നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 7 

1. സബ്‌സിഡി വേണമെങ്കിൽ ഇലക്ട്രിക് വാഹന കംപോണന്റുകൾ ഇന്ത്യയിൽ നിർമ്മിക്കണം

കണ്ട്രോൾ യൂണിറ്റുകൾ, ചാർജറുകൾ, എസി യൂണിറ്റുകൾ തുടങ്ങിയ വാഹന കംപോണന്റുകൾ ഇന്ത്യയിൽ നിർമ്മിച്ചാൽ മാത്രമേ ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകി വരുന്ന സബ്‌സിഡി ലഭിക്കുകയുള്ളൂ എന്ന് വാഹന നിർമാതാക്കളോട് സർക്കാർ. പുതിയ ഫെയിം II ചട്ടങ്ങൾ പ്രകാരം ഏതൊക്കെ കംപോണന്റുകൾ ഇന്ത്യയിൽ നിർമിക്കണം, അതിനനുവദിച്ചിരിക്കുന്ന സമയപരിധി തുടങ്ങിയവയും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

2. ഫോക്സ് വാഗണെതിരായ എൻജിടി ഓർഡറിന് സുപ്രീം കോടതി സ്റ്റേ

എമിഷൻ കേസിൽ ജർമൻ വാഹനനിർമാതാക്കളായ ഫോക്സ് വാഗണ് 500 കോടി രൂപ പിഴ വിധിച്ച നാഷണൽ ഗ്രീൻ ട്രിബ്യുണലിന്റെ ഓർഡർ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, ഹർജിക്കാർ എന്നിവരുടെ വാദം കൂടി കേൾക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

3. ഒലാ ഇലക്ട്രിക്ക് മൊബിലിറ്റിയിൽ നിക്ഷേപം വർധിപ്പിച്ച് രത്തൻ ടാറ്റ

ഒലാ ഇലക്ട്രിക്ക് മൊബിലിറ്റിയിൽ തന്റെ ഓഹരി പങ്കാളിത്തം രത്തൻ ടാറ്റ ഉയർത്തി. സീരീസ് എ റൗണ്ട് ഫണ്ടിംഗിന്റെ ഭാഗമായാണ് ടാറ്റയുടെ നിക്ഷേപം. തുകയെത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിക്ഷേപകരുടെ അഭാവം മൂലം പദ്ധതി വൈകിക്കൊണ്ടിരിക്കുന്നതിനിടെയാണ് സീരീസ് എ ഫണ്ടിംഗ് നടക്കുന്നത്.

4. മാസ്റ്റർ കാർഡ് ഇന്ത്യയിൽ 7000 കോടി നിക്ഷേപിക്കും

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 7000 കോടി രൂപ (1 ബില്യൺ ഡോളർ) ഇന്ത്യയിൽ നിക്ഷേപിക്കാൻ മാസ്റ്റർ കാർഡ്. ഇതിൽ 2500 രൂപയെങ്കിലും ആർബിഐ ചട്ടമനുസരിച്ച് ലോക്കൽ പേയ്മെന്റ് പ്രോസസ്സിംഗ് സെന്റർ ആരംഭിക്കാൻ ഉപയോഗിക്കും. 18 മാസത്തിനുള്ളിൽ പ്രോസസ്സിംഗ് കേന്ദ്രം സ്ഥാപിക്കാനാവുമെന്നാണ് കരുതുന്നത്. 1000 പേർക്ക് തൊഴിലവസരങ്ങളും നൽകും.

5. എയർടെൽ: ലാഭത്തിൽ 29% വർധന

വിപണിയെ ഞെട്ടിച്ചുകൊണ്ട് എയർടെൽ. മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ലാഭം 29 ശതമാനം വളർച്ച രേഖപ്പെടുത്തി. ജിയോയിൽ നിന്ന് ടെലകോം കമ്പനികൾ കടുത്ത മത്സരം നേരിടുന്നതിനിടെയാണ് എയർടെല്ലിന്റെ സാമ്പത്തിക ഫലം പുറത്തുവരുന്നത്. അറ്റാദായം 107.2 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 82.9 കോടി രൂപയായിരുന്നു അറ്റാദായം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it