ഉപഭോക്താവിന് വിലക്കുറവ് നല്‍കാം, കച്ചവടം കൂട്ടാം, ഈ തന്ത്രം പരീക്ഷിക്കാം!

നിങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ന്യൂസ്ഫീഡുകള്‍ നോക്കുകയാണ്. അപ്പോഴതാ ഒരു പരസ്യം നിങ്ങളുടെ കണ്ണിലുടക്കുന്നു. അലന്‍ സോളിയുടെ (Allen Solly) വളരെ മനോഹരമായ ഒരു ജാക്കറ്റ് ആകര്‍ഷകമായ വിലയില്‍ ലഭിക്കുമെന്ന പരസ്യം. ആ വില നിങ്ങള്‍ക്ക് വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല. ഇത്ര നല്ലൊരു ബ്രാന്‍ഡിന്റെ വസ്ത്രം മറ്റൊരിടത്തും കിട്ടാത്ത വിലയില്‍ ഓണ്‍ലൈനിലൂടെ നേരിട്ട് ഓര്‍ഡര്‍ ചെയ്യാം. നിങ്ങള്‍ ആ ഓഫര്‍ നഷ്ടപ്പെടുത്തുന്നില്ല. ഉടന്‍ തന്നെ പണം നല്‍കി ആ ഓഫര്‍ സ്വീകരിക്കുന്നു.

സോഷ്യല്‍ മീഡിയകളില്‍ ഇത്തരം പരസ്യങ്ങളും ഓഫറുകളും ഇപ്പോള്‍ തുടര്‍ച്ചയായി നിങ്ങള്‍ക്ക് കാണാം. പ്രമുഖ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ്. പലപ്പോഴും അവിശ്വസനീയമായ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നു. സാധാരണ ഷോറൂമുകളില്‍ പോയി വാങ്ങിക്കൊണ്ടിരുന്ന ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ വിരല്‍ത്തുമ്പുകളില്‍ എത്തിയിരിക്കുന്നു. ഒരിടത്തും പോകേണ്ട. എവിടെയിരുന്നും ഓര്‍ഡര്‍ ചെയ്യാം. ഓഫറുകള്‍ നോക്കി ബുദ്ധിപരമായി വാങ്ങിച്ചാല്‍ കാശും ലാഭം.

ടെക്‌നോളജി ബിസിനസുകളെ അടിമുടി മാറ്റിമറിച്ചിരിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാന്‍ ഇടനിലക്കാരെ ആശ്രയിക്കേണ്ട കാലഘട്ടത്തിന് മാറ്റം വന്നിരിക്കുന്നു. ഉല്‍പ്പാദകന് നേരിട്ട് തന്റെ ഉല്‍പ്പന്നങ്ങള്‍ കസ്റ്റമേഴ്‌സിന് വില്‍ക്കാം. ഉല്‍പ്പാദകനും കസ്റ്റമര്‍ക്കും ഇടയില്‍ മറ്റാരുമില്ല. ഇത്തരം നേരിട്ടുള്ള വില്‍പ്പനയില്‍ (Direct Selling) ഇടനിലക്കാരുടെ കമ്മീഷനുകള്‍ ഒഴിവാക്കുവാന്‍ ഉല്‍പ്പാദകന് സാധിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുവാന്‍ ഇതിലൂടെ അവര്‍ക്ക് കഴിയുന്നു.

നിങ്ങള്‍ രാവിലെ വീട്ടില്‍ പത്രവും വായിച്ച് ഇരിക്കുകയാണ്. അപ്പോളതാ ഒരു പെണ്‍കുട്ടി ഗേറ്റ് കടന്നുവരുന്നു. അവളുടെ കയ്യിലെ ബാഗില്‍ പലവിധ ഉല്‍പ്പന്നങ്ങള്‍. അവ അവള്‍ നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നു. ചടുലതയോടെ, വാക്ചാതുരിയോടെ അവള്‍ നിങ്ങളെ കയ്യിലെടുക്കുന്നു. നിങ്ങള്‍ അവളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു. നിങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു നല്ല ഡീല്‍ ആണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. കടയില്‍പ്പോയി വാങ്ങുന്നതിനെക്കാള്‍ ലാഭം അതിനുണ്ടെന്ന് കരുതുന്നതിനാല്‍ നിങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്നു.

ഉല്‍പ്പാദകന്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഹോള്‍സെയിലര്‍ക്കോ ഡിസ്ട്രിബ്യൂട്ടര്‍ക്കോ വില്‍ക്കുന്നില്ല. അവര്‍ ഉല്‍പ്പന്നങ്ങള്‍ ഡയറക്ട് സെല്ലിംഗ് എക്‌സിക്യൂട്ടീവുകള്‍ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ഇത്തരമൊരു ബിസിനസ് തന്ത്രം വഴി ഇടനിലക്കാരെ ഒഴിവാക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നു. വില്‍പ്പന ചാനലില്‍ (Sales Channel) കൂടുതല്‍ നിയന്ത്രണം കൈവരിക്കാന്‍ ഇത് അവരെ സഹായിക്കുന്നു.

ഉപഭോക്താക്കളും കമ്പനിയും തമ്മില്‍ നേരിട്ടാണ് സംവേദനം (Communication). ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള കൃത്യമായ അഭിപ്രായങ്ങള്‍ കമ്പനിക്ക് ലഭിക്കുന്നു. ഇത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിരന്തരം മെച്ചപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കുന്നു. ഇടനിലക്കാരുള്ള വില്‍പ്പന ചാനലില്‍ ഉല്‍പ്പാദകനും ഉപഭോക്താവും തമ്മില്‍ നേരിട്ടുള്ള സംവേദനം സാധ്യമാകുന്നില്ല. എന്നാല്‍ ഡയറക്ട് സെല്ലിംഗ് (Direct Selling) ഇത് സാധ്യമാക്കുന്നു.

ഡയറക്ട് സെല്ലിംഗില്‍ കമ്പനിയുടെ ലാഭവും കൂടുതലാണ്. ഇടനിലക്കാരുടെ കമ്മീഷന്‍ ഒഴിവാകുന്നതോട് കൂടി ലാഭം വര്‍ദ്ധിപ്പിക്കുവാന്‍ കമ്പനിക്ക് കഴിയുന്നു. കൂടുതല്‍ മികച്ച ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുവാനും ഇതുമൂലം അവര്‍ക്ക് സാധിക്കുന്നു. സിംഗിള്‍ ലെവല്‍ ഡയറക്ട് സെല്ലിംഗ് ഉല്‍പ്പാദകനും ഉപഭോക്താവിനും ഗുണകരമായി മാറുന്നു.

ഇടനിലക്കാരെ ഒഴിവാക്കി ലാഭകരമായി ഉല്‍പ്പന്നങ്ങള്‍ എങ്ങിനെ ഉപഭോക്താക്കളിലേക്ക് എത്തിക്കും എന്ന കണ്‍ഫ്യൂഷന്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഡയറക്ട് സെല്ലിംഗ് (Direct Selling) നല്ലൊരു തന്ത്രമാണ്. ഇന്റര്‍നെറ്റ് നിങ്ങളുടെ ഉല്‍പ്പന്നങ്ങള് ഓരോ ഉപഭാക്താവിന്റേയും അടുത്തെത്തിക്കും. നിങ്ങളുടെ വെബ്‌സൈറ്റിലൂടെ, സോഷ്യല്‍ മീഡിയയിലൂടെ ഉല്‍പ്പന്നങ്ങള് പ്രോമോട്ട് ചെയ്യാം, വില്‍ക്കാം. നേരിട്ട് ഉപഭോക്താവിലേക്ക് എത്താനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് ഡയറക്ട് സെല്ലിംഗ് (Direct Selling).


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it