വിപണിയില്‍ വേറിട്ട് നില്‍ക്കാന്‍ പരീക്ഷിക്കാം ഈ തന്ത്രം!

ആര്‍ട്ടിസനല്‍ ഭക്ഷണം (Artisanal Foods) വിളമ്പുന്ന റസ്റ്റോറന്റുകള്‍ നിങ്ങള്‍ കണ്ടിരിക്കാം. അതായത് വളരെ കുറഞ്ഞ അളവില്‍ അതീവ ശ്രദ്ധയോടെ മികച്ച ഗുണമേന്മയോടെ കൃഷി ചെയ്‌തെടുക്കുന്നവയെയാണ് Artisanal Foods എന്ന് വിളിക്കുന്നത്. ചില വിശിഷ്ടങ്ങളായ ഇടങ്ങളില്‍ പ്രത്യേക പരിസ്ഥിതികളില്‍ കൃഷി ചെയ്യുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ അപൂര്‍വ്വങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് പ്രീമിയം വിലയുമാണ് റസ്റ്റോറന്റുകള്‍ ഈടാക്കുന്നത്.

ബാഗ്രിസ് (Bagrry's) ഓട്‌സ് (Oats) വിപണിയില്‍ ഇറക്കാന്‍ ആലോചിക്കുന്നു. വിപണി ആകെ താറുമാറായി കിടക്കുകയാണ്. ധാരാളം എതിരാളികള്‍, ധാരാളം ഉല്‍പ്പന്നങ്ങള്‍, മത്സരം വളരെ കടുപ്പമേറിയതാണ്. സാധാരണ ഓട്‌സുമായി വിപണിയിലേക്കിറങ്ങിയാല്‍ നിലം തൊടില്ല. അതുകൊണ്ട് അവര്‍ കളി മാറ്റാന്‍ തീരുമാനിച്ചു. വിലകൂടിയ ചില സുഗന്ധവ്യഞ്ജനങ്ങളും (Spices) ഒലിവ് ഓയിലും അവര്‍ തങ്ങളുടെ ഓട്‌സിനൊപ്പം കൂട്ടിച്ചേര്‍ത്തു. സാധാരണ ഓട്‌സിന്റെ വിലയുടെ ഇരട്ടിയാണ് ഈ ഉല്‍പ്പന്നത്തിന്റെ വില. പ്രീമിയം വിലയുമായി വന്ന വ്യത്യസ്തമായ ഈ ഉല്‍പ്പന്നം വിപണിയില്‍ ഹിറ്റായി മാറി.

ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പ്രീമിയം വില നല്‍കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകും. സാധാരണ നിലവാരം പുലര്‍ത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ വില ഈടാക്കുന്ന കൊമോഡറ്റെസേഷന്റെ (Commoditization) നേരെ വിപരീതമാണ് ഈ തന്ത്രം. ഇവിടെ ഉല്‍പ്പന്നത്തിന്റെ മേന്മ (Qulaity) സമാനതകളില്ലാത്തതാണ്. മേന്മയില്‍ അതീവ താല്‍പ്പര്യം പുലര്‍ത്തുന്ന ഉപഭോക്താക്കള്‍ ഉയര്‍ന്ന വില നല്‍കാന്‍ തയ്യാറാകുന്നു. പ്രീമിയമൈസേഷന്‍ (Premiumisation) വിപണിയിലെ മത്സരത്തെ മറികടക്കുവാന്‍ ബിസിനസുകള്‍ക്ക് വഴിയൊരുക്കുന്നു.

Zandu എന്ന ബ്രാന്‍ഡിന്റെ പതിവ് ച്യവനപ്രാശത്തിന്റെ വില 250 രൂപയാണ്. അവരുടെ Sona Chandi ച്യവനപ്രാശത്തിന്റെ വില 340 രൂപയും. പതിവ് ചവനപ്രാശത്തെക്കാള്‍ അല്‍പ്പം കൂടുതല്‍. കാരണം അതില്‍ 32 മില്ലിഗ്രാം സില്‍വര്‍ ഫോയിലും 0.06 മില്ലിഗ്രാം സ്വര്‍ണ്ണവും അടങ്ങിയിരിക്കുന്നു. എന്നാല്‍ അവരുടെ തന്നെ മറ്റൊരു ച്യവനപ്രാശമാണ് Zandu Kesari Jivan അതിന്റെ വില 740 രൂപയാകുന്നു. മറ്റുള്ളവയെക്കാള്‍ ഇരട്ടിയില്‍ കൂടുതല്‍. കാരണമെന്താണെന്നോ അതില്‍ 0.2 ഗ്രാം കുങ്കുമപ്പൂവും (Saffron) 0.1 ഗ്രാം ഏലക്കയും ചേര്‍ത്തിരിക്കുന്നു. സാധാരണ ച്യവനപ്രാശത്തിന്റെ കൂടെ ചില ആകര്‍ഷകങ്ങളായ ചേരുവകള്‍ (Ingredients) കൂട്ടിച്ചേര്‍ത്തപ്പോള്‍ അത് പ്രീമിയം ഉല്‍പ്പന്നമായി മാറി, ഒപ്പം പ്രീമിയം വിലയും.

വിപണിയില്‍ ഒരു പ്രത്യേക ബ്രാന്‍ഡിന്റെ 100000 കാറുകള്‍ക്ക് ഡിമാന്‍ഡ് ഉണ്ടെന്ന് കരുതുക. അവര്‍ 10000 എണ്ണം മാത്രം ഉല്‍പ്പാദിപ്പിക്കുകയും പ്രീമിയം വില ഈടാക്കിക്കൊണ്ട് വിപണിയിലേക്കിറക്കുകയും ചെയ്യുന്നു. ഇവിടെ ഉപഭോക്താവിന്റെ ആവശ്യകതയെ ബുദ്ധിപരമായി ഉപയോഗിച്ചു കൊണ്ട് ഉയര്‍ന്ന വില ചുമത്തുവാന്‍ കമ്പനിക്ക് സാധിക്കുന്നു. പ്രീമിയമൈസേഷന്‍ അവസരങ്ങള്‍ അനുസരിച്ചും നടപ്പില്‍ വരുത്താന്‍ കഴിയുന്നു.

ചില സ്ഥലങ്ങള്‍ (Locations) തന്നെ പ്രീമിയമൈസേഷന് സഹായകരമാകും. ഒരു ആഡംബര (Posh) ലോക്കഷനിലുള്ള ബിസിനസിനോടുള്ള ഉപഭോക്താക്കളുടെ സമീപനം വ്യത്യസ്തമായിരിക്കും. അവിടെ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഗുണമേന്മ അവര്‍ പ്രതീക്ഷിക്കുന്നു. അതിനൊപ്പം തന്നെ പ്രീമിയം വില നല്‍കാനും അവര്‍ തയ്യാറാകുന്നു. അത്തരമൊരു ലോക്കെഷനില്‍ സ്ഥിതിചെയ്യുന്ന ബിസിനസുകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും ഒരു പ്രീമിയം പരിവേഷം ലഭിക്കുന്നു.

പ്രശസ്തനായ ഒരു ഫാഷന്‍ ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ഡ്രസ്സ് ഒരിക്കലും കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്നില്ല. ആ വസ്ത്രത്തിന്റെ മേന്മയ്ക്കും ഡിസൈനും ഉപഭോക്താക്കള്‍ വലിയ മൂല്യം കല്‍പ്പിക്കുന്നു. പ്രീമിയം വില ഈടാക്കാന്‍ ഇത് ആ ഫാഷന്‍ ഡിസൈനറെ സഹായിക്കുന്നു. ഉല്‍പ്പന്നത്തിന്റെ മേന്മ (Quality) ഉയര്‍ത്തുക അതിനൊപ്പം വിലയും. നിങ്ങളുടെ ഉല്‍പ്പന്നം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാവട്ടെ.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it