സ്മാര്‍ട്ട് സിറ്റിക്ക് വിട്ടുകൊടുത്ത ഭൂമി തിരിച്ചെടുക്കാന്‍ കെ.എസ്.ഇ.ബിയും; കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് റെഡ് സിഗ്നല്‍?

കേരളത്തിന്റെ വികസന കുതിപ്പില്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷയില്‍ ആരംഭിച്ചതാണ് കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി പാതിവഴിയില്‍ ഇഴയുമ്പോള്‍ ഒപ്പുവച്ച നേരത്ത് ലക്ഷ്യം വച്ചതെല്ലാം ഇനി നേടാനാകുമോയെന്ന സംശയത്തിലാണ് കേരളം. പൂര്‍ണ തോതില്‍ പൂര്‍ത്തിയാകുമ്പോള്‍ 90,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം.

ലോകത്ത് ഐ.ടി വ്യവസായം വളര്‍ന്നു പന്തലിക്കുന്ന സമയത്തായിരുന്നു ദുബായ് ഹോള്‍ഡിംഗ്‌സ് കമ്പനി ഈ പ്രോജക്ടിന്റെ ഭാഗമാകുന്നത്. യു.എ.ഇയ്ക്ക് പുറത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുകയെന്ന നയത്തിന്റെ ഭാഗമായിട്ടായിരുന്നു കൊച്ചിയിലും യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലും വന്‍ നിക്ഷേപം ദുബായ് ഹോള്‍ഡിംഗ്‌സ് പ്രഖ്യാപിച്ചത്. ഇതേ സമയത്ത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ദുബായ് ഇന്റര്‍നെറ്റ് സിറ്റിയും മാള്‍ട്ട സ്മാര്‍ട്ട് സിറ്റിയും വന്‍വിജയമായി.

എന്നാല്‍ കൊച്ചിയിലെ പദ്ധതി മാത്രം പാതിവഴിയില്‍ കിതച്ചു. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി കരാര്‍ ഒപ്പിടാന്‍ തന്നെ ആറു വര്‍ഷം വേണ്ടിവന്നു. ആദ്യ കെട്ടിടം പൂര്‍ത്തിയാകാന്‍ വേണ്ടിവന്നത് 11 വര്‍ഷമാണ്. ഐ.ടി രംഗം അതിന്റെ വളര്‍ച്ചയുടെ ഉന്നതിയിലേക്ക് എത്തിയതോടെ കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി അത്ര വിജയകരമാകില്ലെന്ന തിരിച്ചറിവും യു.എ.ഇയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയെന്ന ദുബായ് ഹോള്‍ഡിംഗ്‌സിന്റെ നയംമാറ്റവുമാണ് പദ്ധതിയെ പിന്നോട്ടടിച്ചത്.

ഭൂമി തിരിച്ചുപിടിക്കാന്‍ കെ.എസ്.ഇ.ബിയും


സ്മാര്‍ട്ട് സിറ്റിക്കായി കെ.എസ്.ഇ.ബിയുടെ കൈവശമുണ്ടായിരുന്ന 100 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കിയിരുന്നു. ബ്രഹ്‌മപുരം പദ്ധതിക്കായി ബോര്‍ഡ് മാറ്റിവച്ചിരുന്നതായിരുന്നു ഈ ഭൂമി. 2007ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ താല്പര്യമെടുത്തായിരുന്നു ഭൂമി കൈമാറിയത്. അന്ന് സെന്റിന് 55,000 രൂപവച്ച് 55 കോടി രൂപ വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ പണംവാങ്ങാതെ ഭൂമി ഏറ്റെടുത്ത് ടീകോമിന് നല്‍കി.

ഇപ്പോള്‍ പദ്ധതിക്കായി നല്‍കിയ ഭൂമി തിരിച്ചുചോദിക്കാന്‍ കെ.എസ്.ഇ.ബി ഒരുങ്ങുന്നത് ടീകോമിനെ ഒഴിവാക്കി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ജീവന്‍ വയ്പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനും തിരിച്ചടിയാണ്. മൊത്തമുള്ള 246 ഏക്കറില്‍ 100 ഏക്കര്‍ വൈദ്യുത വകുപ്പ് തിരിച്ചെടുത്താല്‍ പദ്ധതി ഇനി മുന്നോട്ടു പോകില്ലെന്ന് ഉറപ്പാണ്. കെ.എസ്.ഇ.ബിയുടെ ഭൂമി തിരിച്ചെടുക്കല്‍ ആവശ്യത്തിന് സി.പി.എമ്മിലെ ഒരുവിഭാഗം അനുകൂലമാണെന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി പറയുന്നത്

സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ നിലവില്‍ പ്രചരിക്കുന്നത് വസ്തുതകളല്ലെന്നും ഊഹാപോഹങ്ങളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെടുന്നത്. വസ്തുത ജനങ്ങളില്‍ നിന്നും മറച്ചു വെച്ച് തെറ്റിദ്ധാരണ പരത്താനാണ് ഒരു കൂട്ടര്‍ ശ്രമിക്കുന്നത്. ഉദ്ദേശിച്ച കാര്യങ്ങള്‍ ഒന്നും നിന്നുപോവില്ല. കേരളത്തിന്റെ ഭാവി ഐടി വികസനത്തിന് ഉതകും വിധത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. അത്തരമൊരു പിന്മാറ്റനയം തയാറാക്കുന്നതിന് ഒരു കമ്മിറ്റി രൂപികരിച്ചിരുന്നു. അവരാണ് അതിന്റെ വിശദാംശങ്ങള്‍ തയാറാക്കേണ്ടത്. ഭാവിയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നതില്‍ കമ്മിറ്റിയുടെ കൂടി നിര്‍ദേശം വന്നതിന് ശേഷം തീരുമാനിക്കും. പഴയ നടത്തിപ്പുകാര്‍ പിന്നോട്ടു പോയാലും പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് കോടികള്‍ ആവശ്യമാണെന്നിരിക്കെ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയണം.
Related Articles
Next Story
Videos
Share it