Begin typing your search above and press return to search.
ട്രംപ് ജയിച്ചാല്‍ കോര്‍പറേറ്റുകള്‍ക്ക് പുതിയ നേട്ടം: നികുതി 15 ശതമാനമായി കുറക്കുമെന്ന് വാഗ്ദാനം
അമേരിക്കന്‍ പ്രസിഡന്റായി ഒരിക്കല്‍ കൂടി തെരഞ്ഞെടുക്കപ്പെട്ടാല്‍ കോര്‍പറേറ്റ് നികുതി നിരക്ക് 15 ശതമാനമായി വെട്ടിക്കുറക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപ്. നേരത്തെ പ്രസിഡന്റായിരുന്നപ്പോള്‍ കോര്‍പറേറ്റ് നികുതി നിരക്ക് ട്രംപ് 28ല്‍ നിന്ന് 21 ശതമാനമായി കുറച്ചിരുന്നു. അതാണ് വീണ്ടും വെട്ടിക്കുറച്ച് 15 ശതമാനമാക്കുമെന്ന് പറയുന്നത്. ഫലത്തില്‍ കോര്‍പറേറ്റ് നികുതി നിരക്ക് പകുതി കണ്ട് കുറച്ചതിനു തുല്യമാകും.
2013നും 2021നും ഇടയില്‍ ഫോര്‍ച്യൂണ്‍ 500 പട്ടികയിലെ 296 കമ്പനികള്‍ തുടര്‍ച്ചയായി ലാഭമുണ്ടാക്കി. വിദ്യാഭ്യാസ ചെലവിനെ കടത്തി വെട്ടുന്നതായിരുന്നു കോര്‍പറേറ്റ് നികുതി കുറക്കല്‍ വഴിയുള്ള വരുമാന നഷ്ടം. 21ല്‍ നിന്ന് 15 ശതമാനമായി കുറച്ചാല്‍ 10 വര്‍ഷം കൊണ്ട് ഒരു ട്രില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടം ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. മെറ്റ, കൊംകാസ്റ്റ്, ജെ.പി മോര്‍ഗന്‍ ചേസ് എന്നിവയടക്കം യു.എസിലെ ഏറ്റവും വലിയ 10 കമ്പനികളുടെ വാര്‍ഷിക നികുതി നേരത്തെ 2,300 കോടി ഡോളര്‍ കണ്ട് കുറഞ്ഞിരുന്നു.
ഓഹരികള്‍ക്ക് നേട്ടം; ബോണ്ടിന് നഷ്ടം
ട്രംപിന്റെ വിജയം ഓഹരി വിലകള്‍ ഉണര്‍ത്താന്‍ സഹായിച്ചേക്കും. എന്നാല്‍ കോര്‍പറേറ്റ് നികുതി കുറക്കുന്നത് ബോണ്ടിന്റെ സ്ഥിതി മോശമാക്കും. ഫെഡറല്‍ ബജറ്റ് കമ്മി വര്‍ധിപ്പിക്കും. ജോ ബൈഡനു കീഴില്‍ യു.എസ് ഓഹരി പുതിയ ഉയരങ്ങളിലാണ്. നാണ്യപ്പെരുപ്പം കുറഞ്ഞു. മാന്ദ്യം ഒഴിവായ മട്ടായി. ഇതിനിടയിലും നിരക്ക് കുറക്കാനുള്ള ഒരുക്കത്തിലാണ് യു.എസ് ഫെഡ്.
ഇന്ത്യയില്‍ തദ്ദേശീയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് 30 ശതമാനമാണ് കോര്‍പറേറ്റ് നികുതി. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏഴു ശതമാനം മുതല്‍ സര്‍ചാര്‍ജുമുണ്ട്.
ഫെഡറല്‍ റിസര്‍വിന്റെ അധ്യക്ഷനായി ജെറോം പവലിനെ തന്റെ ഭരണകാലത്ത് നിയമിക്കുമെന്നും ബ്ലൂംബര്‍ഗ് ബിസിനസ് വീക്കിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയായി ജെ.പി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി സി.ഇ.ഒ ജാമി ഡൈമണെ പരിഗണിക്കും.
Next Story
Videos