ട്രെയിനർ ആണ്. ട്രൈബ്യുണലുകൾ, അപ്പീൽ ഫോറങ്ങൾ, ടാക്സേഷൻ, മറ്റ് ബിസിനസ് നിയമങ്ങൾ എന്നിവയിൽ സ്‌പെഷലൈസ് ചെയ്ത് പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനും എറണാകുളത്തെ കെ.എസ്. ഹരിഹരൻ & അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ സാരഥിയുമാണ്. ഫോണ്‍: 98950 69926

Related Articles
Next Story
Videos
Share it