കര്‍ഷക ബില്ലിനെതിരെ കര്‍ഷക രോഷമെന്തിന്?

പാര്‍ലമെന്റിനു മുന്നില്‍ വെച്ച മൂന്ന കാര്‍ഷിക ബില്ലുകളെ ചൊല്ലി വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ തെരുവിലിറങ്ങിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ അസ്വാസരസ്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ബില്ലുകള്‍. എന്‍ഡിഎ സഖ്യകക്ഷിയായ അകാലിദളിന്റെ നേതാവും കേന്ദ്ര മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചതിന് പിന്നാലെ ഹരിയാനയില്‍ സഖ്യകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടിയും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഹരിയാനയില്‍ ബിജെപിയുടെ മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭ അധികാരത്തില്‍ തുടരാന്‍ ജെജെപിയുടെ പിന്തുണ അനിവാര്യമാണെന്നതും കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പഞ്ചാബിനും ഹരിയാനയ്ക്കും പിന്നാലെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

എന്താണ് ബില്ല്?

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍, 2020 ലെ കര്‍ഷകരുടെ (ശാക്തീകരണവും സംരക്ഷണവും) കരാര്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഉള്ളി എന്നിവയുള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടു വരുന്ന 2020 ലെ അവശ്യവസ്തു (ഭേദഗതി) ബില്‍ എന്നിവയാണ് വിവാദമായ ബില്ലുകള്‍.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ലഭിക്കില്ലെന്നതാണ് കര്‍ഷകരുടെ ഭയം. അതേസമയം തങ്ങളുടെ കമ്മീഷന്‍ നഷ്ടമാകുമെന്ന ആശങ്കയില്‍ കമ്മീഷന്‍ ഏജന്റുമാരും ബില്ലിനെ എതിര്‍ക്കുന്നു. പഞ്ചാബ് അടക്കം കാര്‍ഷിക മേഖലയെ കൂടുതലായി ആശ്രയിക്കുന്ന സംസ്ഥാനങ്ങള്‍ക്കും തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന പേടിയുമുണ്ട്.

കര്‍ഷകരെ ബാധിക്കുന്നതെങ്ങനെ

പുതിയ സാഹചര്യം ഇടത്തട്ടുകാരുടെ പ്രാധാന്യം കുറയ്ക്കുമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കര്‍ഷകന് തന്റെ വിള വിലപേശി തന്നെ രാജ്യത്ത് എവിടെയും ഏതൊരാള്‍ക്കും വില്‍ക്കാനാകും. അഗ്രികള്‍ച്ചറല്‍ പ്രോഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി)യുടെ സംസ്ഥാന വിപണിക്ക് പുറത്ത് കാര്‍ഷിക വില്‍പ്പനയും വിപണനവും സാധ്യമാക്കുക, അന്തര്‍സംസ്ഥാന വ്യാപാരത്തിനുള്ള തടസ്സങ്ങള്‍ നീക്കുക, ഇലക്ട്രോണിക് വ്യാപാരത്തിന് ചട്ടക്കൂട് ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നത്. എപിഎംസി വിപണികള്‍ക്ക് പുറത്തുള്ള വ്യാപാരത്തിനായി മാര്‍ക്കറ്റ് ഫീസ്, സെസ് അല്ലെങ്കില്‍ ലെവി പിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാത്ത സ്ഥിതിയും ഉണ്ടാകും.

ഒരളവില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പു വരുത്തുന്നതിനും ഇടനിലക്കാരെ നിയന്ത്രിക്കുന്നതിനും എപിഎംസിയിലൂടെ കഴിഞ്ഞിരുന്നു. എന്നാല്‍ എപിഎംസിയുടെ കുത്തക ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ കൂടുതല്‍ ചൂഷണത്തിന് വിധേയരായേക്കാമെന്ന ആശങ്കയും പ്രതിഷേധക്കാര്‍ പങ്കുവെക്കുന്നു.

നിലവില്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ എപിഎംസി വഴിയാണ് താങ്ങുവില നല്‍കി കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ അവസാനിച്ച റാബി സീസണില്‍ പഞ്ചാബില്‍ നിന്നു മാത്രം സര്‍ക്കാര്‍ സംഭരിച്ചത് 50 ലക്ഷം ടണ്‍ ഗോതമ്പാണ്. ക്വിന്റലിന് 1840 രൂപ എന്നയെന്ന മോശമല്ലാത്ത വിലയും കര്‍ഷകര്‍ക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിനും 8.5 ശതമാനം നികുതി ഇതില്‍ നിന്ന് ലഭിച്ചു. ജിഎസ്ടിക്ക് പുറമേ ലഭിക്കുന്ന ഈ നികുതി പഞ്ചാബിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ്.

എപിഎംസിയെ ഒഴിവാക്കിക്കൊണ്ടുള്ള സംഭരണം കര്‍ഷകര്‍ക്ക് ചുരുങ്ങിയ താങ്ങുവില പോലും ലഭ്യമാകാത്ത സാഹചര്യമുണ്ടാക്കുമെന്നാണ് കര്‍ഷകരുടെ ഭയം. താങ്ങുവില ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രിയടക്കം ഉറപ്പു നല്‍കുന്നുണ്ടെങ്കിലും പുതിയ നിയമപ്രകാരം അത് എങ്ങനെ സാധ്യമാകുമെന്ന് പറയുന്നില്ല.

എപിഎംസി താങ്ങുവില നിശ്ചയിച്ച് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നത് കര്‍ഷകരെ സംബന്ധിച്ച് കൂടുതല്‍ ധൈര്യം നല്‍കുന്ന ഘടകമാണ്. താങ്ങുവിലയില്‍ കുറഞ്ഞ തുകയ്ക്ക് പൊതുവിപണിയില്‍ വില്‍ക്കേണ്ടി വരില്ല. രണ്ടു വര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ പരിപ്പിന് മിനിമം താങ്ങുവില നല്‍കി ശേഖരിക്കാന്‍ സര്‍ക്കാര്‍ വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് തടവുശിക്ഷ പ്രഖ്യാപിച്ചിട്ടു പോലും താങ്ങുവില നല്‍കി പരിപ്പ് വാങ്ങാന്‍ വ്യാപാരികള്‍ തയാറായില്ല. താങ്ങുവില നല്‍കി സംഭരിക്കുന്ന സംവിധാനം സര്‍ക്കാര്‍ തലത്തിലല്ലാതെ സാധ്യമാകില്ലെന്നാണ് ഇതിലൂടെ വ്യക്തമായത്.

പ്രൈസ് അഷ്വറന്‍സ് ബില്‍ വിലയുടെ കാര്യത്തില്‍ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോള്‍ തന്നെ വില എങ്ങനെ നിര്‍ണയിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാനുള്ള അവസരമൊരുക്കുമെന്നും അവര്‍ ഭയപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it