'മോശം കാലം കഴിഞ്ഞു, ജിഡിപി വളര്‍ച്ച നാലാംപാദത്തില്‍ പോസിറ്റീവാകും:' ദീപക് പരേഖ്

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ ഏറ്റവും മോശം പിന്നിട്ടുവെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ജിഡിപി വളര്‍ച്ച പോസിറ്റീവ് ആകുമെന്നും എച്ച് ഡി എഫ് സി നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ദീപക് പരേഖ്. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ പ്രമുഖനായ ദീപക് പരേഖ് കാനഡ - ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു.

ഓരോ മാസവും രാജ്യത്തെ പല സൂചികകളും മെച്ചപ്പെട്ടുവരികയാണ്. നികുതി സമാഹരണം കോവിഡിന് മുമ്പുള്ള നിരക്കിന്റെ 88 ശതമാനത്തോളം എത്തിക്കഴിഞ്ഞു. ഇ വെ ബില്‍ കൂടുന്നു. വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നു. ജനങ്ങള്‍ വേഗം കയറി താമസിക്കാന്‍ പറ്റുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ നോക്കുന്നതിനാല്‍ താമസയോഗ്യമായ ഫഌറ്റുകളുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം ഈ വര്‍ഷം റെക്കോര്‍ഡ് നിരക്കിലെത്തും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച പോസിറ്റീവ് ആകുമെന്നും അദ്ദേഹം പറയുന്നു.

''ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആഭ്യന്തര ഉപഭോഗവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. നാം ഉല്‍പ്പാദിപ്പിക്കുന്നത് ഇവിടെ തന്നെ വിറ്റഴിക്കാനുള്ള വിപണിയുണ്ട്. ഡിമാന്റ് വരും മാസങ്ങളില്‍ കൂടും. അതുകൊണ്ട് തന്നെ ഇന്ത്യയുടെ കാര്യത്തില്‍ ശുഭാപ്തിവിശ്വാസമാണ് എനിക്കുള്ളത്,'' ദീപക് പരേഖ് പറയുന്നു.

സമ്പദ് വ്യവസ്ഥയില്‍ ചുരുങ്ങല്‍ പ്രകടമാകുമ്പോഴും ഇന്ത്യന്‍ കമ്പനികള്‍ 31 ബില്യണ്‍ യുഎസ് ഡോളര്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ സമാഹരിച്ചത് വിപണിയിലെ ധനലഭ്യതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it